വാഷിങ്ടന്‍ : ലോക ബാങ്ക് ചൈനയ്ക്ക്് പണം കടം കൊടുക്കുന്നതിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്തിനാണ് ചൈനയ്ക്ക് ലോക ബാങ്ക് പണം കടംകൊടുക്കുന്നത്? ചൈന സമ്പന്ന രാജ്യമാണ്. പണമില്ലെങ്കില്‍ അവര്‍ സ്വയം കണ്ടെത്തണം – ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
ട്രംപിനു കീഴില്‍ യുഎസ് ട്രഷറി വകുപ്പ് സെക്രട്ടറിയായിരുന്ന ഡേവിഡ് മല്‍പാസ് ലോക ബാങ്ക് തലവന്‍ ആയിരിക്കെയാണ് പ്രസിഡന്റിന്റെ വിമര്‍ശനമെന്നത് ശ്രദ്ധേയമാണ്. ഇപ്പോള്‍ ട്രഷറി സെക്രട്ടറി സ്ഥാനം വഹിക്കുന്ന സ്റ്റീവന്‍ മ്യുചിനും ട്രംപിനു പിന്തുണയുമായെത്തി. ചൈനയിലെ വിവിധ പദ്ധതികള്‍ക്ക് ലോക ബാങ്ക് വായ്പ അനുവദിക്കുന്നത് യുഎസ് എതിര്‍ക്കുമെന്നു ജനപ്രതിനിധി സഭയുടെ യോഗത്തില്‍ സ്റ്റീവന്‍ മ്യൂചിന്‍ പറഞ്ഞു.
വ്യാഴാഴ്ചയാണ് വിവിധ പദ്ധതികള്‍ക്കായി 2025 വരെ ചൈനയ്ക്ക് എല്ലാ വര്‍ഷവും 100 കോടി ഡോളര്‍ മുതല്‍ 150 കോടി ഡോളര്‍ വരെ കുറഞ്ഞ പലിശ നിരക്കില്‍ നല്‍കുമെന്നു ലോക ബാങ്ക് അറിയിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ ചൈനയ്ക്ക് ശരാശരി 180 കോടി ഡോളറിന്റെ സാമ്പത്തിക സഹായമാണ് ലോക ബാങ്ക് നല്‍കിയിരുന്നത്. 2017ല്‍ 240 കോടി ഡോളറും 2019ല്‍ 130 കോടി ഡോളറും വായ്പ നല്‍കി.
Post Your Comments