അഞ്ജു പാര്‍വതി പ്രഭീഷ്
അഭയം നല്കേണ്ട കാക്കിക്കുപ്പായങ്ങൾ വേട്ടക്കാർക്കൊപ്പം നിന്നുക്കൊണ്ട് നീതിനിഷേധങ്ങളുടെ പകൽപ്പൂരമൊരുക്കുന്ന നാട്ടിലെ ഒരുവൾക്ക് ,തൂങ്ങിയാടിയ രണ്ടു പിഞ്ചുമേനികൾക്ക് നീതിനിഷേധിക്കപ്പെട്ട കാഴ്ച കണ്ട് ഹൃദയം നുറുങ്ങിയ ഒരുവൾക്ക് തെലുങ്കാനയെന്ന പേരിനോടും ഹൈന്ദരാബാദ് എന്ന നഗരത്തിനോടും കെ സി ആർ എന്ന ചുരുക്കെഴുത്തിനോടും തോന്നുന്ന വികാരവായ്പ്പിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്? ബേട്ടി ബചാവോയെന്നാൽ അത് വെറുമൊരു പരസ്യവാചകമല്ലെന്ന് വെടിയേറ്റു വീണ നാലു ശവശരീരങ്ങൾ കൊണ്ട് തെളിയിച്ച ആ പോലീസ് ഓഫീസറല്ലേ യഥാർത്ഥ അഭിനവ അമരേന്ദ്ര ബാഹുബലി!
ഓടുന്ന ട്രെയിനിൽ നിന്നും പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ അശരണയായ ഒരുവളെ തള്ളിയിട്ട് കൊന്ന നരാധമൻ ചിക്കൻ ബിരിയാണിയും മട്ടനുമൊക്കെ മൂക്കുമുട്ടെ തിന്ന് ആളൂർവക്കീലിന്റെ നിയമസഹായവുമൊക്കെയായി നീതിന്യായവ്യവസ്ഥിതിയെ നോക്കി പല്ലിളിക്കുന്ന ഈ നാട്ടിലെ പെണ്ണുങ്ങളിൽ ചിലർക്കെങ്കിലും വെള്ളിവെളിച്ചത്തിലെ അമരേന്ദ്രബാഹുബലിയായിരുന്നു ഇന്നലെ വരെ സൂപ്പർ ഹീറോയെങ്കിൽ ഇന്നുമുതൽ അതുമാറി സജനാർ എന്ന പോലീസ് ഓഫീസറാണ് .കാരണം അയാൾ ഹീറോയിസം കാണിച്ചത് അഭ്രപാളികൾക്കുള്ളിൽ നിന്നായിരുന്നില്ല.പെണ്ണിന്റെ ശരീരത്തിൽ കൈവച്ചാൽ വെട്ടേണ്ടത് അവന്റെ വിരലുകളല്ല,മറിച്ച് തലയാണെന്ന മാസ് ഡയലോഗിനൊപ്പം ഉരുണ്ടുവീണ തല കണ്ട് ഇന്നാട്ടിലെ ഓരോ പെണ്ണുടൽ ത്രസിച്ചതും കൈയ്യടിച്ചതും അവളുടെ ഉള്ളിലുണ്ടായിരുന്ന പ്രതിഷേധത്തിന്റെ കനലുകളിൽ ഒരു തരിയെങ്കിലും കെടാതെ ബാക്കിയുള്ളതിനാലായിരുന്നു.വേട്ടക്കാർ തങ്ങളുടെ മാംസദാഹം തീർക്കാൻ പിച്ചിച്ചീന്തി എന്നന്നേയ്ക്കുമായി ഉറക്കിയ എത്രയോ പെൺകിടാങ്ങളുടെ നിലവിളി ശബ്ദങ്ങൾ അസ്വസ്ഥതയുടെ ദിനരാത്രങ്ങൾ ഇന്നാട്ടിലെ ജീവിച്ചിരിക്കുന്ന പെണ്ണുടലുകൾക്ക് സമ്മാനിച്ചിരിക്കുന്നു.
അന്ന് സൂര്യനെല്ലിയിലെ പെണ്‍പൂവ് നാല്‍പത്തിയൊന്നു ദിവസത്തെ ദുരിതപര്‍വ്വവും താണ്ടി ജീവിച്ചിരിക്കുന്ന മൃതശരീരമായി നമുക്ക് അരികില്‍ വന്നപ്പോള്‍ അവളെ പതിതയായി കണ്ടു അകറ്റിനിറുത്താന്‍ ശ്രമിച്ചിരുന്നു ഞാനടങ്ങുന്ന പൊതുസമൂഹം.
പതിനാലുവയസ്സിന്റെ ആ ചാപല്യത്തെ,പുഴുക്കുത്തേറ്റ ആ പൂവിനെ, കാമത്തിന് വശംവദയായ ഒരുവളായി ചിത്രീകരിക്കാന്‍ നീതിപീഠവും തയ്യാറായി.സ്മാര്‍ത്തവിചാരണയ്ക്കിടെ വന്ന ചില പേരുകള്‍ മായ്ക്കാന്‍ മത്സരിച്ച ഭരണവര്‍ഗ്ഗം അവളെ സമൂഹത്തിനു മുന്നില്‍ ഭ്രഷ്ടയാക്കി.രാഷ്ട്രീയത്തിലെ ആ അതികായന്റെ പേര് അവള്‍ ഉറക്കെ വിളിച്ചുപറഞ്ഞപ്പോള്‍ അധികാരവര്‍ഗ്ഗം അവളെ വെറുമൊരു തേവിടിശ്ശിയാക്കി അവരോധിച്ചു.
ന്യായാധിപനെ വരെ പണക്കെട്ടിൽ തൂക്കിയെടുത്തു പെണ്ണരകള്‍ തേടി നടക്കുന്ന രാഷ്ട്രീയക്കോമരങ്ങളുടെ നാട്ടില്‍ അവളുടെ വാക്കിനു വിലയില്ലാതെയായി..ഇന്നും മുഖമില്ലാത്തവളായി അവള്‍ നമുക്കൊപ്പം ജീവിക്കുന്നു.പിന്നെയും വന്നു നമുക്ക് മുന്നില്‍ മുഖമില്ലാത്ത നിരവധിപേര്‍.അവരെയൊക്കെയും നമ്മള്‍ വിതുര,കോതമംഗലം,പറവൂര്‍ പെണ്‍കുട്ടികള്‍ എന്ന് വിളിച്ചു,അവരുടെ പീഡനപര്‍വങ്ങളുടെ കഥകള്‍ നമുക്ക് വൈകുന്നേരങ്ങളിലെ രസമുള്ള സംസാരവിഷയമായി.സായാഹ്നപത്രങ്ങള്‍ ചൂടോടെ വിളമ്പിയ മാദകരസക്കൂട്ടുകള്‍ ചായക്കടകളിലെ ആവിപ്പറക്കുന്ന ചായയ്ക്കൊപ്പം മൊത്തിക്കുടിക്കുന്ന രസമായി മാറി.
പിന്നെ നമ്മള്‍ കണ്ടത് ചതിയുടെ തീക്കാറ്റില്‍പെട്ട് വെന്തുരുകി ചിറകറ്റുപോയൊരു കണ്ണുനീരിന്റെ നനവുള്ള ശലഭത്തെ .ആ ശലഭത്തെ നമ്മള്‍ വിളിച്ചത് കിളിരൂരിലെ ശാരിയെന്നായിരുന്നു..രാഷ്ട്രീയമേലാളന്മാരുടെ ഇടപെടലുകള്‍ക്കൊടുവില്‍ അവളിലെ അണുബാധ മരണക്കാരണമായി മാറിയപ്പോള്‍ അനാഥമായത് ചോരമണക്കുന്ന ഒരു കുഞ്ഞുപൂവ്..രണ്ടായിരത്തിയാറിലെ തെരഞ്ഞെടുപ്പ് വേളയിലെ ഏറ്റവും മൂല്യമുള്ള തുറുപ്പുചീട്ടായിരുന്നു ശാരി.നമ്മുടെ ജനകീയ സമരനായകന്‍ ശാരിയുടെ ഘാതകരായ വി വി ഐ പി കളെ പൊതു സമൂഹത്തിനുമുന്നില്‍ തുറന്നുകാട്ടുമെന്നു പറഞ്ഞു നാടുനീളെ ജനവികാരം ഇളക്കി മറിച്ചുകൊണ്ട് ജനവിധി നേടിയപ്പോള്‍ ഒരു വേള നമ്മളും സ്വപ്നം കണ്ടു പൊതുസമൂഹത്തിലൂടെ കയ്യാമം വയ്ക്കപ്പെട്ടു വിചാരണ ചെയ്യപ്പെടുന്ന ഘാതകരെ .ഒക്കെയും ഒരു മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി അവശേഷിച്ചു..പക്ഷെ, അധികാരത്തിലെത്തിക്കഴിഞ്ഞപ്പോള്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കാനും ഇരകളെ തള്ളിപ്പറയാനുമാണ് അദ്ദേഹം അടക്കമുള്ളവര്‍ ശ്രമിച്ചത്..എന്നാല്‍, അധികാരമേറ്റതോടെ വാഗ്ദാനങ്ങളെല്ലാം മറന്ന് ഭരണസുഖത്തിന്റെ “വേലിക്കകത്ത്” മൗനിബാബയായി മാറിയ ആ സഖാവിനെ കണ്ടതാണല്ലോ പ്രബുദ്ധകേരളം. ശാരി തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോഴുണ്ടായ വിഐപി സന്ദര്‍ശനത്തെ മറക്കാനും നമുക്ക് എളുപ്പം കഴിഞ്ഞു ..അന്നും നമ്മള്‍ കുറ്റപ്പെടുത്തിയത് ചങ്ങലയ്ക്കുള്ളില്‍ മകളെ വളര്‍ത്താന്‍ മറന്നുപോയ ആ അച്ഛനമ്മമാരെയായിരുന്നു..അന്നും നമ്മള്‍ ആശ്വസിച്ചതു നമ്മുടെ മകളും പെങ്ങളും സിനിമാഭിനയം തലയ്ക്കു പിടിച്ചുകൊണ്ടു കുഴിയില്‍ ചാടില്ലെന്ന വിശ്വാസത്തിലായിരുന്നു..
കിളിരൂറിലെ ശാരിക്കൊപ്പം സെക്സുറാക്കറ്റില്‍ കുടുങ്ങി ജീവന്‍ ഹോമിക്കേണ്ടി വന്ന ഒരു പൂമ്പാറ്റയായിരുന്നു കവിയൂരിലെ അനഘ.കിളിരൂറിലെ ശാരി ഉള്‍പ്പെട്ട പെണ്‍വാണിഭക്കേസിലെ ഇരകളികളിലൊരാളായിരുന്നു നര്‍ത്തകിയായ പതിമൂന്നുകാരി. അനഘ.ലതാ എസ്. നായര്‍ എന്ന വിഐപി പിമ്പ് പതിമൂന്ന് കാരിയായ അനഘയെ കേരളത്തിലെ മാന്യന്മാരെന്ന് അവകാശപ്പെടുന്ന പലര്‍ക്കും കാഴ്ചവെച്ചിരുന്നു. ശാരിയുടെ മരണത്തോടെ കിളിരൂര്‍, കവിയൂര്‍ പെണ്‍വാണിഭം പുറത്തായതോടെ അഭിമാനക്ഷതം മൂലമാണ് നാരായണന്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യചെയ്തത്.അത് പോലീസ് ഭാഷ്യം..ഇന്നും അത് സത്യത്തിനു നിരക്കാത്ത ഒരു ഭാഷ്യം മാത്രം..അനഘ പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന് ആദ്യമായി പ്രഖ്യാപിച്ചതും പി.കെ ശ്രീമതിയായിരുന്നു എന്നോര്‍ക്കണം. കിളിരൂര്‍, കവിയൂര്‍ പെണ്‍വാണിഭ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ് കോട്ടയം കളക്ട്രേറ്റ് പിക്കറ്റ് ചെയ്ത അന്നാണ് പ്രതികള്‍ക്ക് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പി.കെശ്രീമതിയുടെ പ്രഖ്യാപനമുണ്ടായത്.എന്നാല്‍ പോസ്റ്റ്മോര്‌ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു അനഘയെന്ന പതിമൂന്നുകാരിക്ക് ലൈംഗികമായി പീഡനമേറ്റിരുന്നുവെന്ന സത്യം .ലതാനായര്‍ എന്ന കുലടയെ മറന്നതിനൊപ്പം നമ്മള്‍ അനഘയെയും അവളുടെ കുടുംബത്തെയും മറന്നു.
.
പിന്നെ നമുക്ക് മുന്നില്‍ മെഴുകുതിരിനാളം പോലെ വന്നത് സൗമ്യയായിരുന്നു..ട്രെയിനിനുള്ളില്‍ പെണ്‍കുട്ടി പീഡനമേറ്റ് നിലവിളിച്ചപ്പോള്‍ ആ നിലവിളി കേള്‍ക്കാനുണ്ടായിരുന്നത് പാളങ്ങള്‍ മാത്രം.സൗമ്യയുടെ അമ്മ തുണിയില്‍ പൊടിഞ്ഞ മകളുടെ മൃതദേഹം കെട്ടിപിടിച്ചു കരയുന്നത് നമ്മളും ചാനലില്‍ കണ്ടു കൂടെക്കരഞ്ഞു . ഇനി ഒരു അമ്മയ്ക്കും ഈ ഗതി വരരുതേയെന്നും ഇനി ഒരു പെണ്‍കുട്ടിയെയും ആ ഭീകരമായ ഒറ്റകൈ ഞെരിച്ചു കൊല്ലരുതേ എന്നും പ്രാര്‍ഥിച്ചു..പക്ഷേ ആ കരച്ചിലിനും രോഷപ്രകടനങ്ങള്‍ക്കും ഒരു നീര്‍ക്കുമിളയുടെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ. ഇന്ത്യയില്‍ തന്നെ കൊടുംക്രൂരന്മാര്‍, ബലാത്സംഗവീരന്മാര്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട അനേകം പേരെ പുഷ്പം പോലെ അഴിക്കുപുറത്തു കൊണ്ടുവന്നിട്ടുള്ള , ക്രൂരബലാത്സംഗ കേസ്കളുടെ സ്പെഷ്യലിസ്റ്റ് ആയ ഒരു വക്കീല്‍ ഗോവിന്ദചാമിയെന്ന ഒറ്റക്കയ്യന്‍ യാചകനുവേണ്ടി മുംബെയില്‍ നിന്ന് പറന്നിറങ്ങുന്നുവെന്നറിഞ്ഞപ്പോള്‍ നമ്മള്‍ കണ്ണുകളും ചെവികളും കൊട്ടിയടച്ചു …സൗമ്യയെ നിഷ്ക്കരുണം നുള്ളിക്കളഞ്ഞ ആ ഒറ്റക്കയ്യന്‍ ബിരിയാണി കഴിച്ചു സുന്ദരനായി നമ്മളെ നോക്കി പല്ലിളിച്ചുകാട്ടിയിട്ട് പോലും നമ്മള്‍ ഉണര്‍ന്നില്ല.അവന്റെ തൂക്കുകയര്‍ മനുഷ്യാവകാശലംഘനമായപ്പോള്‍ ഒരു പെണ്‍കുട്ടിക്ക് നഷ്ടമായത് വിടരും മുമ്പേ കൊഴിഞ്ഞ ജീവിതമായിരുന്നു.
അടച്ചിട്ട കതകിനു പോലും സുരക്ഷ നല്‍കാന്‍ കഴിയാത്തവിധം കൊലയാളികള്‍ അടുത്തെത്തിയെന്ന യാഥാര്‍ത്ഥ്യം പെരുമ്പാവൂരിലെ ആ നാലുചുമരുകള്‍ ക്കുള്ളില്‍ കുരുങ്ങിയ നിലവിളിയില്‍ നിന്നും വാളയാറിലെ തൂങ്ങിയാടിയ പിഞ്ചു ശരീരങ്ങള്‍ നമ്മള്‍ക്ക് കാട്ടിയിട്ടും ഇവിടെ നമുക്ക് എന്ത് ചെയ്യാന്‍ കഴിഞ്ഞു ?? ആളൂരിനെ പോലുള്ള വക്കീലന്മാര്‍ ഉള്ളപ്പോള്‍ നോട്ടുകെട്ടുകളുടെ ബലത്തില്‍ ഏതൊരു പെണ്ണിന്റെയും മടിക്കുത്ത് അഴിക്കാന്‍ തന്റേടം കാട്ടുന്ന പരനാറികള്‍ക്ക് നീതിപീഠം ശിക്ഷ നല്‍കുമെന്ന് വിശ്വസിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ കഴിയുന്നില്ല.ആ ബോധ്യത്താലാണ് ഇന്നലെ വരെ ഓരോ മലയാളിപെണ്ണും അഭ്രപാളികളിൽ പെണ്ണിനു നീതി നടപ്പാക്കുന്ന വെള്ളിവെളിച്ചത്തിലെനായകന്മാർക്കായി കൈയ്യടിച്ചത്. ജിഷയുടെയും സൌമ്യയുടെയും ദാരുണ കൊലപാതകവും ആളൂര്‍ വക്കീലിന്റെ ഇടപെടലും പിന്നീടു നടന്ന പീഡന പര്‍വ്വങ്ങളും വാളയാറിലെ പിഞ്ചു കുഞ്ഞുങ്ങളുടെ തൂങ്ങിയാടിയ ഇളം മേനികളും പോലീസിന്റെ കൃത്യ വിലോപവും ഒക്കെ അടിവരയിടുന്നുണ്ട് ഹൈദരാബാദ് മാത്രമാണ് ശരിയെന്ന്.ഈ പോലീസ് ഓഫീസറാണ് യഥാർത്ഥ അഭിനവ അമരേന്ദ്ര ബാഹുബലിയെന്ന്! കെ സി ആർ എന്ന ഭരണാധികാരിയാണ് യഥാർത്ഥ ഇരട്ടചങ്കനെന്ന്! ജീവിക്കാനുള്ള ഒരുവളുടെ അവകാശത്തെ നൈമിഷികസുഖത്തിനു വേണ്ടി കത്തിച്ചുചാമ്പലാക്കിയ നാലവന്മാരെ വിചാരണ ചെയ്ത് തീറ്റിപ്പോറ്റാതെ കാലപുരിക്കയച്ച ആ എൻകൗണ്ടറാണ് യഥാർത്ഥ നവോത്ഥാനം! ഇവിടെയാണ് മതിലുകെട്ടാതെ തുല്യതാവാദം യഥാർത്ഥരൂപത്തിൽ നടപ്പിലാക്കിയത്.ഇരയെ ഇല്ലാതാക്കിയ അതേ സ്പോട്ടിൽ വച്ച് നീതി നടപ്പാക്കിയ 916 തുല്യനീതി.
Post Your Comments