പത്തനംതിട്ട: മുന്‍കരുതലിന്റെ ഭാഗമായി ശബരിമല സന്നിധാനത്ത് വെള്ളിയാഴ്ച രാത്രി നടയടക്കുംവരെ സുരക്ഷാ ക്രമീകരണം നിലവില്‍വന്നതായി സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ ഡോ. എ. ശ്രീനിവാസ് അറിയിച്ചു. ദേവസ്വം ആചാരങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധമായിരിക്കും നിയന്ത്രണം നടത്തുന്നത്. വി.വി.ഐ.പി ദര്‍ശനം നിരുത്സാഹപ്പെടുത്തുമെന്നും ആചാരങ്ങള്‍ക്കും സുരക്ഷയ്ക്കും ഭംഗമല്ലാത്ത രീതിയില്‍ തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് സൗകര്യം ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു. ഡിസംബര്‍ ആറിന് ഒരു ദിവസത്തേക്ക് പതിനെട്ടാംപടി കയറി സോപാനത്ത് ഇടതുവശത്ത് നെയ്ത്തേങ്ങ ഉടയ്ക്കുന്നതിന് അനുവദിക്കില്ല. അതേസമയം മാളികപ്പുറത്തേക്ക് പോകുന്ന വഴിയില്‍ നെയ്ത്തോണിയില്‍ നെയ്ത്തേങ്ങ ഉടയ്ക്കാൻ അനുവാദമുണ്ട്.
സന്നിധാനത്ത് ഹൈപോയിന്റ് ബൈനോക്കുലര്‍ മോണിറ്ററിംഗ് ഉണ്ടാവും. ആകാശ നിരീക്ഷണം നടത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി നട അടച്ച ശേഷം സോപാനത്ത് കര്‍ശനമായി ബോംബ് സ്‌ക്വാഡ് പരിശോധന നടത്തും. സന്നിധാനത്ത് വെള്ളം സംഭരിച്ച എല്ലാ സ്ഥലങ്ങളിലും പോലീസിനെ വിന്യസിക്കും. എല്ലായിടത്തും ഫയര്‍ഫോഴ്സിന്റെയും ബോംബ് സ്‌ക്വാഡിന്റെയും പ്രത്യേക പരിശോധന ഉണ്ടായിരിക്കും.
സന്നിധാനത്ത് എല്ലാ വകുപ്പുകളുടെയും സേവനത്തിന് മതിയായ ജീവനക്കാര്‍ ഉണ്ടെന്ന് ഉറപ്പാക്കും. എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം. ട്രാക്ടറുകള്‍ പമ്പയില്‍ പരിശോധിക്കുന്നത് തുടരും. ഇതിന് പുറമെ വ്യാഴാഴ്ച ഉച്ച മുതല്‍ മരക്കൂട്ടത്ത് ട്രാക്ടറുകള്‍ രണ്ടാമതും പരിശോധിക്കുമെന്നും അറിയിച്ചു.
Post Your Comments