Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

‘വേഷമായാലും ആക്ഷനായാലും നമ്മുടെ നാടിനും സംസ്‌കാരത്തിനും ചേര്‍ന്നതാവണം.’ വിവാഹ ഫോട്ടോഗ്രഫിയെ കുറിച്ച് മുരളിതുമ്മാരുകുടി

വിവാഹ വീഡിയോ-ഫോട്ടോ ഷൂട്ടിംഗ് അതിരുകള്‍ ലംഘിക്കുന്നുണ്ടെന്നാണ് ചിലരുടെ വാദം. സേവ് ദി ഡേറ്റ്, പ്രീ വെഡ്ഡിങ് ഷൂട്ട്, പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് എന്നിങ്ങനെ തരംതിരിച്ച് മൂന്നോ നാലോ ഘട്ടങ്ങളിലായാണ് ഇന്നത്തെ വിവാഹ ഫോട്ടോഗ്രഫി. സോഷ്യല്‍മീഡിയയില്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നുണ്ട്. പുറത്തുവരുന്ന പലഫോട്ടോകളുമാണ് ചര്‍ച്ചയത്ത് ആസ്പദമായിരിക്കുന്നത്. വിഷയത്തില്‍ പ്രതികരിച്ച് മുരളിതുമ്മാരുകുടിയും രംഗത്തെത്തിയിട്ടുണ്ട്.

കുറിപ്പ് ഇങ്ങനെ

സംസ്‌ക്കാരത്തിന് ചേർന്ന ചിത്രം എടുക്കുന്പോൾ…

പാരീസിൽ എപ്പോൾ പോയാലും കാണുന്ന ഒരു കാഴ്ചയാണ് ഈഫൽ ടവറിന് ചുറ്റിലും ഫോട്ടോ എടുക്കാനായി വിവാഹ വേഷത്തിലെത്തുന്ന ദമ്പതികൾ. ഫ്രഞ്ചുകാർ മാത്രമല്ല ഇംഗ്ലണ്ടിൽ നിന്നും പഞ്ചാബിൽ നിന്നും കൊറിയയിൽ നിന്നും ജപ്പാനിൽ നിന്നും ഫിജിയിൽ നിന്നും ഒക്കെ ഇങ്ങനെ ആളുകൾ വരുന്നത് ഞാൻ കണ്ടിട്ടുണ്ട്.

കേരളത്തിൽ വിവാഹ ഫോട്ടോഗ്രാഫിയിൽ ഉണ്ടാകുന്ന കുതിച്ചുചാട്ടത്തെ പറ്റി മനോരമയിലെ ലേഖനം വായിച്ചപ്പോൾ ആണ് ഇക്കാര്യം ഓർത്തത്. കുളത്തിൽ ചെന്പിനകത്തിരിക്കുന്നത് മുതൽ കായലിൽ വള്ളത്തിൽ നിന്നും വെള്ളത്തിൽ വീഴുന്നത് വരെയുള്ള ചിത്രങ്ങൾ കണ്ടിട്ടുണ്ട്. ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു..! ഹൈലൈറ്റ് ആയി ഒരു കാര്യം പറഞ്ഞിട്ടുണ്ട്, ‘വേഷമായാലും ആക്‌ഷനായാലും നമ്മുടെ നാടിനും സംസ്കാരത്തിനും ചേർന്നതാവണം.’ ബെസ്റ്റ് !! എന്ത് സംസ്കാരം ആണെന്ന് എനിക്കങ്ങോട്ട്….

വസ്ത്രത്തിന്റെ കാര്യം ആണെങ്കിൽ അരക്കുമീതെ ആണും പെണ്ണും വസ്ത്രം ഉപയോഗിച്ച് തുടങ്ങിയിട്ട് ഏറെക്കാലം ആയിട്ടില്ല. ശരിക്കുള്ള നമ്മുടെ സാംസ്‌ക്കാരിക പാരന്പര്യത്തിലേക്ക് പോയാൽ വിവാഹ വിഡിയോയ്ക്ക് ഒടുക്കത്തെ ഡിമാൻഡ് ആകും, വ്യൂസും കൂടും.

ഇനി ഫോട്ടോഗ്രാഫിയുടെ പാരന്പര്യം ആണെങ്കിൽ, ആദ്യം ഫോട്ടോഗ്രാഫി ഉപയോഗിച്ച് തുടങ്ങിയത് കല്യാണത്തിനല്ല ശവമടക്കിനാണ് എന്നാണ് ഞാൻ വായിച്ചിട്ടുള്ളതും അച്ഛൻ പറഞ്ഞു തന്നിട്ടുള്ളതും. അതിൽ അതിശയമില്ല. മരിച്ചു പോയ ആളെ ആണല്ലോ പിന്നീട് നമുക്ക് കാണാൻ കിട്ടാത്തത്, അതുകൊണ്ട് തന്നെ അവരുടെ ഒരു ചിത്രം എടുത്തുവയ്ക്കണം എന്ന് തോന്നുന്നത് ന്യായം. കല്യാണം കഴിക്കുന്നവർ ഇവിടെത്തന്നെ കാണുമല്ലോ, ഫോട്ടോ എടുക്കാൻ തിരക്കില്ല.

എന്നാൽ ഞാൻ വേറൊരു സംസ്‌ക്കാരത്തിന്റെ കാര്യം പറയാം. സാങ്കേതികമായും വിദ്യാഭ്യാസപരമായും ഏറെ പുരോഗമിച്ചെങ്കിലും ജപ്പാനിലെ സംസ്കാരം ഇപ്പോഴും കേരളത്തിലെ പോലെ പുരുഷ കേന്ദ്രീകൃതമാണ്. വിവാഹത്തിന് ശേഷം സ്ത്രീകൾ വീടും കുട്ടികളേയും നോക്കി, പറ്റിയാൽ ജോലിയും രാജിവെച്ച് ജീവിക്കണം എന്നാണ് സമൂഹം ആഗ്രഹിക്കുന്നത്. നന്നായി പഠിച്ചു ജോലി കിട്ടിയ പെൺകുട്ടികൾക്കാകട്ടെ കരിയർ എല്ലാം വിട്ടെറിഞ്ഞു വീട്ടിലിരിക്കാൻ താല്പര്യവും ഇല്ല. അതേസമയം ഈഫൽ ടവറിന്റെ താഴെ പോയി ബ്രൈഡൽ ഗൗൺ ഇട്ടു ഫോട്ടോ എടുക്കാൻ അവർക്കും ആഗ്രഹം ഉണ്ടാവില്ലേ?

ഇങ്ങനെ ചെറുക്കൻ ഒന്നും ഇല്ലാതെ അടിപൊളി ‘കല്യാണ ഫോട്ടോ’ എടുത്തു കൊടുക്കുന്ന ഒരു കമ്പനി ജപ്പാനിൽ ഉണ്ട്. ഇതിനെയാണ് സംസ്‌ക്കാരം എന്ന് പറയുന്നത്. ഇന്നലത്തെ സമൂഹത്തിന്റെ രീതികളിൽ നിന്നും കാരണവന്മാർ വാർത്തുവച്ച രൂപങ്ങൾ അല്ല സംസ്‌ക്കാരം. മാറി വരുന്ന സമൂഹത്തിന്റെ രീതികളിൽ നിന്നും നമുക്ക് വേണ്ടത് എടുത്ത് നമ്മൾ ഉണ്ടാക്കി എടുക്കുന്ന രൂപങ്ങൾ ആണ്. അതുകൊണ്ട് പുതിയ തലമുറ വേണ്ട തരത്തിൽ കല്യാണ ഫോട്ടോഗ്രാഫി നടത്തട്ടെ. പാടത്തോ, പറന്പിലോ, ചെന്പിലോ, ചേന്പിലോ എവിടെ വേണമെങ്കിലും.

https://www.facebook.com/thummarukudy/posts/10219386871437834

shortlink

Related Articles

Post Your Comments

Related Articles


Back to top button