കോഴിക്കോട്: സര്‍ക്കാര്‍ ഓഫീസുകളിലെ താഴ്‍ന്ന തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയുള്ള താത്കാലികനിയമനം സര്‍ക്കാര്‍ അവസാനിപ്പിച്ചു. ശുചീകരണം, സുരക്ഷ എന്നിവയ്ക്കുള്ള താത്കാലിക ജീവനക്കാരെ കുടുംബശ്രീയില്‍നിന്നോ വിമുക്തഭടന്മാരുടെ അര്‍ധസര്‍ക്കാര്‍ ഏജന്‍സിയായ കെക്സോണില്‍നിന്നോ ദിവസക്കൂലിക്കെടുക്കാനാണ് നിര്‍ദേശം. എംപ്ളോയ്‌മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ചെയ്ത ഏഴായിരത്തോളം ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാണിത്.
എസ്.എസ്.എല്‍.സി, പ്ലസ്ടു. ബിരുദം തുടങ്ങി സര്‍ട്ടിഫിക്കറ്റ് കൈയില്‍ ലഭിച്ചാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേ്ചിലെത്തി പേര് രജിസ്റ്റര്‍ ചെയ്യുകയാണ് പതിവ് രീതി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വരുന്ന താഴെത്തട്ടിലുള്ള താത്കാലിക നിയമനത്തില്‍ താലൂക്ക് അടസിഥാനത്തില്‍ ഒഴിവുകള്‍ റിപ്പോര്ട്ട് ചെയ്യുന്നതിന് അനുസരിച്ച് അര്‍ഹരായവരെ പരിഗണിക്കുകയും ചെയ്യും.പി.എസ്.സി. നിയമനത്തിന്റെ പരിധിയില്‍പ്പെടാത്ത എല്ലാ ഒഴിവുകളും എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുകളിലൂടെയാണ് നികത്തേണ്ടത് എന്നായിരുന്നു 2016-ല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
എന്നാല്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ ഒഴിവാക്കിയാണ് പിന്‍വാതില്‍ സംവിധാനത്തിലുടെ നിയമനങ്ങള്‍ നടത്താന്‍ നീക്കം.തൃശ്ശൂരില്‍ ജയില്‍വാര്‍ഡന്റെ താത്കാലിക ഒഴിവിലേക്ക് 15 പേരുടെ പട്ടിക എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് നല്‍കിയെങ്കിലും അത് തിരിച്ചയച്ച് കെക്സോണില്‍നിന്നാണ് നിയമനം നടത്തിയത്.ഓരോ ജില്ലയിലും വര്‍ഷം 500 പേര്‍ക്ക് ഇതുവഴി ജോലി ലഭിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഇതിലും കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെന്ന് തൊഴില്‍വകുപ്പ് പറയുന്നു.
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി 18,000 രൂപ മാസശമ്പളം ലഭിച്ചിരുന്ന തസ്തികയില്‍ പുതിയ നിയമനം അനുസരിച്ച് 6,000 രൂപയ്ക്ക് ജോലിചെയ്യാന്‍ ആളെ കിട്ടും.എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുമ്പോള്‍ പാലിക്കുന്ന മാനദണ്ഡങ്ങളൊന്നും ഇവിടെ പാലിക്കുന്നില്ല. സീനിയോറിറ്റി, സംവരണം, മുന്‍ഗണന എന്നീ മാനദണ്ഡങ്ങളൊന്നും കുടുംബശ്രീയോ കെക്സോണോ പാലിക്കുന്നില്ല.എന്ന് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് സീനിയോറിറ്റി അസോസിയേഷന്‍ ആരോപിച്ചു.
Post Your Comments