തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെതിരെ കുരുക്ക് മുറുകുന്നു . സാങ്കേതിക സര്‍വകലാശാലയില്‍ ബിടെക് വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള മന്ത്രിയുടെ ഇടപെടല്‍ നിമയവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണറുടെ ഓഫീസ് റിപ്പോര്‍ട്ട് നല്‍കി. മന്ത്രിക്കെതിരായ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഇപ്പോള്‍ ഗവര്‍ണ്ണറുടെ പരിഗണനയിലാണ്.കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന് തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാനാണ് മന്ത്രി കൂട്ട് നിന്നതെന്നായിരുന്നു ആരോപണം. അഞ്ചാംസെമസ്റ്ററില്‍ ഒരു വിഷയത്തിന് തോറ്റ വിദ്യാര്‍ത്ഥിക്ക് പുനര്‍മൂല്യ നിര്‍ണ്ണയം നടത്തിയതിന് ശേഷവും ജയിക്കാനുള്ള മാര്‍ക്ക് ലഭിച്ചില്ല. വീണ്ടും മൂല്യ നിര്‍ണ്ണയത്തിന് അപേക്ഷിച്ചെങ്കിലും ചട്ടവിരുദ്ധമായതിനാല്‍ സാങ്കേതിക സര്‍വകലാശാല അപേക്ഷ തള്ളി. തുടര്‍ന്ന് മന്ത്രിയെ വിദ്യാര്‍ത്ഥി സമീപിച്ചു.
2018 ഫെബ്രുവരി 28 ന് മന്ത്രി കെടി ജലീല്‍ പങ്കെടുത്ത സാങ്കേതിക സര്‍വകലാശാലയുടെ അദാലത്തില്‍ ഈ വിഷയം പ്രത്യേക കേസായി എടുത്തു. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വീണ്ടും മൂല്യ നിര്‍ണ്ണയം നടത്താന്‍ മന്ത്രി അദാലത്തില്‍ നിര്‍ദേശിച്ചു. പുനര്‍മൂല്യ നിര്ണ്ണയത്തില്‍ വിദ്യാര്‍ത്ഥി ബിടെക് പാസായി. മാനുഷിക പരിഗണനയിലാണ് മന്ത്രി ഇടപെട്ടതെന്ന സര്‍വകലാശാല വിശദീകരണമാണ് ഗവര്‍ണ്ണറുടെ സെക്രട്ടറി തള്ളിയത്.
മന്ത്രി ഈ വിഷയത്തില്‍ അധികാരം ദുര്‍വിനിയോഗം നടത്തിയെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ ചാന്‍സിലറെ അറിയാക്കാതെ അദാലത്തില്‍ പങ്കെടുത്തതിനും വിമര്‍ശനമുണ്ട്.സാങ്കേതിക സര്‍വകലാശാല വൈസ്ചാന്‍സിലര്‍ക്കും ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച പറ്റി. മന്ത്രിയുടെ ഉത്തരവില്‍ ജയിച്ച വിദ്യാര്‍ത്ഥിയുടെ ബിരുദം വിസി അംഗീകരിച്ചത് തെറ്റാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Post Your Comments