ഗ്രേറ്റര്‍ നോയിഡ: ഗ്രേറ്റര്‍ നോയിഡയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിനി അഞ്ച് ദിവസമായി അബോധാവസ്ഥയില്‍ തുടരുന്നു. ബിടെക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ സ്വീറ്റി കുമാരിയാണ് കൈലാഷ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ബിഹാറില്‍ നിന്നുളള സ്വീറ്റിയുടെ കുടുംബവും ഇപ്പോള്‍ അവിടെ എത്തിയിട്ടുണ്ട്.
Read Also: സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന് ‘വിദ്യ വാഹൻ’ മൊബൈൽ ആപ്പ്
ഡിസംബര്‍ 31ന് രാത്രി 9 മണിയോടെ റോഡരികിലൂടെ നടക്കുമ്പോള്‍ നിയന്ത്രണം വിട്ടെത്തിയ കാര്‍ സ്വീറ്റിയെ ഇടിക്കുകയായിരുന്നു. മറ്റ് രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാറോ കാറിലുണ്ടായിരുന്നവരെയോ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഗ്രേറ്റര്‍ നോയിഡയിലെ ബീറ്റ 2 ഏരിയയിലെ ബസ് സ്റ്റോപ്പിന് സമീപം, ജി.എന്‍.ഐ.ഒ.ടി എന്‍ജിനിയറിംഗ് കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികളുടെ ഇടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. ആശുപത്രിയില്‍ കഴിയുന്ന സ്വീറ്റി മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് ശേഷം ഇപ്പോള്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കഴിയുന്നത്.
ഇടത് കാലിന് പൊട്ടലും കണങ്കാലിന് പരിക്കുമുണ്ട്. അബോധാവസ്ഥയിലാണെങ്കിലും അവള്‍ സുഖമായിരിക്കുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തങ്ങളെ ഇടിച്ച ഹ്യൂണ്ടായ് സാന്‍ട്രോ അമിതവേഗത്തിലായിരുന്നു എന്നാണ് പരിക്കേറ്റവരില്‍ ഒരാളും സ്വീറ്റിയുടെ സുഹൃത്തുമായ കര്‍സോണി ഡോങ് പറയുന്നത്. സ്വീറ്റിയുടെ ചികിത്സക്കായി ആശുപത്രിയ്ക്ക് പുറത്ത് അവളുടെ സുഹൃത്തുക്കള്‍ പണം ശേഖരിക്കുകയാണ്. ‘അവളുടെ തലച്ചോറിന് ആഴത്തിലുളള മുറിവുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതിന് ധാരാളം പണം ചിലവാകും. ഞങ്ങള്‍ തൊഴിലാളികളാണ്. ഞങ്ങളുടെ മകള്‍ പഠനത്തില്‍ മിടുക്കിയാണ്’, സ്വീറ്റി കുമാരിയുടെ അമ്മ ലാല്‍മണി പറഞ്ഞു.
പ്രതികളെ കണ്ടെത്താന്‍ മൂന്ന് പോലീസുക്കാരെ വിന്യസിച്ചിട്ടുണ്ടെന്നും സൂചനകള്‍ക്കായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ഏരിയ പോലീസ് ഓഫീസര്‍ ദിനേശ് കുമാര്‍ സിംഗ് പറഞ്ഞു.
Post Your Comments