തിരുവനന്തപുരം: 2019ലെ ഭിന്നശേഷി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവില്‍ നിന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകറും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനും ശാക്തീകരണത്തിനും മുഖ്യധാരവത്ക്കണത്തിനുമായി സംസ്ഥാനം നടത്തിയ മാതൃകാ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. കേരളത്തില്‍ നിന്നും വിവിധ കാറ്റഗറികളിലായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതിന് മുമ്പ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മികച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് ആദ്യമായാണ് ലഭിക്കുന്നത്. എന്‍.എച്ച്.എഫ്.ഡി.സി.യുടെ മികച്ച സംസ്ഥാന ചാനലൈസിംഗ് ഏജന്‍സി വിഭാഗത്തില്‍ 2018 ലും കേരളത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.
ഈ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നടപ്പിലാക്കി വരുന്ന നൂതന പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഭിന്നശേഷി മേഖലയുടെ സമഗ്ര പുരോഗതിക്കായി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അതിന്റെ ഭാഗമായി പി.എസ്.സി.യിലും കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലും എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാര്‍ക്ക് 4 ശതമാനം ജോലി സംവരണം ഏര്‍പ്പെടുത്തി. ഗര്‍ഭസ്ഥ ശിശു മുതല്‍ ശയ്യാവലംബര്‍ വരെയുള്ള മുഴുവന്‍ ഭിന്നശേഷിക്കാരേയും മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് വിപുലമായ പ്രവര്‍ത്തനങ്ങളാണ് സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഭിന്നശേഷിക്കാരുടെ സംസ്ഥാന കമ്മീഷണറേറ്റ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ്, കേരള സാമൂഹ്യസുരക്ഷാ മിഷന്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, നിപ്മര്‍ (NIPMR) തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളിലൂടെ ഭിന്നശേഷിക്കാരുടെ വികസന പരിപാടികള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിന് വകുപ്പിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഭിന്നശേഷിക്കാരുടെ സമഗ്രവികസനത്തിനുള്ള അനുയാത്രാ പദ്ധതി, സാമൂഹ്യപുന:രധിവാസം ഉറപ്പുവരുത്തുന്നതിനുള്ള നൂതന പരിപാടികള്‍, അടിയന്തിര ഘട്ടങ്ങള്‍ നേരിടുന്നതിനുള്ള പരിരക്ഷ പദ്ധതി, വിവിധ ക്ഷേമ പദ്ധതികള്‍, സാങ്കേതിക വിദ്യയുടെ സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്തിയുള്ള അസിസ്റ്റീവ് ടെക്‌നോളജി തുടങ്ങിയ പദ്ധതികളും ഭിന്നശേഷി മേഖലയെ ശക്തിപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ 16 ഓളം ക്ഷേമ പദ്ധതികളാണ് നടത്തി വരുന്നത്. 1500 ഓളം പേര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്ത ശുഭയാത്ര പദ്ധതി, ഗുരുതരഭിന്നശേഷിക്കാരായ 12 വയസുവരെയുള്ള കുട്ടികളുടെ പേരില്‍ 20000 രൂപ സ്ഥിര നിക്ഷേപം നടത്തുന്ന ‘ഹസ്തദാനം’ പദ്ധതി, 100 പേര്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്ത കാഴ്ച പദ്ധതി എന്നിവ കോര്‍പറേഷന്റെ പ്രധാന പദ്ധതികളാണ്.
കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ ഭിന്നശേഷി മേഖലയില്‍ അനിവാര്യമായ ഇടപെടലുകള്‍ നടത്തുന്നതിനും സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനും വേണ്ടി ‘അനുയാത്ര’ എന്ന പേരിലുള്ള ഒരു സമഗ്ര പരിപാടി നടപ്പാക്കി വരികയാണ്. ഭിന്നശേഷി മേഖലയില്‍ നടപ്പാക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുതല്‍ പുനരധിവാസം വരെയുളള സമഗ്ര ജീവിത ചക്ര സമീപനമാണ് ‘അനുയാത്ര’ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ സ്വീകരിച്ചിട്ടുള്ളത്. ഈ പദ്ധതികള്‍ ഫലപ്രാപ്തിയെത്തുന്നതിന്റെ സൂചനയാണ് ഈ അവാര്‍ഡെന്നും മന്ത്രി വ്യക്തമാക്കി.
കാഴ്ച പരിമിതിയില്‍ മികച്ച വനിത ജീവനക്കാര്‍ക്കുള്ള അവാര്‍ഡ് വിഭാഗത്തില്‍ ബേബി ഗിരിജ, പുരുഷ വിഭാഗത്തില്‍ ബാലന്‍ പൂത്തേരി എന്നിവരും മികച്ച സര്‍ഗാത്മക ഭിന്നശേഷി വനിത വിഭാഗത്തില്‍ എസ്. കണ്‍മണി, പുരുഷ വിഭാഗത്തില്‍ ആര്‍. രാകേഷ് കുമാര്‍, മള്‍ട്ടിപ്പിള്‍ ഡിസബിലിലിറ്റി വിഭാഗത്തില്‍ സി. പ്രശാന്ത് എന്നിവരും കേരളത്തിന് പുറത്ത് താമസിക്കുന്ന നിരവധി മലയാളികളും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ. മൊയ്തീന്‍ കുട്ടി എന്നിവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments