ഹൈദരാബാദ്: ഹൈദരാബാദിൽ വനിതാ മൃഗ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകരിച്ച കേസിൽ പിടിയിലായ പ്രതികളെ ഉടൻ തൂക്കിലേറ്റണമെന്ന് അണ്ണാ ഡി എം കെ എംപി വിജില സത്യാനന്ദ്. കൊടും കുറ്റവാളികളെ ഡിസംബർ 31ന് മുമ്പ് തൂക്കിലേറ്റണമെന്ന് അവർ പറഞ്ഞു. രാജ്യസഭയിലാണ് വിജില ഇക്കാര്യം ഉന്നയിച്ചത്.
സംഭവം ഇന്ന് പാർലമെന്റിലെ ഇരു സഭകളും ചർച്ച ചെയ്തു. ലോകസഭയും രാജ്യസഭയും സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി വേണമെന്നും രാജ്യത്തെ ക്രമസമാധാന നില ശോചനീയമാണെന്നും അംഗങ്ങൾ പറഞ്ഞു. നാല് പ്രതികളേയും ഡിസംബർ 31ന് മുമ്പായി തൂക്കിലേറ്റണമെന്നും ഇവരുന്നയിക്കുന്നു. ഇതിനായി ഫാസ്റ്റ്ട്രാക്ക് കോടതികൾ വേണം. കേസിൽ നീതി വൈകരുത്. സമൂഹം മുഴുവൻ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ഒരുമിക്കണമെന്ന് കോൺഗ്രസും വ്യക്തമാക്കി. കോൺഗ്രസ് എംപിമാർ പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് എൻസിപി, ജെഡിയു, ആം ആദ്മി പാർട്ടികൾ ആവശ്യപ്പെട്ടു.
അതേസമയം, സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ പുതിയ നിയമം കൊണ്ടുവരേണ്ടത്തില്ലെന്നും ഇപ്പോഴത്തെ നിയമം ശക്തമായി നടപ്പിലാക്കുകയാണ് വേണ്ടതെന്നും പ്രതികൾ കരുണ അർഹിക്കുന്നില്ലെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു.
ബുധനാഴ്ച രാത്രിയാണ് ബെംഗളൂരു-ഹൈദരാബാദ് ദേശീയപാതയ്ക്ക് സമീപം രംഗറെഡ്ഡി ജില്ലയിൽ ഷംഷാബാദിലുള്ള ടോൾബൂത്തിന് സമീപം 26കാരിയായ വെറ്റനറി ഡോക്ടറെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ലോറി ഡ്രൈവറായ മുഹമ്മദ് ആരിഫ്, ജോളു നവീൻ (ക്ലീനർ), ചെന്ന കേശവുലു (ക്ലീനർ), ജോളു ശിവ (ഡ്രൈവർ) എന്നിവർ ചേർന്നാണ് യുവതിയെ ആക്രമിച്ചത്.
Post Your Comments