കാസർഗോഡ് : അറുപതാമത് സ്കൂൾ കലോത്സവത്തിൽ, വീണ്ടും കിരീടമണിഞ്ഞ് പാലക്കാട്. കോഴിക്കോട്, കണ്ണൂർ, ജില്ലകൾ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ച വെച്ചെങ്കിലും ഫോട്ടോഫിനിഷിൽ രണ്ട് പോയിന്റിന്റെ മുൻതൂക്കത്തിൽ 951 പോയിന്റ് നേടി പാലക്കാട് കിരീടം നില നിർത്തുകയായിരുന്നു. കഴിഞ്ഞ വർഷം കൈവിട്ട കലാകിരീടം നേടിയാക്കാനായി പൊരുതിയ കോഴിക്കോട് ജില്ലയ്ക്ക് രണ്ടാം സ്ഥാനം നേടാനെ സാധിച്ചൊള്ളു.
അറബിക് കലോത്സവത്തിൽ ഒന്നാംസ്ഥാനം നാല് ജില്ലകൾ തമ്മിൽ പങ്കിട്ടു. സംസ്കൃതോത്സവത്തിൽ എറണാകുളവും തൃശ്ശൂരും ജേതാക്കളായി. സ്കൂളുകളിൽ പാലക്കാട് ഗുരുകുലം ഹയർസെക്കന്ററി സ്കൂളാണ് ഒന്നാമതെത്തിയത്. ആലപ്പുഴയിൽ കൈവിട്ട കപ്പ് ഇത്തവണ കാസർഗോഡ് ജില്ലയിൽ നിന്നും നേടിയെടുക്കാമെന്ന ഉറച്ച പ്രതീക്ഷയിൽ പോരാടിയ കോഴിക്കോട് അവസാന ദിവസം വരെ ചെറിയ ലീഡോട് കൂടിയാണെങ്കിലും പോയിന്റ് നിലയിൽ ഒന്നാമതെത്തി. എന്നാല് അപ്രതീക്ഷിതമായി പാലക്കാട് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. 11 വേദികളിൽ മാത്രമാണ് അവസാനദിനത്തിൽ മത്സരം നടന്നത്.
മന്ത്രി സി രവീന്ദ്രനാഥാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക. ചലച്ചിത്രതാരങ്ങളായ രമേഷ് പിഷാരടി, വിന്ദുജ മേനോന് എന്നിവർ മുഖ്യാതിഥികളാകും. അതേസമയം അടുത്ത സംസ്ഥാന സ്കൂൾ കലോത്സവ വേദി തീരുമാനിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം തെക്കൻ ജില്ലയായ കൊല്ലത്താണ് അറുപത്തിയൊന്നാമത് സ്കൂൾ കലോത്സവം എത്തുക. വൈകിട്ട് 3.30-ന് നടക്കുന്ന അറുപതാമത് സ്കൂൾ കലോത്സവത്തിന്റെ സമാപനച്ചടങ്ങിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും.
Post Your Comments