കോഴിക്കോട്: ആത്മഹത്യ ചെയ്യുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പും മകന്റെ ഭാവിയെ കുറിച്ചായിരുന്നു ആ അച്ഛന്റെ ചിന്ത. തന്റെ മരണവാര്‍ത്ത മകന്റെ കാതുകളിലെത്തിയാല്‍ അവന്‍ ആശിച്ച മത്സരം മുടങ്ങുമെന്ന പേടി ആ പിതാവിന്റെ കുറിപ്പിലുണ്ടായിരുന്നു. കോഴിക്കോട് പൊതുമരാമത്ത് വകുപ്പില്‍ ജൂനിയര്‍ സൂപ്രണ്ടായ രാധാകൃഷ്ണനാണ് ‘ മരണവിവരം അവനെ അറിയിക്കരുത്, മത്സരം മുടങ്ങും’ എന്ന് എഴുതി വെച്ച് ജീവനൊടുക്കിയത്.
വൈത്തിരിയിലെ വീട്ടില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ രാധാകൃഷ്ണനെ കണ്ടെത്തിയത്. തൊഴില്‍ സംബന്ധമായ പ്രശനങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യ കുറിപ്പിലുണ്ട്. സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്ന മകനെ മരണവിവരം മത്സരം കഴിഞ്ഞശേഷം അറിയിച്ചാല്‍ മതിയെന്നായിരുന്നു രാധാകൃഷ്ണന്റെ കുറിപ്പിലുണ്ടായിരുന്നത്. രാധാകൃഷ്ണന്റെ മകനും മീനങ്ങാടി ജിഎച്ച്എസ്സിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ തേജസ് കൃഷ്ണയും സംഘവും എച്ച്എസ്എസ് വിഭാഗം വൃന്ദവാദ്യം മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. മരണവിവരം ഉച്ചയോടെ കലോത്സവം നടക്കുന്ന കാഞ്ഞങ്ങാട് അറിഞ്ഞിരുന്നെങ്കിലും മകനെ അറിയിക്കരുതെന്ന് കത്തിലുള്ളതിനാല്‍ തേജസ്സിനെ വിവരമറിയിച്ചില്ല. അധ്യാപകര്‍ സംഘാടകരെ വിവരമറിയിക്കുകയും ടീമിന്റെ മത്സരം നേരത്തെയാക്കുകയും ചെയ്തു. മത്സരം കഴിഞ്ഞിട്ടും തേജസ്സിനെ വിവരമറിയിക്കാതെ സംഘം വൈത്തിരിയിലേക്ക് മടങ്ങിയെത്തി. രാത്രി വീട്ടില്‍ എത്തിയപ്പോഴാണ് അച്ഛന്റെ മരണവാര്‍ത്ത തേജസ് അറിഞ്ഞത്.
Post Your Comments