ഹൈദരാബാദ്: തെലങ്കാനയില്‍ മനസാക്ഷിയെ നടുക്കിയ യുവ വെറ്റിനറി ഡോക്ടറുടെ മരണത്തില്‍ പ്രതികരണവുമായി സംസ്ഥാന ആഭ്യന്തരമന്ത്രി. സഹോദരിയെ വിളിച്ചതിനുപകരം പോലീസിന്റെ നമ്പറായ 100 ല്‍ വിളിച്ചിരുന്നെങ്കില്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാനാകുമായിരുന്നെന്നും മന്ത്രി മുഹമ്മദ് മഹ്മൂദ് അലി പറഞ്ഞു.100 എന്നാല്‍ സൗഹൃദ നമ്പറാണ്. കുറ്റകൃത്യങ്ങള്‍ തടയാനും നിയന്ത്രിക്കാനും പോലീസ് ജാഗ്രതയിലാണ്. കഴിഞ്ഞദിവസത്തെ സംഭവത്തില്‍ എല്ലാവര്‍ക്കും വിഷമമുണ്ട്.
അവര്‍ വിദ്യാഭ്യാസമുള്ള യുവതിയാണ്. അവരുടെ സഹോദരിയെ വിളിച്ചതിനുപകരം 100 ല്‍ വിളിച്ചിരുന്നെങ്കില്‍ അവരെ രക്ഷിക്കാമായിരുന്നു. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം ഇനിയും ആവശ്യമാണെന്നും മന്ത്രി വിശദീകരിച്ചു. തെലങ്കാന പോലീസ് ഏറ്റവും കാര്യക്ഷമതയുള്ള പോലീസ് സംഘമാണെന്നും പ്രതികളെ തിരിച്ചറിഞ്ഞ് എത്രയുംവേഗം ശിക്ഷ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
തെലങ്കാനയിലെ മൃഗഡോക്ടറായ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ റോഡരികില്‍ നിന്ന് വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. യുവതിയെ ബലാത്സംഗം ചെയ്തശേഷം തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post Your Comments