മുംബൈ: മലയാളി താരം സഞ്ജു സാംസണെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് സൂചന. സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റതോടെയാണ് സഞ്ജുവിന് ടീമിലേക്ക് വീണ്ടും വിളിക്കാൻ സാധ്യത വരുന്നത്. വെസ്റ്റിൻഡീസിനെതിരെ അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിനെയും ഉൾപ്പെടുത്താനുള്ള സാധ്യതയാണ് തെളിയുന്നത്. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന 15 അംഗ ടീമിൽ സഞ്ജുവിനെക്കൂടി ഉൾപ്പെടുത്തുമെന്നാണ് വിവരം. സഞ്ജുവിനെ ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ എടുത്ത ശേഷം ഒരു മത്സരത്തില്‍പ്പോലും അവസരം നല്‍കാതെ തഴഞ്ഞ നടപടി വിവാദമായതോടെയാണ് വീണ്ടും സഞ്ജുവിനെ ഉൾപ്പെടുത്തുന്നത്.
മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ വിൻഡീസിനെതിരെ കളിക്കുന്നത്. ഡിസംബർ ആറിന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം. ഡിസംബർ എട്ടിനാണ് തിരുവനന്തപുരത്തെ മത്സരം. 11ന് മുംബൈ വാംഖഡെയിൽ മൂന്നാം മത്സരം നടക്കും. ഡിസംബർ 15 മുതൽ ഏകദിന പരമ്പരയ്ക്കു തുടക്കമാകും.
Post Your Comments