ഗലീസിയ : കടല്‍തീരത്ത് നൂറുകണക്കിന് കൊക്കെയിന്‍ പാക്കറ്റുകള്‍ അടിഞ്ഞ സംഭവം , ആയിരകണക്കിന് കിലോ കൊക്കെയ്ന്‍ എങ്ങിനെ കതീരത്ത് അടിയുന്നുവെന്നതിന്റെ ഉറവിടം പൊലീസ് കണ്ടെത്തി . അറ്റലാന്റിക് സമുദ്രത്തിലൂടെ ലഹരിമരുന്ന് വിതരണം ചെയ്തിരുന്ന അന്തര്‍വാഹിനിയാണ് ഈ കൊക്കെയിന്‍ പാക്കറ്റുകളുടെ ഉറവിടം. 864.85കോടിയുടെ കൊക്കെയ്ന്‍ അടക്കമാണ് അന്തര്‍വാഹിനി സ്‌പെയിനിന്റെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലുള്ള ഗലീസിയയില്‍ നിന്ന് പിടികൂടിയത്. കൊളംബിയയില്‍ നിന്ന് കൊക്കെയ്ന്‍ കൊണ്ടുവന്നതായിരുന്നു അന്തര്‍വാഹിനിയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്തര്‍വാഹിനിയില്‍ നിന്ന് ഇക്വഡോര്‍ സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ ബന്ധപ്പെട്ടുകൊണ്ടിരുന്ന സ്‌പെയിന്‍ പൗരന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
അന്തര്‍വാഹിനി ഉപയോഗിച്ച് മയക്കുമരുന്ന് കടത്തുന്ന വന്‍ മാഫിയകളാണ് സംഭവത്തിന് പിന്നാലാണെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. കൊളംബിയയില്‍ നിന്ന് യൂറോപ്പിലേക്കായിരുന്നു അന്തര്‍വാഹിനി ഉപയോഗിച്ച് കടത്തിയിരുന്നതെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കി. എത്തരത്തിലാണ് മയക്കുമരുന്ന് ഇവര്‍ കരയിലെത്തിച്ചിരുന്നതെന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.
7690 കിലോമീറ്റര്‍ ഇതിനോടകം അന്തര്‍വാഹിനി സഞ്ചരിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. പോര്‍ച്ചുഗലില്‍ നിന്നാണ് അന്തര്‍വാഹിനിയെക്കുറിച്ചുള്ള രഹസ്യ സൂചന സ്‌പെയിന്‍ പൊലീസിന് ലഭിച്ചത്. 65 അടി വലിപ്പമുള്ള അന്തര്‍ വാഹിനിയില്‍ പ്രത്യേക അറകളൊരുക്കിയാണ് കൊക്കെയ്ന്‍ സൂക്ഷിച്ചിരുന്നത്. ആഗോളതലത്തിലെ മയക്കുമരുന്ന് മാഫിയയുടെ ഭാഗമാണ് പിടിയിലായ അന്തര്‍വാഹിനിയെന്നാണ് പൊലീസ് വിശദമാക്കുന്നത്.
രഹസ്യ വിവരങ്ങള്‍ അനുസരിച്ച് അന്തര്‍ വാഹിനി നവംബര്‍ 15 മുതല്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് പൊലീസ് വിശദമാക്കി. ദക്ഷിണ അമേരിക്കന്‍ രാജ്യമായ ഗയാനയില്‍ നിര്‍മ്മിച്ചതാണ് അന്തര്‍വാഹിനി. പൊലീസ് പിടിയിലാവുമെന്ന് ഉറപ്പായതോടെ അന്തര്‍വാഹിനി മുക്കിക്കളഞ്ഞ് രക്ഷപ്പെടാനായിരുന്നു പിടിയിലായവരുടെ ശ്രമം. കൊക്കെയ്ന്‍ കണ്ടെത്തിയെങ്കിലും പാതി മുങ്ങിയ നിലയിലുള്ള അന്തര്‍വാഹിനി കരയിലേക്കെത്തിക്കുക ദുഷ്‌കരമാണെന്നാണ് സ്‌പെയിന്‍ പൊലീസ് പറയുന്നത്.
Post Your Comments