ന്യൂഡല്‍ഹി : പ്രധാനമന്ത്രിക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും നല്‍കിയിരുന്ന സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്രെ സുരക്ഷ സംബന്ധിച്ച ബില്ലില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. പുതിയ ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചു.എസ്പിജി സുരക്ഷ എന്നാല്‍ ബാഹ്യമായ സുരക്ഷ മാത്രമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും മാത്രമുള്ള സുരക്ഷ മാത്രമല്ല, പ്രധാനമന്ത്രിയുടെ ആരോഗ്യം, കമ്യൂണിക്കേഷന്‍സ് എന്നിവയുടെ കൂടി സുരക്ഷ ഉള്‍പ്പെട്ടിരിക്കുന്നുവെന്ന് അമിത് ഷാ ലോക്സഭയില്‍ പറഞ്ഞു.
എസ്പിജി സുരക്ഷ പ്രധാനമന്ത്രിക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമാണ്. എസ്പിജിയിലെ സ്പെഷല്‍ എന്നത് തന്നെ പ്രത്യേക ഉദ്ദേശമാണ് കാണിക്കുന്നത്. മിക്ക രാജ്യങ്ങളും തങ്ങളുടെ തലവന്മാര്ക്ക് പ്രത്യേക സുരക്ഷയാണ് നല്‍കുന്നത്.1985 ല്‍ ബീര്‍ബല്‍നാഥ് കമ്മിറ്റിയാണ് എസ്പിജി പ്രൊട്ടക്ഷന്‍ ശുപാര്‍ശ ചെയ്യുന്നത്. 1988 ല്‍ ഇത് നിലവില്‍ വന്നു. എന്നാല്‍ 1991,1994, 1999, 2003 എന്നീ കാലങ്ങളില്‍ കൊണ്ടുവന്ന ഭേദഗതികളോടെ നിയമം ദുര്‍ബലമാക്കുകയാണ് സര്‍ക്കാരുകള്‍ ചെയ്തതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.
പുതിയ ബില്‍ അനുസരിച്ച് പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞാല്‍ അഞ്ചുവര്‍ഷത്തിന് ശേഷം എസ്പിജി സുരക്ഷ ലഭിക്കില്ല എന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു.നെഹ്റു കുടുംബാംഗങ്ങളായ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ നെഹ്റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിച്ചത് കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണെന്ന് ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ അമിത് ഷാ വ്യക്തമാക്കി.എസ്പിജിയെ അറിയിക്കാതെ നെഹ്റും കുടുംബം 600 ലധികം യാത്രകള്‍ നടത്തിയിട്ടുണ്ട്. എസ്പിജി സുരക്ഷ പിന്‍വലിച്ചപ്പോള്‍ ആദ്യം ആരും എതിര്‍ത്തില്ലെന്നും അമിത് ഷാ പറഞ്ഞു.
Post Your Comments