ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നും ശരിയായല്ല നടക്കുന്നതെന്ന് മുന്‍ വിദേശകാര്യ മന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ നട്‌വര്‍ സിംഗ്. നിലവിലെ കോണ്‍ഗ്രസിന്റെ അവസ്ഥയ്ക്ക് കാരണം മൂന്ന് ഗാന്ധിമാരാണെന്നും നട്‌വര്‍ സിംഗ് പറഞ്ഞു. അതില്‍ ഒരാള്‍ പാര്‍ട്ടിയുടെ ഒരു പദവികളും വഹിക്കാതെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന രാഹുല്‍ ഗാന്ധിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഒരു കാലത്ത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടികളില്‍ ഒന്നായിരുന്ന കോണ്‍ഗ്രസിന്റെ അവസ്ഥ ഇന്ന് പരിതാപകരമാണ്. കോണ്‍ഗ്രസില്‍ മാറ്റം കൊണ്ടുവരാന്‍ അനുവദിക്കാത്തത് മൂന്ന് ഗാന്ധിമാരാണ്. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സോണിയ ഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് 25 വര്‍ഷത്തെ കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിന് വിരാമമിട്ടുകൊണ്ട് നട്‌വര്‍ സിംഗ് പാര്‍ട്ടി വിട്ടത്.
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്തതില്‍ അദ്ദേഹം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. വളരെ പരിതാപകരമായ അവസ്ഥയിലൂടെയാണ് കോണ്‍ഗ്രസ് കടന്നുപോകുന്നത്. അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിടുമോ എന്ന കാര്യം തനിക്ക് അറിയില്ല. എന്നാല്‍ അമരീന്ദര്‍ സിംഗ് പാര്‍ട്ടിയില്‍ ചേരുമ്പോള്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് അല്ല ഇപ്പോള്‍ ഉള്ളത്.
രാഹുല്‍ ഗാന്ധി 2002 മുതല്‍ കോണ്‍ഗ്രസില്‍ ഉണ്ട്. അന്ന് മുതല്‍ എംപിയായിരുന്നു. അദ്ദേഹത്തിന് ഇപ്പോള്‍ 50 വയസായി. രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധി കുറച്ച് ചെറുപ്പമാണ്. എന്നാല്‍ അവര്‍ രണ്ട് പേരും യുവ നേതാക്കള്‍ അല്ലെന്നും ചെറുപ്പക്കാരായ പ്രവര്‍ത്തകരെയാണ് പാര്‍ട്ടിക്ക് ആവശ്യമെന്നും നട്‌വര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
Post Your Comments