ഡല്‍ഹി: നെഹ്‌റു കുടുംബം അമേഠിയില്‍ ഭൂമി കയ്യേറിയെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി തോൽപ്പിക്കുന്നത് വരെ നെഹ്‌റു കുടുംബത്തിന്റെ ഉരുക്കു കോട്ടയായിരുന്നു അമേഠി. അമേഠിയില്‍ നെഹ്‌റു കുടുംബം വെറും 600 രൂപയ്ക്ക് 30 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്തെന്നും സ്മൃതി ആരോപിച്ചു.
വ്യാവസായിക വല്‍ക്കരണത്തിന്റെ പേര് പറഞ്ഞ് കര്‍ഷകരുടെ ഭൂമി നെഹ്‌റു കുടുംബം കൈക്കലാക്കിയെന്നും സ്മൃതി ഇറാനി എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘ഗാന്ധി കുടുംബം ആളുകളുടെ ഭൂമി തട്ടിയെടുക്കുകയാണെന്ന് ആളുകളെ പറഞ്ഞ് മനസ്സിലാക്കാന്‍ എനിക്ക് കുറച്ച് സമയമെടുത്തു. ഞാൻ ഇത് പാർലമെന്റിൽ പറഞ്ഞിട്ടുണ്ട്. 600 രൂപയ്ക്ക് 30 ഏക്കർ ഭൂമി പാട്ടത്തിനെടുത്തു. അവര്‍ അവിടെ കോംപ്ലക്സ് പണിതു.
വ്യാവസായികവത്കരണത്തിന്റെ പേര് പറഞ്ഞാണ് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും ഭൂമി കൈക്കലാക്കിയത്. പിന്നാക്ക വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കായി ഉപയോഗിക്കാനുള്ള ഭൂമിയാണ് ഇവര്‍ ഓഫീസിനായി തട്ടിയെടുത്തത്. ഈ സംഭവത്തില്‍ അവര്‍ക്കെതിരെ തിരിഞ്ഞ, ധര്‍ണ നടത്തിയ പെണ്‍കുട്ടികളെ അവര്‍ ജയിലിലടച്ചു’ – സ്മൃതി ഇറാനി പറഞ്ഞു.
2014 ല്‍ രാഹുല്‍ ഗാന്ധിയോട് അമേഠിയില്‍ പരാജയപ്പെട്ട സ്മൃതി ഇറാനി 2019 ല്‍ രാഹുല്‍ ഗാന്ധിയെ ഇതേ മണ്ഡലത്തില്‍ പരാജയപ്പെടുത്തി. നരേന്ദ്രമോദി മന്ത്രിസഭയിലെ പ്രായം കുറഞ്ഞ മന്ത്രിയാണ് സ്മൃതി. തന്റെ കുടുംബം മറ്റൊരു രാഷ്ട്രീയ പശ്ചാത്തലമുള്ളതായതിനാല്‍ വളരെയേറെ ബുദ്ധിമുട്ടിയെന്നും സ്മൃതി ഇറാനി പറഞ്ഞു. വിരുദ്ധ രാഷ്ട്രീയം ഒരു കുടുംബത്തിലുണ്ടാക്കുന്നതെന്താണെന്നതിന് സാക്ഷിയായി. ഡല്‍ഹിയില്‍ താന്‍ എന്ത് ചെയ്താലും തന്റെ പിതാവിന്റെ ക്രെഡിറ്റിലാകും. അതിനാല്‍ താന്‍ മുംബൈയിലേക്ക് ചേക്കേറി.
‘എന്റെ പിതാവ് കോണ്‍ഗ്രസുകാരനായിരുന്നു. രാജീവ് ഗാന്ധി മരിച്ചതോടെ അദ്ദേഹം രാഷ്ട്രീയം അവസാനിപ്പിച്ചു. രാജീവ് ഗാന്ധി മരിച്ചപ്പോള്‍ അദ്ദേഹം കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അമ്മ ‘സംഘി’യാണ്. ജനസംഘത്തിന്റെ ഭാഗമായിരുന്നു. ബിജെപിയില്‍ ചേരാനുള്ള എന്റെ തീരുമാനത്തെ പിതാവിന്റെ കുടുംബം ചോദ്യം ചെയ്തിരുന്നു’- സ്മൃതി പറഞ്ഞു.
‘നെഹ്‌റു കുടുംബത്തിനെതിരെ സംസാരിക്കുമ്പോള്‍ വളരെ ആവേശത്തോടെയാണ് സംസാരിക്കുക, കാരണം കലാപങ്ങളും ദാരിദ്ര്യവും ഞാന്‍ എന്റെ കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട്’ – 1984 ലെ സിഖ് കലാപത്തെ പരാമര്‍ശിച്ച് സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
Post Your Comments