മുംബൈ: മഹാരാഷ്ട്രയിലെ അതിനാടകീയമായ നീക്കത്തിനൊടുവിൽ അധികാരത്തിലേറിയ ബിജെപി സർക്കാരിൽ ഉപ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ അജിത്ത് പവാറിനെ മടക്കി കൊണ്ടുവരാൻ ശരത് പവാർ ശക്തമായ നീക്കം നടത്തുന്നതായി റിപ്പോർട്ട്. എൻ.സി.പിയുടെ നിയമസഭാ കക്ഷിനേതാവ് ജയന്ത് പാട്ടീൽ അജിത് പവാറിന്റെ വീട്ടിലെത്തി ചർച്ച നടത്തിയതായാണ് വിവരം. കലഹം ഒഴിവാക്കാൻ അദ്ദേഹം തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ജയന്ത് പാട്ടീൽ പറഞ്ഞു. ശരത് പവാർ, മകൾ സുപ്രിയ സുലെ, അജിത്തിന്റെ സഹോദരൻ ശ്രീനിവാസ് പവാർ എന്നിവർ അജിത്തിനെ ഫോണിൽ വിളിച്ചു കാര്യങ്ങൾ ചർച്ച ചെയ്തു. ശരത് പവാറിന്റെ ചെറുമകനും എൻ.സി.പി എം.എൽ.എയുമായ രോഹിത് പവാറും അജിത് പവാറിനോട് ഇതേ ആവശ്യം ഉന്നയിച്ചു.
ചർച്ചകളിൽ മനംമടുത്താണ് തങ്ങൾ ബി.ജെ.പിയെ പിന്തുണച്ചതെന്നാണ് അജിത് പവാറിന്റെ വിശദീകരണം. എൻ.സി.പിയുടെ തീരുമാനത്തിന് വിരുദ്ധമായി സർക്കാർ രൂപീകരണത്തിന് ബി.ജെ.പിക്കൊപ്പം ചേർന്നതോടെ ശനിയാഴ്ച രാത്രി അജിത് പവാറിനെ എൻ.സി.പിയുടെ നിയമസഭാകക്ഷി നേതൃസ്ഥാനത്തുനിന്ന് നീക്കിയിരുന്നു. പകരം ജയന്ത് പാട്ടീലിനെയാണ് നിയമിച്ചത്.
അജിത് പവാർ ഉൾപ്പെടെ നാല് എൻ.സി.പി എം.എൽ.എമാർ ശനിയാഴ്ച നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നില്ല.എൻ.സി.പി- ശിവസേന- കോൺഗ്രസ് സർക്കാർ രൂപീകരണ ചർച്ചകളിൽ ശരത് പവാറിനൊപ്പം പങ്കെടുത്ത അജിത് പവാർ, മണിക്കൂറുകൾക്കകം ബി.ജെ.പിക്കൊപ്പം ചേർന്ന് സർക്കാരുണ്ടാക്കുകയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തത് വലിയ രാഷ്ട്രീയനടുക്കമാണ് രാജ്യത്തുണ്ടാക്കിയത്.
Post Your Comments