ആലപ്പുഴ: മന്ത്രി ജി.സുധാകരനെതിരെയുള്ള സ്ത്രീവിരുദ്ധ പരാമർശ കേസിൽ സിപിഐ ജില്ലാ നേതൃത്വത്തിന്റെ ഇടപെടൽ പുറത്ത്. ജി.സുധാകരനെതിരെ മുൻ പഴ്സനേൽ സ്റ്റാഫ് അംഗം ഉഷാ സാലി നൽകിയ സ്ത്രീവിരുദ്ധ പരാമർശ കേസ് പിൻവലിക്കാൻ ആദ്യം ഇടപെട്ടതു സിപിഐ ജില്ലാ നേതൃത്വം ആണെന്ന് പുറത്തു വന്നിരിക്കുന്നു. സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസിന്റെ നേതൃത്വത്തിൽ സിപിഐ നേതാക്കൾ ഉഷാ സാലിയുടെ ഭർത്താവും സിപിഐ തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി അംഗവുമായ എ.എം.സാലിയുമായാണ് മൂന്നു മാസം മുൻപ് അമ്പലപ്പുഴയിൽ വച്ച് ചർച്ച നടത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരാഴ്ച മുൻപ് ഉഷാ സാലിയെ മഹിളാ അസോസിയേഷൻ തോട്ടപ്പള്ളി മേഖലാ പ്രസിഡന്റായി തിരിച്ചെടുത്തത്. അടുത്ത ദിവസം തന്നെ ഉഷാ സാലി മന്ത്രി ജി.സുധാകരനെതിരായ കേസ് പിൻവലിച്ചു. ഒരു മന്ത്രിക്കെതിരെ സിപിഐ നേതാവിന്റെ ഭാര്യ കേസ് നടത്തുന്നത് സർക്കാരിനെയും മുന്നണി ബന്ധത്തെയും ബാധിക്കുമെന്നും കേസിൽ നിന്നു പിന്തിരിയണമെന്നു ഭാര്യയോട് ആവശ്യപ്പെടണമെന്നുമായിരുന്നു സിപിഐ നേതാക്കൾ നിർദേശിച്ചത്.
എന്നാൽ വ്യക്തിപരമായി ഉഷ സാലി നൽകിയ കേസിൽ ഇടപെടുന്നതിൽ പ്രയാസമുണ്ടെന്ന് സിപിഐ നേതാക്കളെ താൻ അറിയിച്ചതായി എ.എം.സാലി പറഞ്ഞു. പാർട്ടിയുടെ താൽപര്യം ഉഷയെ ധരിപ്പിക്കാമെന്നും സാലി അറിയിച്ചു.
Post Your Comments