കോട്ടയം: വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ മോഡറേഷന്‍ മാര്‍ക്ക് നടപടി പിന്‍വലിച്ചെങ്കിലും മാര്‍ക്ക് ദാനത്തിലൂടെ വിജയിച്ച വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങാതെ സര്‍വകലാശാല. അനധികൃതമായി മാര്‍ക്ക് നേടി ജയിച്ച വിദ്യാര്‍ത്ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെയും തിരികെ വാങ്ങിയിട്ടില്ല. മാര്‍ക്ക്ദാനം റദ്ദാക്കിയ സിന്‍ഡിക്കേറ്റ് തീരുമാനം ചാന്‍സിലര്‍ കൂടിയായ ഗവര്‍ണ്ണറും അംഗീകിരിച്ചിട്ടില്ല.
Read Also : തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി കെ.ടി. ജലീല്‍ മാര്‍ക്ക് ദാനം നൽകിയ സംഭവം , ഗവർണ്ണർ വിശദീകരണം തേടി
2019 ഏപ്രില്‍ 30ന് കൂടിയ സിന്‍ഡിക്കേറ്റാണ് ബിടെക് കോഴ്‌സിന് അഞ്ച് മാര്‍ക്ക് പ്രത്യേക മോഡറേഷന്‍ നല്‍കാന്‍ തീരുമാനിച്ചത്. വലിയ വിവാദമായതോടെ മേയ് 17 ന് കൂടിയ സിന്‍ഡിക്കേറ്റ് മാര്‍ക്ക് ദാന നടപടി പിന്‍വലിച്ചു. 69 പേരാണ് മാര്‍ക്ക് ദാനം വഴി ജയിച്ച് എംജിയില്‍ നിന്നും ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചത്.
ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങിയാലേ സാങ്കേതികമായി മാര്‍ക്ക് ദാനം റദ്ദാകൂ. സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെങ്കില്‍ പ്രസ്തുത വിദ്യാര്‍ത്ഥിക്ക് പ്രത്യേക മെമ്മോ നല്‍കണം. അവരെ വിളിച്ച് വരുത്തി കാരണം ബോധിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങണം. പക്ഷേ ഇതിനുള്ള ഒരു നടപടിയും എംജി സര്‍വകലാശാല തുടങ്ങിയിട്ടില്ല.
ഇനിയുമുണ്ട് മോഡറേഷന്‍ റദ്ദാക്കിയതിലെ നിയമപ്രശ്‌നം. എംജി സര്‍വകലാശാല നിയമം അനുസരിച്ച് ബിരുദം റദ്ദാക്കാണമെങ്കില്‍ അക്കാഡമിക് കൗണ്‍സില്‍ വിളിക്കണം. അക്കാഡമിക് കൗണ്‍സിലിന്റെ നിര്‍ദേശത്തോടെ സിന്‍ഡിക്കേറ്റ് അംഗീകരിച്ച് ചാന്‍സിലര്‍ ഒപ്പിട്ടാലേ ഒരു തീരുമാനം റദ്ദാകൂ. പക്ഷേ ഈ നടപടി ക്രമങ്ങള്‍ പാലിക്കാതെ മാര്‍ക്ക്ദാനം സിന്‍ഡിക്കേറ്റ് ഒറ്റയടിക്ക് റദ്ദാക്കിയത് കാരണം ഗവര്‍ണ്ണര്‍ ഇത് അംഗീകരിച്ചിട്ടില്ല.
Post Your Comments