കോട്ടയം: ആഡംബര ജീവിതത്തിനായി ബൈക്കുകളില്‍ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘം അറസ്റ്റില്‍. മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിച്ചു പണയംവച്ചും വിറ്റും ആഡംബരജീവിതം നടത്തുന്ന മൂന്നു യുവാക്കളാണ് എക്സൈസിന്റെ പിടിയിലായത്. മലപ്പുറത്ത്നിന്ന് മാലയും ബൈക്കും മോഷ്ടിച്ച് ഇവ പണയംവച്ച് കിട്ടിയ പണവുമായി കോട്ടയത്തെ ലോഡ്ജില്‍ മുറിയെടുത്ത് കഞ്ചാവ് അടക്കമുള്ള ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
read also : സ്‌കൂട്ടറില്‍ കറങ്ങി മാല പൊട്ടിക്കുന്ന വീട്ടമ്മയും കാമുകനും പിടിയിൽ
നിലമ്ബൂര്‍ കുറുമ്പലങ്ങോട് ഓലിയക്കര വീട്ടില്‍ ജിനു (22), വിളാര്‍ക്കോട് വീട്ടില്‍ സെഫാന്‍ (20), അരുംപ്രകുന്നില്‍ വീട്ടില്‍ ബാസിം ഫെര്‍ഹാന്‍ (21) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇവരില്‍നിന്നു 100 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ശനിയാഴ്ച ഉച്ചയോടെ പുളിമൂട് ജംഗ്ഷനില്‍ വാഹനപരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘം സംശയാസ്പദ സാഹചര്യത്തില്‍ക്കണ്ട യുവാക്കളെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഇവരുടെ പക്കല്‍നിന്നു കഞ്ചാവ് കണ്ടെത്തിയത്.
മലപ്പുറത്ത് നിരവധി മോഷണക്കേസുകളിലെ പ്രതികളാണ് മൂവരും. മലപ്പുറം, എറണാകുളം ജില്ലകളില്‍നിന്ന് 26 ബൈക്കുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്നു പ്രതികള്‍ സമ്മതിച്ചതായി എക്സൈസ് സംഘം പറഞ്ഞു. കഴിഞ്ഞ ദിവസം മലപ്പുറത്ത്നിന്ന് ഇവര്‍ വയോധികയുടെ രണ്ടര പവന്‍ വരുന്ന മാല മോഷ്ടിച്ചശേഷമാണ് നാടുവിട്ടത്.
മോഷ്ടിച്ച മാല മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ 20,000 രൂപയ്ക്ക് പണയംവച്ചു. ആ പണവും മോഷ്ടിച്ച ബൈക്കുമായി ഇവര്‍ കോട്ടയത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് ലോഡ്ജില്‍ മുറി എടുത്ത് കഞ്ചാവും വലിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു
Post Your Comments