KeralaLatest NewsNews

കൊട്ടാരക്കരയിൽ പഠന യാത്രയ്ക്കിടയിൽ പാമ്പുകടിയേറ്റ വിദ്യാർഥിക്ക് ചികിത്സ വൈകി; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലം: കൊട്ടാരക്കരയിൽ പഠന യാത്രയ്ക്കിടയിൽ പാമ്പുകടിയേറ്റ വിദ്യാർഥിക്ക് ചികിത്സ വൈകിയെന്ന് ആരോപണം. നെടുമൺകാവ് ഗവൺമെന്റ് യുപി സ്കൂളിലെ പഠന യാത്രയ്ക്കിടയിൽ എ. എസ് അഭിനവിന് (12) ആണ് പാമ്പുകടിയേറ്റത്. അധ്യാപകരുടെയും ആശുപത്രി അധികൃതരുടെയും നിലപാട് മുലം ചികിത്സ വൈകുകയായിരുന്നു. ആറാം ക്ലാസ് വിദ്യാർഥി എ. എസ് അഭിനവിന് ആന്റിവനം ചികിത്സ നൽകാൻ രക്ഷകർത്താക്കൾ എത്തുന്നതു വരെ കാത്തിരുന്നുവെന്നാണ് പരാതി.

നെടുമൺകാവ് യുപി സ്കൂളിൽ നിന്നും പഠന യാത്രയ്ക്കായി തെന്മല വനത്തിലെത്തിയ സംഘത്തിലെ വിദ്യാര്‍ഥിക്കാണ് പാമ്പ് കടിയേറ്റത്. രാവിലെ വിഷമേറ്റ ആറാം ക്ലാസ് വിദ്യാർഥി അഭിനവിനെ അധ്യാപകർ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഈ മാസം 16നാണ് സംഭവം.

എന്നാൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നടത്തിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും വിഷ ചികിത്സ തുടങ്ങാൻ വൈകിയെന്നാണ് ആരോപണം. ആന്റിവനം ചെയ്യുന്നതിന് സമ്മതപത്രം ഒപ്പിട്ടു നൽകാൻ ആശുപത്രിയിലേക്കെത്തിക്കൊണ്ടിരുന്ന രക്ഷിതാക്കൾ ഫോണിലൂടെ ആവശ്യപ്പെട്ടെങ്കിലും അധ്യാപകർ തയ്യാറായില്ലന്നാണ് പരാതി.

ALSO READ: പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനിയുടെ മരണം: ഷഹലയുടെ വീട് സന്ദർശിച്ച വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാട്ടി

എന്നാൽ രക്ഷിതാക്കൾ എത്തിയെങ്കിൽ മാത്രമേ ആന്റിവനം ചികിത്സ തുടങ്ങു എന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനാലാണ് കാത്തിരുന്നതെന്ന് അധ്യാപകർ പറയുന്നു.പ്രഥമ അധ്യാപികയുടെ വീഴ്ച ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയിട്ടുണ്ട്. അഭിനവ് ഇപ്പോൾ മരുന്നിനോട് പ്രതികരിച്ചു തുടങ്ങിയെന്നും ആരോഗ്യ നില വീണ്ടെടുത്തു തുടങ്ങിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button