മുംബൈ: മോദി ഷാ ‘മഹാ’രാഷ്ട്ര ‘മാജിക്’ നടന്ന ദിവസമായിരുന്നു ഇന്ന്. മഹാരാഷ്ട്രയിൽ ബി ജെ പി സർക്കാർ അധികാരത്തിൽ വന്നത് ഇപ്പോഴും കോൺഗ്രസ്-ശിവസേന നേതാക്കൾക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം, ബിജെപിക്കൊപ്പം ചേർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എൻസിപി നേതാവ് അജിത് പവാറിനെ നിയമസഭാ നേതാവ് സ്ഥാനത്തു നിന്നും നീക്കി. പകരം ദിലീപ് വാസ്‌ലെയെ നിയമിച്ചു. ശരദ് പവാറും എൻസിപി സംസ്ഥാന സെക്രട്ടറി ജയന്ത് പാട്ടീലും ചേർന്നാണ് തീരുമാനമെടുത്തത്.
മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ രൂപീകരിച്ച നടപടി ചോദ്യം ചെയ്ത് ശിവസേന, എൻസിപി, കോൺഗ്രസ് സഖ്യം സുപ്രീംകോടതിയെ സമീപിച്ചു. സംയുക്ത ഹർജിയാണ് സമർപ്പിച്ചിരിക്കുന്നത്. ഇന്നു തന്നെ വാദം കേൾക്കണമെന്നാണ് ആവശ്യം. ഗവർണറുടെ ഓഫീസ് രേഖകൾ പരിശോധിക്കണം. എന്ത് അർത്ഥത്തിലാണ് ഫഡ്നാവിസിന് മഹാരാഷ്ട്രയിൽ ഭൂരിപക്ഷം ഉണ്ടെന്ന് ഗവർണർക്ക് ബോധ്യപ്പെട്ടത് എന്ന് തെളിയിക്കണം. 288 അംഗ നിയമസഭയിൽ 154 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്ക് ഉണ്ടെന്നുണ് സഖ്യം അവകാശപ്പെടുന്നത്.
ഇന്ന് പുലർച്ചെയാണ് അസാധാരണമായ രീതിയിൽ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം ഉണ്ടായത്. കോൺഗ്രസ്, എൻസിപി, ശിവസേന കൂട്ടുകെട്ടിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകാനുള്ള ഒരുക്കം നടന്നുവരികയായിരുന്നു. എന്നാൽ ഇതു മുന്നിൽ കണ്ട് ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു.
Post Your Comments