ന്യുഡല്‍ഹി: മഹാരാഷ്ട്രയിലെ ശിവസേനാ, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ വോട്ടറുടെ ഹര്‍ജി. മൂന്ന് പാര്‍ട്ടികളും തമ്മിലുള്ള സഖ്യം ജനവിധിക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്ര ഇന്ദ്രബഹാദൂര്‍ സിംഗ് എന്ന വോട്ടർ ഹര്‍ജി നല്‍കിയത്.പരസ്പരം മത്സരിച്ച പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിന് ശേഷം സഖ്യം രൂപീകരിക്കുന്നത് അനുവദിക്കരുതെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.
പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പൂര്‍വ സഖ്യത്തില്‍ വിശ്വസിച്ചാണ് ജനങ്ങള്‍ അവര്‍ക്ക് വോട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പരസ്പരം മത്സരിച്ച പാര്‍ട്ടികള്‍ തമ്മില്‍ സഖ്യം രൂപീകരിക്കുകയാണ്. ശിവസേന-ബി.ജെ.പി സഖ്യത്തിനും കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിനും ജനങ്ങള്‍ വോട്ട് ചെയ്തത് അവരുടെ നയങ്ങള്‍ക്ക് അനുസരിച്ചാണെന്നും. എന്നാല്‍ ഇപ്പോള്‍ പരസ്പരം മത്സരിച്ചവര്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണെന്നും ഹര്‍ജിക്കാരന്‍ കുറ്റപ്പെടുത്തി.
ദിന്ദോഷി മണ്ഡലത്തിലെ വോട്ടറാണ് ഹര്‍ജിക്കാരനായ സിംഗ്. അതേസമയം മൂന്ന് പാര്‍ട്ടികളും തമ്മിലുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ ധാരണയായിട്ടുണ്ട്. എന്‍.സി.പിക്കും കോണ്‍ഗ്രസിനും ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കും. നേരത്തെ ശിവസേന തലവൻ ഉദ്ധവ് താക്കറെയ്‌ക്കെതിരെയും വോട്ടർ പോലീസിൽ പരാതി നൽകിയിരുന്നു. വിശ്വാസ വഞ്ചനാ കുറ്റമാണ് ആരോപിച്ചിരിക്കുന്നത്.
Post Your Comments