KeralaLatest NewsNews

‘രാവിലെ ചിരിച്ചു കളിച്ചു വീട്ടില്‍ നിന്നും പോയ കുട്ടിയെ വൈകിട്ട് എടുത്തുകൊണ്ടോടേണ്ടി വന്ന ആ അച്ഛനെ ഓര്‍ത്തപ്പോള്‍ കരഞ്ഞുപോയി’ : മുരളി തുമ്മാരുകുടി

വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ സര്‍വജന വൊക്കേഷന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. ഷഹ്ലയ്ക്ക് പാമ്പ് കടിയേറ്റപ്പോള്‍ വിവിധ അധ്യാപകര്‍ എടുത്ത നിലപാടിനെ വിമര്‍ശിച്ച മുരളി തുമ്മാരുകുടി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ നിലപാടിനെ പ്രശംസിച്ചു. അടിയന്തര ഘട്ടത്തില്‍ ഇങ്ങനെ പ്രതികരിച്ച അധ്യാപകര്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ പഠിച്ചിട്ടും, ഉണ്ടായ കാര്യങ്ങള്‍ ആരും പറഞ്ഞുകൊടുക്കാതെ കാമറക്ക് മുന്‍പില്‍ ആരെയും പേടിക്കാതെ പറയാന്‍ ധൈര്യമുള്ള ഒരു കൂട്ടം കുട്ടികള്‍ ആ സ്‌കൂളില്‍ ഉണ്ടെന്നത് തന്നെയാണ് ആശ്വാസമെന്ന് മുരളി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നമ്മുടെ ഭാവി!

ക്ലാസ് റൂമിൽ ചെരുപ്പിട്ടാൽ ദേഷ്യപ്പെടുന്ന അധ്യാപകർ…

എന്നെ പാന്പ് കടിച്ചു എന്ന് കുട്ടി പറഞ്ഞപ്പോൾ, രക്ഷകർത്താവ് വരട്ടെ എന്നുപറഞ്ഞ് നോക്കിയിരിക്കുന്നവർ…

ഇവിടെ കാറുണ്ടല്ലോ അതിൽ കുട്ടിയെ കൊണ്ടുപോയിക്കൂടെ എന്ന് ചോദിക്കുന്പോൾ ദേഷ്യപ്പെടുന്നവർ…

സഹപാഠിക്ക് എന്ത് പറ്റിയെന്ന് അന്വേഷിക്കുന്നവരെ വടിയെടുത്ത് ഓടിക്കുന്ന സ്‌കൂൾ.

ഇത്തരക്കാർ പഠിപ്പിക്കുന്ന സ്‌കൂളിൽ പഠിച്ചിട്ടും, ഉണ്ടായ കാര്യങ്ങൾ ആരും പറഞ്ഞുകൊടുക്കാതെ കാമറക്ക് മുൻപിൽ ആരെയും പേടിക്കാതെ പറയാൻ ധൈര്യമുള്ള ഒരു കൂട്ടം കുട്ടികൾ ആ സ്‌കൂളിൽ ഉണ്ടെന്നത് തന്നെയാണ് ആശ്വാസം.
രാവിലെ ചിരിച്ചു കളിച്ചു വീട്ടിൽ നിന്നും പോയ കുട്ടിയെ വൈകിട്ട് തളർന്നു കിടക്കുന്പോൾ എടുത്തുകൊണ്ടോടേണ്ടി വന്ന അന്ന ആ അച്ഛനെ ഓർത്തപ്പോൾ കരഞ്ഞുപോയി.

എന്തുകൊണ്ടാണ് കുട്ടിയെ കൊണ്ടുപോയ ആശുപത്രിയിൽ വേണ്ടത്ര രോഗനിർണ്ണയവും ചികിത്സയും കിട്ടാതിരുന്നത് എന്നതും എന്നെ അന്പരപ്പിക്കുന്നുണ്ട്.

നല്ല കളക്ടർ ഒക്കെയുള്ള ജില്ലയായതിനാൽ ശരിയായ അന്വേഷണം നടക്കുമെന്നും, ഇതിൽ നിന്നും എന്തെങ്കിലും പാഠങ്ങൾ നമ്മുടെ കുട്ടികൾക്ക് വേണ്ടി പഠിക്കുമെന്നും തന്നെയാണ് പ്രതീക്ഷ.
കുട്ടികളെ, നിങ്ങൾ അഭിമാനമാണ്.

അധ്യാപകർ സ്വന്തം മനസാക്ഷിയോട് ചോദിച്ചാൽ മതി.

മുരളി തുമ്മാരുകുടി

https://www.facebook.com/thummarukudy/posts/10219272347054796

shortlink

Related Articles

Post Your Comments

Related Articles


Back to top button