കൊച്ചി: യാക്കോബായ സഭയോട് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷനോട് അഭ്യര്‍ത്ഥനയുമായി ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍. യാക്കോബായ സഭയുമായുള്ള തര്‍ക്കങ്ങള്‍ക്ക് രമ്യമായ പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം. ഓര്‍ത്തഡോക്സ് സഭയിലെ മുതിര്‍ന്ന വൈദികരുള്‍പ്പെടെയുള്ളവര്‍ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവയോടാണ് അഭ്യര്‍ഥന നടത്തിയത്.
Read Also : സംസ്ഥാനത്തെ യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം : സുപ്രീം കോടതി ഉത്തരവ് ഇങ്ങനെ
ബാവാ ഉള്‍പ്പെടെ, ജീവിച്ചിരിക്കുന്ന എല്ലാ മെത്രാപ്പൊലീത്തമാരുടെയും സെമിനാരി അധ്യാപകനായ ഫാ. ടി.ജെ. ജോഷ്വ, വൈദിക സെമിനാരി മുന്‍ പ്രിന്‍സിപ്പലും വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗവുമായ ഫാ. കെ.എം. ജോര്‍ജ്, പഴയ സെമിനാരി മുന്‍ പ്രിന്‍സിപ്പലും സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ജനറലുമായിരുന്ന ഫാ. ജേക്കബ് കുര്യന്‍, മുന്‍ വൈദിക ട്രസ്റ്റിയും പഴയ സെമിനാരി പ്രിന്‍സിപ്പലുമായിരുന്ന ഫാ. ഒ. തോമസ് തുടങ്ങിയവരാണ് നിവേദനം നല്‍കിയത്.
നിവേദനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇങ്ങനെ
ഓര്‍ത്തഡോക്‌സ് സഭാചരിത്രത്തില്‍ ഇത്രയും നല്ലൊരു കോടതിവിധി ലഭിച്ചിട്ടില്ല. നാമെല്ലാവരും സ്വപ്നംകാണുന്ന മലങ്കര സഭയുടെ ഒന്നായിത്തീരല്‍, വ്യവഹാര രഹിതസഭ, ശാശ്വത സമാധാനം എന്നീ ലക്ഷ്യങ്ങള്‍ വിധിയോടെ കൈവരുമെന്നു പ്രതീക്ഷിച്ചു. എന്നാല്‍, സമീപകാല സംഭവങ്ങള്‍ ഈ പ്രതീക്ഷയ്ക്കു മങ്ങലേല്പിച്ചു.
പൊതുസമൂഹത്തില്‍ സഭ അവഹേളിക്കപ്പെട്ടു. രാഷ്ട്രീയമായി അവഗണിക്കപ്പെട്ടു. മാധ്യമങ്ങള്‍ക്കു മുന്നില്‍ പരിഹാസപാത്രമായി. ഇപ്പോള്‍ നടക്കുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ അപലപനീയമാണ്.
മറുകക്ഷിയിലെ (യാക്കോബായ സഭ) അംഗങ്ങളുടെ ശവസംസ്‌കാരം സംബന്ധിച്ചുണ്ടാകുന്ന തര്‍ക്കങ്ങളും അക്രമങ്ങളും ക്രൈസ്തവസാക്ഷ്യത്തിന് എതിരാണ്. ക്രിസ്തീയമായ ക്ഷമയുടെ ആത്മാവില്‍ നിന്നുകൊണ്ട് ഇത്തരം സാഹചര്യങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാന്‍ അലിഖിതമായ ഒരു ധാരണയുണ്ടാകണം.
കാതോലിക്കാ ബാവാ ഇപ്പോള്‍ കക്ഷിഭേദമന്യേ മലങ്കരസഭയിലെ മുഴുവന്‍ വിശ്വാസികളുടെയും ആത്മീയ മേലധ്യക്ഷനായതിനാല്‍ തര്‍ക്കമുള്ള ഇടവകകളില്‍ മറുപക്ഷത്തു നില്‍ക്കുന്ന സഹോദരങ്ങളെ ക്രിസ്തുവിന്റെ ആത്മാവില്‍ സ്വാഗതംചെയ്യണം. അവരുടെ ഹൃദയങ്ങളെ മുറിപ്പെടുത്താതെയും വികാരങ്ങളെ വ്രണപ്പെടുത്താതെയുമുള്ള നടപടികളാണ് നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും അവര്‍ പറയുന്നു.
Post Your Comments