ന്യൂഡല്‍ഹി : കോണ്‍ഗ്രസ് സമീപകാലത്തായി മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നുവെന്ന വിമര്‍ശനവുമായി മുസ്ലിം ലീഗ്. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ പോലും കോണ്‍ഗ്രസ് ഈ നിലപാട് സ്വീകരിക്കുന്നതെന്നാരോപിച്ചു ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടു. അയോധ്യവിധി, പൗരത്വ രജിസ്‌റ്റര്‍, കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നതായാണ് വിമര്‍ശനം.
ബാബ്‌റി മസ്‌ജിദ് ഭൂമി തര്‍ക്ക കേസിലെ സുപ്രീംകോടതി വിധി എല്ലാവരും അംഗീകരിക്കുന്നു. എന്നാല്‍ ഒരു വിഭാഗം വളരെ നിരാശയിലാണ്. അവരുടെ വാദഗതികള്‍ കേട്ടിട്ടില്ലെന്ന വികാരം ആ വിഭാഗത്തിനുണ്ട്. ആ വികാരം കണക്കിലെടുക്കണമെന്ന് സോണിയാ ഗാന്ധിയോട് പറഞ്ഞതായും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വേണ്ട വിധം പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും ലീഗ് നേതാക്കള്‍ വിമര്‍ശിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രതികരണം ദുര്‍ബലമായിരുന്നു.
കാലങ്ങളായി ഒപ്പംനിന്നിട്ടും പ്രതിസന്ധി ഘട്ടത്തില്‍ പ്രതിരോധിക്കാതെ കോണ്‍ഗ്രസ് പിന്‍വാങ്ങിയെന്നും ലീഗിന് പരാതിയുണ്ട്.മഹാരാഷ്‌ട്രയില്‍ ശിവസേനയുമായി കൈകോര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിലുള്ള ആശങ്കയും ലീഗ് നേതാക്കള്‍ സോണിയാ ഗാന്ധിയെ ധരിപ്പിച്ചു. മതേതര കക്ഷികളെ ഒന്നിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ് കൂടുതല്‍ ക്രിയാത്മകമായി ഇടപെടണമെന്നാണ് ലീഗ് നേതൃത്വത്തിന്റെ ആവശ്യം. കടപ്പാട് മംഗളം
Post Your Comments