തിരുവനന്തപുരം : ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ ആറ് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മുറ ജപത്തിന് വ്യാഴാഴ്ച ആരംഭമാകുന്നു. നാടിന്റെയും വ്യക്തിയുടെയും ശുദ്ധീകരണമാണ് മുറജപം. ശ്രീപത്മനാഭന്റെ അനുഗ്രഹത്തിനും പ്രീതിക്കുമായാണ് മുറജപം നടക്കുന്നത്. അതില്‍ പങ്കുചേരുന്നതു തന്നെ പുണ്യം. 2019 നവംബര്‍ 21 ന് ആരംഭിക്കുന്ന മുറജപം 2020 ജനുവരി 15 നു സമാപിക്കും.
ആറു വര്‍ഷത്തിലൊരിക്കല്‍ ശ്രീപത്മനാഭ സ്വാമീ ക്ഷേത്രത്തില്‍ നടത്തുന്ന മുറജപത്തിന്റെ ഭാഗമാകുന്ന ഭക്തന് എല്ലാവിധ പ്രതിസന്ധികളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. 56 ദിവസം നീണ്ടു നില്ക്കുന്ന ജപത്തിനു അവസാനം കാഴ്ചയ്ക്ക് പ്രഭയേകി മകര സംക്രാന്തി ദിനമായ അടുത്ത ജനുവരി 15 നു ലക്ഷ ദീപപ്രഭയില്‍ ക്ഷേത്രം വിളങ്ങും. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മയുടെ ഭരണകാലത്ത് ആരംഭിച്ച ചടങ്ങുകള്‍ ചെറിയ മാറ്റങ്ങളോടെയാണ് ഇപ്പോള്‍ അനുഷ്ഠിക്കുന്നത്. കാഞ്ചിപുരം, പേജാവര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വേദ പണ്ഡിതന്മാര്ക്കു പുറമേ കേരളത്തിലെ വിവിധ ബ്രാഹ്മണ സഭകളിലെയും യോഗ ക്ഷേമ സഭകളിലെയും പ്രതിനിധികളുള്‍പ്പെടെ 200 പേരുടെ കാര്‍മികത്വത്തിലാണ് ജപം.
എട്ടു ദിവസങ്ങളിലായുള്ള ഏഴുമുറകളിലാണു ജപം നടക്കുക. ഓരോ മുറയും കഴിയുമ്പോള്‍ ശീവേലി. അങ്ങനെ മുറജപം പൂര്‍ത്തിയാകുന്ന ജനുവരി 15ന് ലക്ഷ ദീപം. മന്ത്ര പ്രധാനമായ ഋക്വേദം, ക്രിയാ പ്രധാനമായ യജുര്‍വേദം, ശ്രുതി പ്രധാനമായ സാമവേദം എന്നിവയുടെ സമന്വയമാണ് ഓരോ മുറജപവും. രാവിലെ 6.30 മുതല്‍ 8.30 വരെയാണ് ജപം. അതിനു മുന്‍പ് അലങ്കാര പൂജ, മുഴുക്കാപ്പ്, നിറദീപം, പ്രത്യേക ഗണപതി ഹോമം എന്നിവ നടത്തും
Post Your Comments