തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ അഹിന്ദുവായ സ്ത്രീ ദർശനം നടത്തിയെന്ന് റിപ്പോർട്ട്. തിരുവനന്തപുരം മണക്കാട് സ്വദേശിയായ മുസ്ലിം സ്ത്രീ ക്ഷേത്രത്തിലെത്തിയെന്ന വിവരത്തെ തുടർന്ന് പ്രായശ്ചിത്ത കർമ്മങ്ങൾ ക്ഷേത്രത്തിൽ ആരംഭിച്ചു. അല്പശി ഉത്സവത്തിന്റെ കൊടിയേറ്റിന് മുന്നോടിയായുള്ള ചടങ്ങുകളും വീണ്ടും നടത്താൻ ക്ഷേത്ര തന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. പ്രായശ്ചിത്ത ചടങ്ങുകൾ ഉൾപ്പെടെ നടക്കുന്നതിനാൽ ക്ഷേത്രത്തിലെ ദർശന സമയത്തിൽ ഉൾപ്പെടെ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
അല്പശി ഉത്സവം കൊടിയേറാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ അഹിന്ദുവായ സ്ത്രീ ദർശനം നടത്തിയത്. ഇന്നലെ വൈകിട്ടാണ് തിരുവനന്തപുരം മണക്കാട് സ്വദേശിയായ മുസ്ലിം സ്ത്രീ ക്ഷേത്രത്തിലെത്തിയത്. ഇവരെ നേരത്തെ പരിചയമുണ്ടായിരുന്ന ക്ഷേത്രത്തിലുണ്ടായിരുന്നയാളാണ് സ്ത്രീയെ തിരിച്ചറിഞ്ഞത്. തുടർന്ന് ക്ഷേത്രം അധികൃതരെ വിവരമറിയിക്കുകയും ചോദ്യം ചെയ്തപ്പോൾ ഇവർ സമ്മതിക്കുകയുമായിരുന്നു. ഇവരെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
ഇതിന് പിന്നാലെ കൊടിയേറ്റിന് മുന്നോടിയായി നടത്തുന്ന ദ്രവ്യകലശം, മണ്ണുനീർ കോരൽ, എന്നിവ ഉൾപ്പെടെയുള്ള ക്ഷേത്ര ചടങ്ങുകൾ വീണ്ടും നടത്താൻ ക്ഷേത്ര തന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള പ്രായശ്ചിത്ത ചടങ്ങുകൾ ഉപ്പെടെയുള്ള ചടങ്ങുകൾ ക്ഷേത്രത്തിൽ ആരംഭിച്ചു. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആചാരമനുസരിച്ച് ഹിന്ദുമത വിശ്വാസികൾക്ക് മാത്രമേ ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശിച്ച് പ്രാർത്ഥന നടത്തണമെങ്കിൽ ഹിന്ദുമതത്തിൽ വിശ്വസിക്കുന്നവരാണെന്ന് സത്യവാങ്മൂലം നൽകണമെന്നാണ് ചട്ടം. .
Post Your Comments