CinemaLatest NewsIndiaNewsEntertainment

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേള ഇന്നാരംഭിക്കും; ‘ഡെസ്പൈറ്റ് ഫോഗ്’ ഉദ്ഘാടന ചിത്രം

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് സ്റ്റൈൽ മന്നൻ രജനീകാന്തിന് ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി പുരസ്‌കാരം നല്‍കുന്നു എന്ന പ്രത്യേകതയും ഈ ചലച്ചിത്ര മേളയ്ക്കുണ്ട്

പനജി: ലോക സിനിമകളുടെ ദൃശ്യാസ്വാദനത്തിനായി ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. ഗോവ തലസ്ഥാനമായ പനജിയില്‍ ഇന്ന് മുതല്‍ നവംബര്‍ 28 വരെയാണ് മേള. 76 രാജ്യങ്ങളില്‍നിന്നുള്ള ഇരുനൂറിലധികം ചിത്രങ്ങള്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. വൈകുന്നേരം, ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചനായിരിക്കും മേള ഉദ്ഘാടനം ചെയ്യുന്നത്. പ്രശസ്ത സംവിധായകൻ ഗാരന്‍ പാസ്‌കലേവിക് സംവിധാനംചെയ്ത ‘ഡെസ്‌പൈറ്റ് ഫോഗ്’ ആണ് മേളയുടെ ഉദ്ഘാടന ചിത്രം. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് സ്റ്റൈൽ മന്നൻ രജനീകാന്തിന് ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി പുരസ്‌കാരം നല്‍കുന്നു എന്ന പ്രത്യേകതയും ഈ ചലച്ചിത്ര മേളയ്ക്കുണ്ട്.

9000-ലധികം പേരാണ് മേളയില്‍ പങ്കെടുക്കാനായി ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 41 ചിത്രങ്ങളായിരിക്കും പ്രദര്‍ശിപ്പിക്കുക. ഇവയിൽ, 26 എണ്ണം ഫീച്ചര്‍ വിഭാഗത്തിലും 15 എണ്ണം നോണ്‍ ഫീച്ചര്‍ വിഭാഗത്തിലുമാണ്. മലയാളത്തിന്റെ അത്ഭുത സംവിധായകൻ പ്രിയദര്‍ശനാണ് ഫീച്ചര്‍ വിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍. സംവിധായകൻ അഭിഷേക് ഷായുടെ ഗുജറാത്തി ചിത്രം ‘ഹെല്ലരോ’ ആണ് ഫീച്ചര്‍ വിഭാഗത്തിലെ ആദ്യ പ്രദർശന ചിത്രം.

കേരള കരയിൽ നിന്ന് മനു അശോകന്‍ സംവിധാനം ചെയ്ത ‘ഉയരെ’, ടികെ രാജീവ് കുമാറിന്റെ ‘കോളാമ്പി’ തുടങ്ങിയ മലയാള ചിത്രങ്ങളും പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാകട്ടെ, ജയരാജിന്റെ ‘ശബ്ദിക്കുന്ന കലപ്പ’, നൊവിന്‍ വാസുദേവിന്റെ ‘ഇരവിലും പകലിലും ഒടിയന്‍’ എന്നീ ചിത്രങ്ങളും ഇടം പിടിച്ചിട്ടുണ്ട്. മേളയുടെ സുവര്‍ണ ജൂബിലിയുമായി ബന്ധപ്പെട്ട് വലിയ ആഘോഷങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

മേളയുടെ ലിംഗ നിലപാട് വ്യക്തമാക്കുന്ന തരത്തിൽ അന്താരാഷ്ട്രതലത്തില്‍ അംഗീകാരങ്ങള്‍ നേടിയ മികച്ച 50 വനിതാ സംവിധായകരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button