ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാല ( ജെഎൻയു ) പലതിന്റെയും പേരിൽ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. അടുത്ത കാലത്തൊക്കെ നല്ലതെന്തെങ്കിലും ചെയ്തതിന്റെ പേരിലല്ല അത് ശ്രദ്ധിക്കപ്പെട്ടിരുന്നത്; ഇപ്പോഴും സ്ഥിതി അത് തന്നെ. ഇന്ത്യയുടെ തലസ്ഥാന നഗരിയുടെ ഹൃദയ ഭാഗത്തുള്ള സർവകലാശാല ഇന്നിപ്പോൾ നാട്ടുകാർക്ക് ഒരു തലവേദനയായിരിക്കുന്നു. മുൻപ് ക്യാമ്പസിനുള്ളിൽ നടന്നിരുന്ന നടപടികളും പ്രവർത്തികളുമാണ് പ്രശ്നമായിരുന്നത് എങ്കിൽ ഇന്നത് പുറത്തേക്ക് കൂടി വ്യാപിച്ചിരിക്കുന്നു. ന്യായമായ എന്തെങ്കിലും ആവശ്യങ്ങളുടെ പേരിലാണ് ഇപ്പോൾ നടക്കുന്ന പ്രക്ഷോഭമെങ്കിൽ മനസ്സിലാക്കാമായിരുന്നു. എന്നാൽ അത് അങ്ങിനെയല്ല എന്ന് സർവരും സമ്മതിക്കുന്നുണ്ട്. അവിടെ, ഡൽഹിയുടെ ഹൃദയ ഭൂമിയിൽ, പ്രതിമാസം വെറും പത്ത് രൂപക്ക് മുറി കൊടുക്കണം എന്നതാണ് വിദ്യാർഥികളുടെ ആവശ്യം; ആ മുറിവാടക മുന്നൂറ് രൂപയാക്കിയത് അംഗീകരിക്കാനാവുന്നില്ല. പിന്നാക്കക്കാർക്ക് ആനുകൂല്യം നല്കാൻ സർവകലാശാല തയ്യാറാണ് എന്നതുമോർക്കുക; ഈ വിധത്തിൽ ഏതെങ്കിലുമൊരു സർവകലാശാലക്ക് മുന്നോട്ട് പോകാനാവുമോ; ഇനി അങ്ങിനെ പോകുന്നെങ്കിൽ തന്നെ എത്രനാൾ ?. ഇതാണ് രാജ്യം ചർച്ചചെയ്യുന്നത് .
ഈ സർവകലാശാലയിൽ നടന്നിരുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങളാണ് ഒരു കാലത്ത് വിവാദമായിരുന്നത്. അത് ഒരു അർബൻ മാവോയിസ്റ്റ് ക്യാമ്പസ് ആയിത്തീർന്നു എന്നതായിരുന്നല്ലോ പൊതുവായ ഒരു നിരീക്ഷണം. ഇന്നത്തെ യുവതലമുറയുടെ പ്രതീകമാണിത് എന്നൊക്കെ വിശേഷിപ്പിച്ചവരുണ്ട് എന്നത് ശരി തന്നെ. എന്നാൽ ആ സംസ്കാരം ഇന്ത്യയുടേതായിരുന്നില്ല. എന്തിനോടും നിഷേധാത്മകമായി പ്രതികരിക്കുന്ന ഒരു വിഭാഗമായി അവരിൽ കുറേപ്പേർ മാറുകയായിരുന്നു.അവരുടെ ദേശവിരുദ്ധതയും പലപ്പോഴും ശ്രദ്ധിക്കപ്പെട്ടു; ഡൽഹിയിൽ ബിജെപി വിരുദ്ധ പക്ഷത്തിന്റെ കേന്ദ്രമായി അത് മാറുന്നതും ഇതിനിടയിൽ കണ്ടു. പലരുടെയും മനസുകളിൽ, ഇന്ത്യൻ ദേശീയതക്കെതിരായ വികാര പ്രകടനത്തിന്റെ താവളമാവുന്നു അതെന്നതാണ് മറ്റൊന്ന് . രാഷ്ട്രീയമായി ബിജെപിയെ നേരിടുന്നതിൽ തെറ്റൊന്നുമില്ലല്ലോ. അത് നടക്കേണ്ടതുമാണ്. അതിനെ രാഷ്ട്രീയ പ്രവർത്തനമായി വിവക്ഷിക്കപെടുകയും ചെയ്യും. എന്നാൽ ബിജെപിയെയോ അത് ഉൾക്കൊള്ളുന്ന ചിന്തയേയോ എതിർക്കുന്നതിന് പകരം രാജ്യത്തെ തന്നെ നശിപ്പിക്കാനുതകുന്ന മുദ്രാവാക്യങ്ങൾ ഉയർത്തുന്നത് അംഗീകരിക്കാനാവില്ലല്ലോ. അത്തരം ദേശവിരുദ്ധ ചിന്ത ഒരു സർക്കാരിനും രാജ്യത്തിനും സ്വീകാര്യമാവുകയില്ല. അടുത്തകാലത്തായി ജെഎൻയുവിൽ മുഴങ്ങിക്കേട്ടത് എന്നാൽ അതൊക്കെയാണ്. അതുകൊണ്ടുതന്നെയല്ലേ എല്ലാവരുടെയും കണ്ണുകൾ ആശങ്കകളോടെ ആ സർവകലാശാല ക്യാമ്പസിലേക്കെത്തിയതും?
ഏതാനും വര്ഷം മുൻപാണിത്; ഇന്ത്യയെ വെട്ടിമുറിക്കണം, ഇന്ത്യയെ വിഭജിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങൾ അവിടെ മുഴങ്ങി. കാശ്മീരിനെ സ്വാതന്ത്രമാക്കണം, കേരളത്തെ വേറെ രാജ്യമാക്കണം ……… അങ്ങിനെ എന്തൊക്കെയോ നാം കേട്ടുവല്ലോ. ആ വേളയിൽ ആ പ്രതിഷേധത്തിന് സഹായവും പ്രേരണയുമായി രംഗത്ത് വന്നവരിൽ നമ്മുടെ നാട്ടിലെ പ്രതിപക്ഷ നേതാക്കളുമുണ്ടായിരുന്നു. ഒരു ആസൂത്രിത പദ്ധതിയായിരുന്നു അത് എന്നത് വ്യക്തം. ജെഎൻയുവിലെ ദേശവിരുദ്ധ നീക്കങ്ങൾ, ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ ഒരു ആത്മഹത്യ,ബംഗാളിൽ ഒരു സർവകലാശാലയിൽ നടന്ന സമാനമായ സമരങ്ങൾ; ഇതിനൊക്കെ ചില ഏകീകൃത രൂപങ്ങളുണ്ടായിരുന്നുവല്ലോ. അതിലൊക്കെ നിഴലിച്ചത് ഇന്ത്യ വിരുദ്ധതയാണ്; ദേശ വിരുദ്ധതയാണ്; പിന്നെ അതൊക്കെയുയർത്തി നരേന്ദ്ര മോഡി സർക്കാരിനെ അട്ടിമറിക്കാം എന്ന കുറേപ്പേരുടെ ആഗ്രഹവും. സീതാറാം യെച്ചൂരി, രാഹുൽ ഗാന്ധി, കെജ്രിവാൾ, അഖിലേഷ് യാദവ് തുടങ്ങിയവർക്കൊക്കെ ഒരു കുടക്കീഴിൽ വരാനായത് ഈ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് എന്നത് മറന്നുകൂടാ താനും.
അർബൻ മാവോയിസ്റ്റ്റുകളുടെ വിളനിലമായി ഒരു സർവകലാശാല ഇന്ത്യക്ക് ആവശ്യമുണ്ടോ എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഇത്തരക്കാരെ നേരിടണം എന്ന പക്ഷത്താണ് സർവരും; കമ്മ്യൂണിസ്റ്റുകാർക്ക് പോലും ആ വെളിപാട് ഉണ്ടായിരിക്കുന്നു എന്നതാണല്ലോ അടുത്തകാലത്ത് കേരളത്തിലുണ്ടായ രണ്ട് യുവാക്കളുടെ അറസ്റ്റും അതിന്റെ പേരിൽ നടന്ന ചർച്ചകളും കേരളാ മുഖ്യമന്ത്രി എടുത്ത നിലപാടുകളുമൊക്കെ കാണിച്ചുതന്നത്. ഒരു ഭരണകൂടത്തിനും ഇത്തരക്കാരെ തലയിലേറ്റി മുന്നോട്ട് പോകാനാവുകയില്ല എന്നതാണ് സിപിഎം നേതാക്കൾ പോലും പറയുന്നത്. അവരെയൊക്കെ യുഎപിഎ -യുടെ പരിധിയിൽ കൊണ്ടുവന്നതും അതുകൊണ്ടാണ്. എന്നാൽ ഇന്നിപ്പോൾ ജെഎൻയു-വിലെ കാര്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ യുഎപിഎ ചുമത്താൻ യോഗ്യമായ എത്രയോ കേസുകളുണ്ടാവാം എന്നതാണ് പലരും തുറന്നു പറയുന്നത്. അതിലേക്ക് കാര്യങ്ങൾ എത്താത്തത് ഒരർഥത്തിൽ ഭാഗ്യമെന്ന് കരുതാം. ആ നിലക്കൊരു ചീത്തപ്പേര് ആ നെഹ്റുവിൻറെ പേരിലുള്ള കലാശാലക്ക് ഉണ്ടായിക്കൂടല്ലോ.
ഇനി വിഷയത്തിലേക്ക് വരാം. ജെഎൻയുവിൽ അടുത്തകാലത്തൊന്നും ഹോസ്റ്റൽ ഫീസ് വർധിപ്പിച്ചിട്ടില്ല; മറ്റ് സൗകര്യങ്ങൾക്കുള്ള ഫീസുകളും അങ്ങിനെ തന്നെ. 1977 ലെ നിരക്കിൽ തന്നെ ഇന്നും ഡൽഹിയിൽ ഒരു നല്ല മുറി കിട്ടുന്ന താവളമായി ആ സർവകലാശാല മാറിയിരിക്കുന്നു എന്നർത്ഥം. അതുകൊണ്ട് ഒരിക്കൽ അവിടെ പഠിക്കാനായെത്തിയാൽ ഒരിക്കലും അത് പൂർത്തിയാക്കി പലരും പോകുന്നില്ല; ഡൽഹിയിൽ പല ജോലികൾ ചെയ്യുന്നവരും അവിടെ ഏതാണ്ട് സ്ഥിരമായി തങ്ങുന്നു; കാരണം പറയുക, സാങ്കേതികമായി വിദ്യാർഥി ആണ് എന്നത്. ഇനി അവിടത്തെ ഫീസ് നിരക്കുകൾ ഒന്ന് നോക്കുക. ഹോസ്റ്റലിൽ ഒരാൾക്ക് ഒരാൾ മാത്രമുള്ള മുറിക്ക് ഒരു മാസത്തെ വാടക വെറും ഇരുപത് രൂപ; ഇത് ഒരു ദിവസത്തെയല്ല ഒരു മാസത്തെ വാടക. വൈദ്യുതി വെള്ളം ഒക്കെ സൗജന്യം. രണ്ടുപേരുള്ള മുറിയുടെ പ്രതിമാസ വാടക, ഒരാൾക്ക്, വെറും പത്ത് രൂപ. ഡൽഹിയിൽ ഒരു ചെറിയ കുടുസ്സ് മുറി കിട്ടാൻ ഒരു ദിവസത്തേക്ക് ഇന്നിപ്പോൾ ചുരുങ്ങിയത് 1,500 രൂപയെങ്കിലും വേണമെന്ന അവസ്ഥയുള്ളപ്പോഴാണിത്. ഇത് വർധിപ്പിക്കണം എന്ന് സർവകലാശാല തീരുമാനിച്ചു. സർവകലാശാലയിലെ സൗകര്യങ്ങൾ വർധിപ്പിക്കാൻ കൂടി ഉദ്ദേശിച്ചായിരുന്നു ആ നീക്കം. രണ്ടുപേരുള്ള മുറിയുടെ വാടക അറുന്നൂറു രൂപയായി കൂട്ടി; അതേസമയം ബിപിഎൽ വിഭാഗത്തിൽ പെട്ടവർ തെളിവുകൾ ഹജരാക്കിയാൽ അത് 200 രൂപയാക്കും. സിംഗിൾ മുറി വാടക ഇരുപതിൽ നിന്ന് 600 രൂപയാക്കി; അവിടെയും ബിപിഎൽ വിഭാഗക്കാർക്ക് 200 രൂപ മതി. ഈ വര്ധനവിനെതിരെയാണ് സമരം. ഒരു ദിവസം എത്രയോ രൂപ ഇക്കൂട്ടർ മറ്റെന്തിനോക്കെയോയായി ചിലവിടുന്നു. ഇരുപത്തിനായിരവും മുപ്പത്തിനായിരവുമൊക്കെ വിലയുള്ള മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മുന്നൂറു രൂപ വാടക കൊടുക്കാൻ പറ്റില്ല. അത് പിന്നാക്കക്കാർക്കെതിരാണ് എന്ന് പ്രചരിപ്പിക്കുന്നതിലെ പൊള്ളത്തരവും ഇപ്പോൾ പിടികിട്ടിക്കാണുമല്ലോ.
മറ്റൊന്ന് ക്യാമ്പസ് ഹോസ്റ്റൽ ക്ളീനിംഗ് ഒക്കെ ഇന്നിപ്പോൾ ഔട്ട് സോഴ്സ് ചെയ്തിരിക്കുന്നു. അതിന് പണമില്ല. അതുകൊണ്ട് ഹോസ്റ്റലിലും മെസ്സിലുമുള്ള അത്തരം ചിലവുകൾ വിദ്യാർഥികൾ വഹിക്കണം എന്ന് തീരുമാനിച്ചു; അത് മുൻപ് സൗജന്യമായിരുന്നു; ഇനി 1700 രൂപ വേണം. യഥാർഥ ചിലവ് വീതിക്കണം എന്നാക്കി അതിപ്പോൾ മാറ്റിയിട്ടുണ്ട് ; ബിപിഎൽ വിഭാഗത്തിൽ പെട്ടവർ അതിന്റെ പകുതി കൊടുത്താൽ മതി. വെള്ളം, വൈദ്യുതി ചിലവുകൾ ഇനി എല്ലാവരും തുല്യമായി വീതിച്ചെടുക്കണം; അത് ഇതുവരെ സൗജന്യമായിരുന്നു. ഇവിടെയും ബിപിഎല്ലുകാർക്ക് പകുതി മതി. ഇതൊന്നും അംഗീകരിക്കില്ല എന്നതാണ് വിദ്യാർഥികളിൽ ഒരുവിഭാഗം പറയുന്നത്.
മറ്റൊന്ന് ഹോസ്റ്റലിൽ കൊണ്ടുവന്ന ചില നിബന്ധനകളാണ്; രാജ്യത്തെ മറ്റ് കോളേജ് – സർവകലാശാല ഹോസ്റ്റലുകളിലുള്ള വ്യവസ്ഥകൾ മാത്രമാണിത്. അതെന്താണ് എന്ന് നോക്കൂ; രാത്രി 11. 30 വരെയേ ഹോസ്റ്റലിൽ പ്രവേശനം അനുവദിക്കൂ. രാത്രി 10. 30 നുശേഷം ഒരു വിദ്യാർഥിയോ ഒരു വിദ്യാർത്ഥിനിയോ മറ്റൊരാളുടെ മുറിയിൽ ഉണ്ടായിക്കൂടാ. പെൺകുട്ടികളെ ആൺകുട്ടികളുടെ മുറികളിലും ആൺകുട്ടികളെ പെൺകുട്ടികളുടെ മുറികളിലും കയറിയിറങ്ങാൻ അനുവദിക്കില്ല. ഭക്ഷണം കഴിക്കാനെത്തുമ്പോഴൊക്കെ ഒരു ഡ്രസ് കോഡ് കൂടി കൊണ്ടുവന്നു. ഒരു പക്ഷെ, സഹിക്കാനാവാത്തവിധത്തിലുള്ള വസ്ത്രധാരണം നടക്കുന്നതിലാവണം അത്. ഹോസ്റ്റൽ ചട്ടങ്ങൾ ലംഘിച്ചാൽ പതിനായിരം രൂപ പിഴ; സന്ദർശകർക്ക് പ്രവേശനം നിഷേധിക്കാൻ അധികൃതർക്ക് അധികാരമുണ്ട് എന്നും തീരുമാനിക്കപ്പെട്ടു. ഈ ചട്ടങ്ങളിൽ എന്താണ് അപകടം? പെൺകുട്ടികൾ ആൺകുട്ടികളുടെ മുറികളിൽ കയറിയിറങ്ങുന്നതും മറിച്ചും നിയന്ത്രണമില്ലാതെ അനുവദിക്കണോ ? രാത്രികളിൽ ഒരാളുടെ മുറിയിൽ മറ്റൊരാൾ കിടന്നുറങ്ങുന്നത് അനുവദിക്കണോ? രാത്രി 11. 30 കഴിഞ്ഞും ഹോസ്റ്റൽ തുറന്നിടണോ ?. ഇത്തരം ചില നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും നന്മക്ക് വേണ്ടിക്കൂടിയാണ്. ആ ഉദ്യമങ്ങളെ തകർക്കാൻ ശ്രമിക്കുന്നത് സദുദ്ദേശ്യത്തോടെയാണോ ? സംശയം ആർക്കും ഉണ്ടാവുമല്ലോ.
എന്താണ് സമരക്കാർ ചെയ്തത് എന്നത് കൂടി നോക്കുക ; പഠിപ്പുമുടക്കുന്നത് മനസിലാക്കാം. എന്നാൽ അതിനപ്പുറമായാലോ? ആ ക്യാമ്പസിൽ ഉപരാഷ്ട്രപതിയും കേന്ദ്ര എച്ച് ആർഡി മന്ത്രിയുമെത്തിയിരുന്നു, ഒരു ഔദ്യോഗിക ചടങ്ങിന്. ഉപരാഷ്ട്രപതി മടങ്ങി പോയി; എന്നാൽ ആറുമണിക്കൂർ പുറത്തു പോകാനാവാതെ കേന്ദ്ര മന്ത്രിയെ തടഞ്ഞിട്ടു. വൈസ് ചാൻസലറെ ആക്ഷേപിച്ചുകൊണ്ട് ചുവരെഴുത്തുകൾ പ്രസംഗങ്ങൾ ചുവരെഴുത്തുകൾ . സർക്കാരിനെതിരെ യുദ്ധ പ്രഖ്യാപനം. പിന്നെ തെരുവിലിറങ്ങി ഗതാഗതം സ്തംഭിപ്പിക്കുന്ന. അവസ്ഥ; ആംബുലൻസുകൾ പോലും കടത്തിവിട്ടില്ല. ആ വഴിപോയവരെ ആക്രമിച്ചു; പോലീസുകാരെയും സർവകലാശാല അധ്യാപികമാരെയും കയ്യേറ്റം ചെയ്തു; വസ്ത്രാക്ഷേപം നടന്നു എന്നുവരെ കേൾക്കുന്നു. മാധ്യമ പ്രവർത്തകരെയും കൈകാര്യം ചെയ്യുന്നു. ഇതൊക്കെ എന്ത് വിദ്യാർഥി സംസ്കാരമാണ്. അവസാനം പോലീസ് ഇടപെട്ടു; ലാത്തിവീശി. ഇതൊന്നും കണ്ടും കേട്ടും ശീലമില്ലാത്തവർ ഓടി ഒളിച്ചു; ഓടാനറിയാത്തവർക്ക് സ്വാഭാവികമായും ചില്ലറ അടിയും കിട്ടിയിരിക്കുമല്ലോ. കുറേപ്പേർ പോലീസ് കസ്റ്റഡിയിലുണ്ട്; കേസ് എങ്ങിനെയെന്നത് കാത്തിരുന്ന് കാണണം. എന്തായാലും പൊതു സ്വത്ത്- സാമഗ്രികൾ – വാഹനങ്ങൾ -പോലീസ് വാഹനങ്ങൾ ഒക്കെ തകർത്തവർക്ക് കാര്യങ്ങൾ എളുപ്പമാവും എന്ന് കരുതാനാവുകയില്ലല്ലോ.
സമരരംഗത്ത് പരസ്യമായുള്ളവർ കുറച്ചുപേർ മാത്രം. അവരെ കൈകാര്യം ചെയ്യാൻ ദൽഹി പൊലീസിന് അറിയാത്തത് കൊണ്ടാണ് എന്ന് കരുതിക്കൂടാ. അതേസമയം അക്രമവും ദേശ വിരുദ്ധതയും ഇനിയും എത്രനാൾ അംഗീകരിക്കണം എന്നത് സർക്കാരും സർവകലാശാലയും ചിന്തിക്കും എന്നാണ് കരുതേണ്ടത്. അത്തരമൊരു സർവകലാശാല അടച്ചിട്ടാൽ ഇവിടെ ഒന്നും സംഭവിക്കാനില്ല. ക്രമസമാധാന പ്രശ്നമായി ഒരു സ്ഥാപനം മാറിയാൽ എന്താണ് വേണ്ടതെന്ന് സർക്കാർ ആലോചിക്കേണ്ടതുണ്ട്.
Post Your Comments