കോയമ്പത്തൂർ: ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ 2010 ൽ 76 സി ആർ പി എഫ് സൈനികരെ കൂട്ടക്കുരുതി ചെയ്‌ത കേസിൽ ആനക്കട്ടിയിൽ പിടിയിലായ മാവോയിസ്റ്റ് ഭീകരൻ ദീപക്കിനു പങ്കുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഛത്തീസ് ഗഡിൽ നിന്ന് കോയമ്പത്തൂരിലെത്തിയ പൊലീസും ഈ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഐ.ഇ.ഡി.കൾ നിർമിക്കാനും എ.കെ. 47 ഉൾപ്പെടെയുള്ള തോക്കുകൾ കൈകാര്യം ചെയ്യുന്നതിലും വിദഗ്ധനാണ് ദീപക് മറ്റുള്ളവർക്ക് പരിശീലനം നൽകാനാണ് കേരളം, കർണാടകം, തമിഴ്‌നാട് ഭാഗത്തേക്ക് എത്തിയതെന്നും പൊലീസ് പറയുന്നു. 22 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണിയാൾ. പ്രത്യേക ദൗത്യസേനയാണ് ഇയാളെ പിടികൂടിയത്.
2010 ലെ കേസും മറ്റ് ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ദീപക്കിനെതിരെ ഉടൻ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട് . ദീപക്കിനെ കൊണ്ടു പോകാനായി ട്രാൻസിറ്റ് വാറന്റ് വാങ്ങാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സുക്മ ജില്ലയിൽ നിന്നുള്ള ഡിവൈ എസ് പി മനോജ്കുമാർ , ഇൻസ്പെക്ടർ സഞ്ജയ് സിംഗ് , എ എസ് ഐ മഹേശ്വരൻ എന്നിവരാണ് കോയമ്പത്തൂരിലെത്തിയത്. ഈ മാസം ഒന്നിനു ആനക്കട്ടിയിൽ വച്ച് പിടിയിലാകുമ്പോൾ ദീപക്കിന്റെ കൈവശം തോക്കിനുപുറമേ നാല് ഡിറ്റണേറ്റർ, സ്‌ഫോടക ശേഷിയുള്ള 125 ഗ്രാം മിശ്രിതം, ബാറ്ററികൾ, വയറുകൾ എന്നിവയുണ്ടായിരുന്നതായും പോലീസ് പറയുന്നു.
2010 ഏപ്രിൽ ആറിനാണ് ദന്തേവാഡയിൽ സി ആർ പി എഫിനെതിരെ ഭീകരാക്രമണമുണ്ടായത് . വനമേഖലയിൽ വച്ച് സേനയ്ക്ക് നേരെ വെടിവയ്പ്പുണ്ടായി , ഒപ്പം ഉഗ്ര ശേഷിയുള്ള വസ്തുക്കൾ ഉപയോഗിച്ച് സ്ഫോടനങ്ങളും നടന്നു . 76 സൈനികരാണ് ഇതിൽ വീരമൃത്യൂ വരിച്ചത്.
Post Your Comments