ന്യൂയോര്‍ക്ക്: കോളേജ് കെമിസ്ട്രി ലാബിനുള്ളിൽ വച്ച് മയക്കുമരുന്ന് നിര്‍മിക്കുകയും ഉപയോഗിക്കുകയും ചെയ്ത പ്രൊഫസര്‍മാരെ പൊലീസ് പിടികൂടി. അമേരിക്കയിലെ അര്‍ക്കന്‍സാസിലെ ഹെന്‍ഡേഴ്സന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലായിരുന്നു സർവ്വകലാശാലയെ ഒന്നാകെ അമ്പരപ്പിച്ച സംഭവം നടന്നത്.
അവധിയിൽ കഴിഞ്ഞിരുന്ന യൂണിവേഴ്സിറ്റി പ്രൊഫസര്‍മാരായ ടെറി ഡേവിഡ് ബേറ്റ്മാന്‍, ബ്രാഡ്‌ലി അല്ലന്‍ റോലന്‍ഡ് എന്നിവരെയാണ് വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 11 മുതലായിരുന്നു ഇരുവരും അവധിയിൽ പോയത്. ഈ പ്രൊഫസ്സർമ്മാർ അവധിയെടുക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് യൂണിവേഴ്സിറ്റിയുടെ സയന്‍സ് സെന്ററില്‍ നിന്നും കെമിക്കലുകളുടെ രൂക്ഷഗന്ധം ഉയര്‍ന്നിരുന്നു. ഇതിന്റെ ഉറവിടം അറിയാനായി യൂണിവേഴ്സിറ്റി ചീഫ് ഒഫ് പൊലീസ് ആരംഭിച്ച അന്വേഷണത്തിനൊടുവിലായിരുന്നു, അധ്യാപകർ ലാബിനുള്ളിൽ വച്ച് ‘മെത്ത്’ എന്ന മയക്കുമരുന്ന് നിർമിച്ചിരുന്നതായി കണ്ടെത്തിയത്.
വന്‍ വീര്യമുള്ള മയക്കുമരുന്നാണ് പ്രൊഫസ്സർമാർ ലാബിനുള്ളിൽ നിർമിച്ച മെത്ത് എന്ന് അറിയപ്പെടുന്ന മെത്താംഫെറ്റമിന്‍. മെത്ത് സമന്വയിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ബെന്‍സില്‍ ക്ലോറൈഡ് എന്ന രാസവസ്തു യൂണിവേഴ്സിറ്റിയിലെ ലാബില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഏതാനും നാളുകളായി അറ്റകുറ്റപണികള്‍ നടത്തുന്നതിനായി യൂണിവേഴ്സിറ്റി ലാബ് സ്ഥിതി ചെയ്യുന്ന കെട്ടിടം അടച്ചിട്ടിരുന്നു. ഈ തക്കം മുതലെടുത്തായിരുന്നു വിദ്യാർത്ഥികളെ മാതൃക പഠിപ്പിക്കേണ്ട അധ്യാപകർതന്നെ ഇത്തരത്തിലുള്ള താണതരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്.
അമേരിക്കയിലെ നിയമം അനുസരിച്ചു മെത്ത് നിര്‍മാണം 40 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇത് ഉപയോഗിച്ചാല്‍ 20 വര്‍ഷമാണ് ശിക്ഷയായി ലഭിക്കുക. 10 വര്‍ഷമായി യൂണിവേഴ്സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസറും അണ്ടര്‍ഗ്രാജുവേറ്റ് റീസേര്‍ച്ച് വിഭാഗം ഡയറക്ടറുമായി ജോലി നോക്കുന്നയാളായിരുന്നു ബേറ്റ്മാന്‍. റോലന്‍ഡ് 2014ലാണ് യൂണിവേഴ്സിറ്റിയില്‍ കെമിസ്ട്രി പ്രൊഫസറായി ചേരുന്നത്.
ഒരു കെമിസ്ട്രി പ്രൊഫസര്‍ മയക്കുമരുന്ന് രാജാവായി മാറുന്ന പ്രമേയമുള്ള പ്രശസ്ത ടെലിവിഷന്‍ സീരീസായ ‘ബ്രേക്കിംഗ് ബാഡി’നോട് സാമ്യമുള്ള സംഭവമെന്നായിരുന്നു അമേരിക്കന്‍ മാധ്യമങ്ങള്‍ ഈ കേസിനെ വിശേഷിപ്പിക്കുന്നത്.
Post Your Comments