ജിദ്ദ: കോഴിക്കോടുകാരി ഇനി ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ പദവിയിലേക്ക്. കോഴിക്കോട് സ്വദേശി ഹംന മറിയമാണ് പുതിയ കോണ്‍സലായി നിയമിതയാവുന്നത്. ഡിസംബര്‍ മാസത്തോടെ ഇവര്‍ ജിദ്ദയില്‍ ചുമതലയേല്‍ക്കും. 2017 കേഡറിലെ ഐ.എഫ്.എസുകാരിയായ ഹംന നിലവില്‍ പാരീസില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥയായി ജോലി ചെയ്തുവരികയാണ്. സൗദിയുടെ പടിഞ്ഞാറന്‍ പ്രദേശത്തു ജോലിചെയ്യുന്ന മലയാളികള്‍ പ്രതീക്ഷയോടെയാണ് ഹംനയുടെ നിയമനത്തെ കാത്തിരിക്കുന്നത്. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പുതിയ കൊമേഴ്സ്യല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പ്രസ് കോണ്‍സലായാണ് ഹംന മറിയമെത്തുന്നത്. നിലവിലെ കോണ്‍സല്‍ മോയിന്‍ അഖ്തര്‍ സ്ഥലം മാറിപ്പോകുന്നതിനെത്തുടര്‍ന്നാണ് പുതിയ നിയമനം.
കോഴിക്കോട് മെഡിക്കല്‍ കോളജ് ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. ടി.പി അഷ്റഫിന്റേയും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫിസിയോളജിസ്റ്റ് ഡോ. പി.വി ജൗഹറയുടേയും മകളാണ്. തെലങ്കാന കേഡറിലെ ഐ.എ.എസുകാരനും ഹൈദരാബാദിലെ മുന്‍ പൊലീസ് മേധാവി എ.കെ ഖാന്റെ മകനുമായ മുസമ്മില്‍ ഖാനാണ് ഭര്‍ത്താവ്. ഐ.എഫ്.എസ് നേടുന്ന രണ്ടാമത്തെ മലയാളി മുസ്ലിം വനിതയായ ഹംന മറിയം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെത്തുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ കോണ്‍സല്‍ കൂടിയാണ്.
ഡല്‍ഹിയിലെ രാംജാസ് കോളജില്‍ പഠിച്ച ഹംന ഫാറൂഖ് കോളജില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായിരിക്കെയാണ് 28-ാം റാങ്കുകാരിയായി രണ്ടുവര്‍ഷം മുമ്പ് ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെത്തിയത്.
Post Your Comments