ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ശൈത്യകാല സമ്മേളനം നാളെ ആരംഭിക്കും. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 13 വരെയാണ് സമ്മേളനം. സമ്മേളനത്തില്‍ 27ബില്ലുകള്‍ പാസാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. കോര്‍പ്പറേറ്റ് നികുതി കുറച്ചത്, ഇ സിഗരറ്റ് നിരോധിച്ചത് തുടങ്ങിയ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലുകളുള്‍പ്പെടെയുള്ളവയാണ് ശൈത്യകാല സമ്മേളനത്തില്‍ പാസാക്കുക. അയല്‍രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ഥികളായെത്തി ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന ഹിന്ദു, പാര്‍സി, സിഖ്, ബുദ്ധ, ജൈന, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചുള്ള പൗരത്വ ഭേദഗതി ബില്‍, ഇന്ത്യയിലെ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കുന്ന നികുതി നിയമ ഭേദഗതി ബില്‍ 2019, ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പേഴ്സണല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ ബില്‍ എന്നിവ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
അതേസമയം ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരെ മര്‍ദ്ദിക്കുന്നത് തടയാനുള്ള നിയമം, ഡല്‍ഹിയിലെ അനധികൃത കോളനികളെ ക്രമപ്പെടുത്തുക എന്നിവയും സമ്മേളനത്തില്‍ അവതരിപ്പിക്കും. മെഡിക്കല്‍ കമ്മീഷന്‍ ബില്‍, ഗര്‍ഭപാത്രം സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കുന്നത് തടയുന്ന സറോഗസ്സി (റെഗുലേഷന്‍) ബില്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുളളവരുടെ അവകാശ സംരക്ഷണത്തിനുളള ട്രാന്‍സ്ജെന്‍ഡര്‍ പേഴ്സണ്‍ (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ്) ബില്‍ തുടങ്ങിയവയാണ് സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ പോകുന്ന മറ്റ് സുപ്രധാന ബില്ലുകള്‍.
Post Your Comments