മൂന്നുതലമുറ പിന്നിട്ട ചരിത്രം പറയാനുണ്ട് ഏവൂര്‍-മുട്ടം റോഡില്‍ ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള ഹസന്‍കുഞ്ഞിന്റെ കടയ്ക്ക്. മൂന്ന് തലമുറ പിന്നിട്ടിട്ടും പഴയ വിലയില്‍ തന്നെ കട മുന്നോട്ട് കൊണ്ട് പോകാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട്. നാട്ടുകാര്‍ സ്നേഹത്തോടെ ഈ കടയെ വിളിക്കുന്നത് ഒരു രൂപക്കടയെന്നാണ്. കാരണം ഉള്ളിവട, പരിപ്പുവട…. വട ഏതായാലും വില ഒരു രൂപ മാത്രമാണ് ഇവിടെ. ഇത്തിരി വലിപ്പക്കുറവാണെങ്കിലും രുചിയിലും ഗുണത്തിലും മുന്‍പന്തിയിലാണ്. സുഖിയനും ബോണ്ടയ്ക്കും മൂന്നുരൂപ. പൊറോട്ടയ്ക്കും ചായയ്ക്കും അഞ്ചുരൂപ വീതം. ആല്‍ത്തറമൂട്ടില്‍ ഹസന്‍കുഞ്ഞിന്റെ കട നാട്ടുകാരുടെ പ്രിയപ്പെട്ട കടയാവാന്‍ കാരണവും ഈ വിലക്കുറവും ഗുണമേന്മയും തന്നെയാണ്.
30 രൂപയ്ക്ക് ഹാഫ് ബീഫ് കറി കിട്ടും. അതാണ് ഇവിടുത്തെ മറ്റൊരു ഹൈലൈറ്റ് വിഭവം. നാലു പൊറാട്ട കൂടിയായാല്‍ 50 രൂപയ്ക്ക് വയറുനിറയെ കഴിക്കാം. ‘ചെറിയ ലാഭം, കൂടുതല്‍ കച്ചവടം’ എന്നതാണ് ഹസന്‍കുഞ്ഞ് കടയുടെ തത്വം. പെണ്ണുകാണലോ, വീടുകയറികൂടലോ, വിവാഹമോ ഏവൂരിലെ വീടുകളില്‍ എന്തുവിശേഷമുണ്ടായാലും ഇവിടുത്തെ പലഹാരങ്ങളുണ്ടാകും. നൂറും ഇരുന്നൂറും എണ്ണമാണ് ഒരു രൂപ വട പാഴ്‌സലായി ചിലര്‍ വാങ്ങിക്കൊണ്ടു പോവുക. ഹസന്‍കുഞ്ഞിന്റെ ഉമ്മ ആറുപതിറ്റാണ്ട് മുന്‍പ് തുടങ്ങിയ പുട്ടുകടയായിരുന്നു ഇത്. പിന്നീട് ഹസന്‍കുഞ്ഞ് കടയുടെ ചുമതല ഏറ്റതോടെ പുട്ടിന്റെ സ്ഥാനം പലഹാരങ്ങള്‍ ഏറ്റെടുത്തു. ഹസന്‍കുഞ്ഞിന്റെ മകന്‍ റാഫിയാണ് ഇപ്പോഴത്തെ നടത്തിപ്പുകാരന്‍.
വിലക്കുറവാണ് അന്നും ഇന്നും ഈ കടയുടെ ആകര്‍ഷണം. വിറകടുപ്പിലാണ് പാചകം. ശുദ്ധമായ വെളിച്ചെണ്ണയാണ് പാചകത്തിന് ഉപയോഗിക്കുന്നത്.
Post Your Comments