ഹിന്ദുക്കൾക്ക് 33 കോടി ദേവത സങ്കല്പങ്ങൾ ഉണ്ടെന്നാണ് വിശ്വാസം. ഈ 33 കോടി എന്ന് വച്ചാൽ 33 എണ്ണം എന്ന അർത്ഥമേ ഉള്ളൂ എന്നും സനാതന ധർമ്മത്തിൽ ശരിക്കു 33 ദേവതകളാണ് ഉള്ളതെന്ന് ഒരു വാദം ഈ അടുത്ത കാലത്തു കേൾക്കുകയുണ്ടായി. അതെന്തായാലും, ഹൈന്ദവ വിശ്വാസത്തിൽ അനേക ദേവതാ ആരാധനയിലൂടെ നാം ഏകമായ പരബ്രഹ്മത്തിലേക്കു എത്തിച്ചേരുന്നു എന്നാണു വിശ്വാസം. അതുകൊണ്ടു തന്നെ, എല്ലാ ക്ഷേത്രങ്ങളിയിലെയും ദേവതാ സങ്കൽപ്പം ഒരുപോലെയല്ല. അതുകൊണ്ടുതന്നെ, ആചാരാനുഷ്ഠാനങ്ങളിലും വ്യത്യസ്തത ഉണ്ടാകും.
ശബരിമലയിലേക്ക് ദർശനത്തിനു പോകുന്ന അയ്യപ്പന്മാർക്കു വിധിച്ചിട്ടുള്ള വ്രതാനുഷ്ഠാനചര്യകളിൽ നിന്ന് ഇക്കാര്യം മനസ്സിലാക്കാവുന്നതാണ്. ശബരിമലയിൽ പോകുന്ന ഭക്തർ, 41 ദിവസത്തെ വ്രതം അനുഷ്‌ഠിക്കണം എന്നാണു വിധിച്ചിട്ടുള്ളത്. (ഇക്കാലത്തു ഒരുപാട് പേർ വ്രതം ഒന്നും അനുഷ്ഠിക്കാതെ, വിനോദ സഞ്ചാരികളെപ്പോലെ ശബരിമല സന്ദർശിക്കാറുണ്ട് എന്നത് മറ്റൊരു കാര്യം)
ശബരിമലയിൽ പോകുന്ന ഭക്തർ, (വിനോദ സഞ്ചാരികൾ അല്ല) ആ 41 ദിവസത്തെ വ്രതകാലത്തു നാല് “മ” (മൽസ്യം, മാംസം, മദ്യം, മദിരാക്ഷി) കളിൽ നിന്ന് അകന്നു നിന്നുകൊണ്ട് ശുദ്ധമായ ബ്രഹ്മചര്യം അനുഷ്ഠിച്ചിരിക്കണം എന്നാണു നിർദ്ദേശിച്ചിട്ടുള്ളത്. അതിനുള്ള കാരണം, ശബരിമല അയ്യപ്പൻ ഒരു നൈഷ്ഠിക ബ്രഹ്മചാരി ആണ് എന്നുള്ളത് തന്നെയാണ്. ബ്രഹ്മചാരിമാർ സ്ത്രീകളെ കണ്ടാൽ ഒഴിഞ്ഞു മാറുമോ എന്ന് ചോദിച്ചാൽ, ഇല്ല എന്ന് തന്നെയാണ് ഉത്തരം. എന്നാൽ നൈഷ്ഠിക ബ്രഹ്മചാരികൾ പ്രായപൂർത്തിയായ സ്ത്രീകളിൽ നിന്ന് അകലം കാംക്ഷിക്കുന്നവരും പാലിക്കാൻ ശ്രമിക്കുന്നവരും ആണ്. അക്കാരണം കൊണ്ടായിരിക്കണം, ശബരിമലയിലെ ശ്രീ അയ്യപ്പൻ, ലൗകിക സുഖങ്ങളെല്ലാം ഉപേക്ഷിച്ചു ഒരു മലയുടെ മുകളിൽ യോഗമുദ്രയിൽ ആസനസ്ഥനാകാം എന്ന് തീരുമാനിച്ചത്. അല്ലെങ്കിൽ, ആ സങ്കൽപ്പത്തിൽ അവിടത്തെ പ്രതിഷ്ഠ നടത്തിയത്. അക്കാരണം തന്നെയാണ് ശബരിമലയിലെ അയ്യപ്പസ്വാമിയെ, മറ്റുള്ള അയ്യപ്പ ക്ഷേത്രങ്ങളിലെ ദേവന്മാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
ഇപ്പോൾ അവിടെയുള്ള ആചാരങ്ങളെല്ലാം നൂറ്റാണ്ടുകൾ പഴക്കമുള്ള സവർണ്ണ ഹിന്ദു ഫാസിസ്റ്റു മേധാവിത്വത്തിന്റെ പ്രതീകങ്ങളും ഉടൻ മാറ്റപ്പെടേണ്ടതും, ആധുനിക കാലഘട്ടത്തിനു അനുസൃതമായ രീതിയിൽ പരിഷ്കരിക്കപ്പെടേണ്ടവയും ആണ്, എന്നാണ് മതമില്ലാത്ത, ദൈവത്തിൽ വിശ്വാസമില്ലാത്ത, ക്ഷേത്രങ്ങൾ പൊളിച്ചു കളയണം എന്ന് മുദ്രാവാക്യങ്ങൾ വിളിച്ചു നടന്നിരുന്ന സഖാക്കളുടെയും മറ്റു മതേതര പുരോഗമന വാദികളുടെയും ആവശ്യം.
പാവം അയ്യപ്പ ഭഗവാൻ. അവിടന്ന് എല്ലാ ലൗകികസുഖങ്ങളും ഉപേക്ഷിച്ച്, സ്വന്തമായി യോഗമുദ്രയിൽ ഇരുന്നു തപസ്സു അനുഷ്ടിക്കാനാണ് ശബരിമലയിൽ ചെന്ന് ഇരിക്കാം എന്ന് കരുതിയത്. ഈ പുരോഗമനോന്മുഖമായ പരിഷ്‌കാരങ്ങൾ എല്ലാം നടക്കുമ്പോഴേക്കും ഭഗവാന് തപസ്സനുഷ്ഠിക്കാൻ മറ്റേതെങ്കിലും കുണ്ടും മലയും അന്വേഷിക്കേണ്ടി വരുമല്ലോ. ഭഗവവനെ, അവിടന്ന് തന്നെ അവിടത്തെ രക്ഷിക്കേണ്ടി വരും ഞങ്ങൾ ഭക്തർ വിചാരിച്ചാൽ ഒന്നും നടക്കില്ല. അതുകൊണ്ടാ!
Post Your Comments