വയനാട്: രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം സ്വദേശിയിൽ നിന്ന് വൻ ആയുധശേഖരം പിടി കൂടി. മലപ്പുറം കാളികാവ് സ്വദേശിയിൽ നിന്നാണ് ആയുധശേഖരം പിടിച്ചത്. താഴേക്കോട് മാട്ടറക്കൽ പട്ടണം വീട്ടിൽ അബ്ദുൾ മനാഫിനെ കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടോയെന്നുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണ്. പ്രതിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിൽ ലൈസൻസില്ലാത്ത തോക്ക്, 59 ഓളം തിരകൾ, തിരയിൽ നിറക്കുന്ന ഈയം ഉണ്ടകളുടെ അര കിലോ വരുന്ന 3 പാക്കറ്റുകൾ, 5 കത്തികൾ, വടിവാൾ മുതലായവ കണ്ടെടുത്തു. 13 വർഷക്കാലം വിദേശത്തായിരുന്ന പ്രതിക്ക് നാട്ടിലിപ്പോൾ റബർ ടാപ്പിംഗാണ്. പാരമ്പര്യമായി കിട്ടിയെന്ന് പറയുന്ന തോക്കിന് ലൈസൻസില്ല. തിരകൾ സുഹൃത്തിനൊപ്പം പോയി കോയമ്പത്തൂരിൽ നിന്ന് വാങ്ങിയതാണെന്ന് പ്രതി വനപാലകരോട് സമ്മതിച്ചു. ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത ആയുധങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വേട്ടയാടാനാണ് തോക്കും തിരകളും മറ്റു ആയുധങ്ങളും ഉപയോഗിക്കുകയെന്ന് ഇയാൾ പറഞ്ഞു.
ALSO READ: സ്‌കൂളില്‍ വെടിവയ്പ്പ് : രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
അതേസമയം, പ്രതിയുടെ വീട്ടിൽ നിന്ന് വേട്ടയാടിയ മൃഗങ്ങളുടെ ഇറച്ചിയും മറ്റും ലഭിക്കാത്തതിനാലും, കണ്ടെടുത്ത ആയുധങ്ങൾ സംശയങ്ങൾക്കിടയാക്കുന്നതിനാലും പ്രതിയെ പൊലീസിന് കൈമാറുന്നതായി കാളികാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ രാകേഷ് പറഞ്ഞു. ആയുധങ്ങളും, വെടിക്കോപ്പുകളും കൈവശം വച്ച കുറ്റത്തിന് മേൽ, കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി ഇയാളെ പെരിന്തൽമണ്ണ പൊലീസിന് കൈമാറി.
Post Your Comments