മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ശിവസേന പഠിച്ച പണി പതിനെട്ടും പയറ്റുന്നതിനിടെ സ്വന്തം പാളയത്തിൽ പട ആരംഭിച്ചു..ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുന്ന അക്ഷമരായ എം എല്‍ എമാർ നേതൃത്വത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങിക്കഴിഞ്ഞു.മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതോടെയാണ് ശിവസേന എം എല്‍ എമാര്‍ അസ്വസ്ഥരാകാന്‍ തുടങ്ങിയത്. ഭരണ കക്ഷിയാകാനുള്ള പ്രതീക്ഷകള്‍ മങ്ങിയതും ഇനിയൊരു ജനവിധി തേടാനുള്ള ആത്മവിശ്വാസം ചോര്‍ന്നു പോയതുമാണ് ശിവസേന പ്രതിനിധികളെ നേതൃത്വത്തിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.
മുഖ്യമന്ത്രി പദത്തിനായി ശിവസേന വാശി പിടിച്ചതിനെയാണ് പല എം എല്‍ എ മാരും ഇപ്പോള്‍ കുറ്റപ്പെടുത്തുന്നത്. ഇതോടെ സംസ്ഥാനത്തെ ബി ജെ പി ക്യാമ്പ് വീണ്ടും ഉഷാറിലായി..മഹാരാഷ്ട്രയിലെ 288 അംഗങ്ങളുള്ള നിയമസഭയിലെ രണ്ടാമത്തെ വലിയ കക്ഷിയായിരുന്ന ശിവസേന പ്രധാനമായും മുഖ്യമന്ത്രിപദത്തെ ചൊല്ലിയാണ് ബി ജെ പിയുമായി പിരിയുന്നത്. എന്നാൽ ശിവസേനയ്ക്ക് മുഖ്യമന്ത്രിപദം ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ലെന്നാണ് ബിജെപി വ്യക്തമാക്കിയത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഗവര്‍ണര്‍ ബി എസ് കൊഷിയറി ശിവസേനയെ ക്ഷണിച്ചത്.
ഭൂരിപക്ഷം തെളിയിക്കാന്‍ സാവകാശം വേണമെന്ന ശിവസേനയുടെ ആവശ്യം നിരാകരിച്ച ഗവര്‍ണര്‍ പിന്നീട് എന്‍ സി പിക്ക് അവസരം നല്‍കുകയായിരുന്നു.ഉദ്ധവ് താക്കറെയുടെ വീടിനടുത്തുള്ള ബാന്ദ്രയിലെ പ്രത്യേക ഹോട്ടലില്‍ താമസിപ്പിച്ചിരുന്ന ശിവസേന എം എല്‍ എ മാരാണ് സംസ്ഥാനത്തെ പുതിയ സംഭവവികാസങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്.കഴിഞ്ഞ രണ്ടു രാത്രികളില്‍ നാണം കേട്ട നാടകീയ രംഗങ്ങള്‍ ഹോട്ടലില്‍ അരങ്ങേറിയ റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
ഇതിനെ തുടര്‍ന്ന് ശിവസേന നേതാക്കളായ ആദിത്യ താക്കറെയും ഉദ്ധവ് താക്കറെയും ഹോട്ടലിലെത്തി എം എല്‍ എ മാരെ കാണുകയുണ്ടായി. പ്രതിഷേധം ശക്തമായതോടെ എം എല്‍ എ മാരെ അവരവരുടെ മണ്ഡലങ്ങളിലേക്ക് തിരിച്ചയക്കാന്‍ നിര്ബന്ധിതനായിരിക്കയാണ് ഉദ്ധവ് താക്കറെ.
Post Your Comments