അബുദാബി: രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ മിനയില്‍ വാഹനത്തിന് തീ പിടിച്ച് വെന്തുമരിച്ചു. ഒന്നര വയസ്സും രണ്ട് വയസുമുള്ള കുട്ടികളാണ് മരിച്ചത്. ബെന്‍സിന്റെ ജി ക്ലാസ് വാഹനത്തില്‍ ഇരുത്തി രക്ഷിതാക്കള്‍ പുറത്ത് പോയപ്പോഴാണ് അപകടം നടന്നത്. വാഹനം പെട്ടെന്ന് തീപിടിക്കുകയായിരുന്നുവെന്നും കാറിന്റെ വാതില്‍ തുറന്ന് കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കുട്ടികള്‍ അകപ്പെട്ടത് കണ്ട് മാതാവിന്റെ അവസ്ഥ മോശമാവുകയും അവരെ സ്ഥലത്തു നിന്നും മാറ്റുകയുമായിരുന്നു. ആരും കുട്ടികളുടെ രക്ഷിതാക്കളെ കുറ്റപ്പെടുത്തരുതെന്ന് ദൃക്സാക്ഷി പറഞ്ഞു.
അപകട വിവരം ലഭിച്ചയുടന്‍ പോലീസും സുരക്ഷാ സേനയും സംഭവസ്ഥലത്ത് എത്തിയെങ്കിലും കുരുന്നുകളുടെ ജീവന് രക്ഷിക്കാനായില്ല. അപകടത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അബുദാബി പോലീസ് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സുഹൈല്‍ അല്‍ റാഷിദി അറിയിച്ചു. അതേസമയം അപകടത്തിന്റെ കൃത്യമായ കാരണം അബുദാബി പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ അബുദാബി പൊലീസ് ദുഃഖം രേഖപ്പെടുത്തി. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പൊലീസ് പറഞ്ഞു.
Post Your Comments