വിനോദനികുതി ഏര്‍പ്പെടുന്നതിനെ പറ്റി നിയമസഭയില്‍ ധനമന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് പറയാതെ നിവൃത്തിയില്ലെന്ന് സംവിധായകനും നിര്‍മ്മാതാവുമായ സോഹന്‍ റോയ്. വിനോദനികുതി ഏര്‍പ്പെടുന്നതിനെത്തുടര്‍ന്ന് സിനിമാ ടിക്കറ്റില്‍ വരുന്ന അമിത ചാര്‍ജ് മലയാളികള്‍ക്ക് ദോഷമായി തീരുമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് സോഹന്‍ റോയിയുടെ പ്രതികരണം.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
Entertainment Tax ഏർപ്പെടുന്നതിനെ പറ്റി നിയമസഭയിൽ ധനമന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് പറയാതെ നിവൃത്തിയില്ല. അതിനാൽ സിനിമാ പ്രേക്ഷകരുടെ അറിവിലേക്കായി ചിലത് കുറിക്കുന്നു.
ഒരു രാജ്യം ഒരൊറ്റ നികുതി എന്ന ആശയത്തിൽ GST നടപ്പായപ്പോൾ
100 രൂപ വരെയുള്ള സാധാരണ പ്രേക്ഷകന്റെ സിനിമ ടിക്കറ്റിന് നിരക്ക് 18% ഉം അതിന് മുകളിലുള്ള ലക്ഷ്വറി സിനിമ ടിക്കറ്റിന് നിരക്ക് 28% ഉം ആയി നിജപ്പെടുത്തിയിരുന്നു. സാർവദേശീയമായി ഈ നിരക്കുകൾ സിനിമാവ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്ര ഗവൺമെന്റ് നിരക്കുകൾ യഥാക്രമം 12% ഉം 18% ഉം ആയി വെട്ടിക്കുറച്ചു. ഒട്ടുമിക്ക തിയേറ്ററുകളിലും സാധാരണ ടിക്കറ്റിന് 100 രൂപ അടിസ്ഥാന വിലയും 12 രൂപ GST യും 1 രൂപ പ്രളയ സെസും ചേർത്ത് 113 രൂപയാണ്.
എന്നാലിപ്പോൾ സംസ്ഥാന ഗവൺമെന്റ് ദശാബ്ദങ്ങൾ പഴക്കമുള്ള തദ്ദേശ സ്വയംഭരണച്ചട്ടം ചൂണ്ടിക്കാട്ടി 100 രൂപ വരെ അടിസ്ഥാന വിലയുള്ള ടിക്കറ്റിന് 5% ഉം അതിന് മുകളിലുള്ള ടിക്കറ്റിന് 8.5% ഉം Entertainment Tax പിരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉത്തരവ് നൽകിയിരിക്കുകയാണ്. പ്രേക്ഷകനും സിനിമാശാലകൾക്കും ഇതു സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ പറയാം. GST കൗൺസിലിന്റെ അനുമതിയില്ലാത്ത പണപ്പിരിവ് ആയതിനാൽ പ്രേക്ഷകൻ പുതിയ Entertainment Tax നും കൂടി GST കൊടുക്കാൻ നിർബന്ധിതമാകുന്നു. അതിലുപരിയായി 100 രൂപ ടിക്കറ്റിന് 5% Entertainment Tax കൂട്ടുന്നതോടെ അടിസ്ഥാന നിരക്ക് 105 രൂപ ആയിമാറുന്നു.അങ്ങിനെ ആ ടിക്കറ്റിന് (100 രൂപയിൽ കൂടിയതിനാൽ) 12 ശതമാനത്തിന് പകരം ലക്ഷ്വറി നിരക്കായ 18% GST കൊടുക്കാൻ കൂടി നിർബന്ധിതമാകുന്നു. അതായത് ഫലത്തിൽ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ ഭേദമില്ലാതെ ഇപ്പോഴത്തെ 113 രൂപക്ക് പകരം അടിസ്ഥാന നിരക്ക് 100 രൂപയും Entertainment Tax 5 രൂപയും GST 19 രൂപയും പ്രളയ സെസ് 1 രൂപയും ചേർത്ത് ആകെമൊത്തം 125 രൂപ! ഈ അമിത നികുതിഭാരം പ്രേക്ഷകരെ തിയേറ്ററുകളിൽ നിന്ന് അകറ്റുമെന്നതിൽ യാതൊരു സംശയവുമില്ല. ഈ അധികം പിരിക്കുന്ന 12 രൂപയിൽ ചില്ലിക്കാശ് പോലും ചിത്രത്തിന്റെ നിർമ്മാതാവിനോ, വിതരണക്കാരനോ, തിയേറ്റർ ഉടമകൾക്കോ ലഭിക്കുന്നില്ല എന്നതുകൂടി വിനയപൂർവ്വം ഓർമ്മപ്പെടുത്തുന്നു. ഉയർന്ന ടിക്കറ്റ് നിരക്കുകൾക്കും ആനുപാതികമായുള്ള വർദ്ധനവുണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഒരു കാര്യം കൂടി പറഞ്ഞോട്ടെ, GST വന്നതോട് കൂടി നികുതിനഷ്ടം ഉണ്ടായി, അതിനാൽ ആ നഷ്ടം നികത്തുവാനായി Entertainment Tax ഏർപ്പെടുത്തേണ്ടി വരുന്നു എന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ വസ്തുതയെന്താണെന്നു വെച്ചാൽ GST നിലവിൽ വന്നതിന് ശേഷം സംസ്ഥാന സർക്കാരുകൾക്ക് നികുതിയിലുണ്ടാകുന്ന വർഷാവർഷമുള്ള ഏറ്റക്കുറച്ചിലുകൾ GST കൗൺസിൽ പരിഹരിക്കുന്നുണ്ടെന്ന് വിവരാവകാശ കണക്കുകൾ സൂചിപ്പിക്കുന്നു. അതായത് GST ഏർപ്പെടുത്തിയത് കൊണ്ട് സംസ്ഥാന ഗവൺമെന്റിന് പ്രത്യേകിച്ച് യാതൊരു വരുമാന നഷ്ടവും ഉണ്ടായിട്ടില്ലെന്ന് സാരം. അതിനാൽ സിനിമാവ്യവസായത്തെ പിന്നോട്ട് വലിക്കുന്ന ഈ ജനവിരുദ്ധ തീരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിൻവാങ്ങേണ്ടതുണ്ട്.
https://www.facebook.com/sohan.roy1/posts/10157597256815242
Post Your Comments