Latest NewsKeralaNews

ശബരിമല കോടതി വിധി നാളെ; കേരളം കാതോർത്തിരിക്കുന്നു; ആചാരങ്ങൾ സംരക്ഷിക്കപ്പെടും എന്ന പ്രതീക്ഷയിൽ ഭക്തർ; മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

നാളെ കേരളക്കരക്ക് അല്ല കോടാനുകോടി അയ്യപ്പ ഭക്തർക്ക് നിര്ണ്ണായക ദിനമാണ്; ശബരിമല കേസിലെ റിവ്യൂ ഹര്ജികളിലുള്ള വിധി നാളെയാണ് സുപ്രീം കോടതി  പ്രസ്താവിക്കുക. നേരത്തെ പത്തിനും അന്പതിനും ഇടക്ക് പ്രായമുള്ള സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്തിക്കൂടാ എന്ന ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയതിനെതിരെയാണ് റിവ്യൂ ഹർജികൾ സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജഡ്ജിമാരായ ആർഎഫ് നരിമാൻ, എഎം ഖാൻവിൽക്കർ, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് റിവ്യൂ ഹർജികൾ കേട്ടത്. നാളെ രാവിലെ  10. 30 നു വിധി പ്രസ്താവമുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. റഫാൽ കേസ്, രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസ് എന്നിവയിലും നാളെയാണ് വിധി പ്രസ്താവമുണ്ടാവുക എന്നതും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

ശബരിമലയിലെ ആചാരങ്ങൾ മനസിലാക്കാതെ  സ്ത്രീ – പുരുഷ സമത്വം എന്ന നിലക്ക് കാണാനാണ് മുൻപ് ഭരണഘടനാ ബെഞ്ച് തയ്യാറായത്. അത് കേരളത്തിൽ പ്രത്യേകിച്ചും ശബരിമല തീർത്ഥാടകരിലും വിശ്വാസികളിലും ഉണ്ടാക്കിയ പ്രതിഷേധങ്ങൾ ഇനിയും വിശദീകരിക്കേണ്ടതില്ല. അക്ഷരാർഥത്തിൽ കേരളം ഒരു സമരഭൂമിയായി മാറുകയാണുണ്ടായത്. അമ്മമാരും സ്ത്രീകളും  ഉൾപ്പടെയുള്ളവർ തെരുവിൽ നാമജപവുമായി ഇറങ്ങുകയായിരുന്നു. എന്നാൽ കോടതി വിധി നടപ്പിലാക്കിയേ തീരൂ എന്ന വാശിയിൽ ഈ ഭക്ത ലക്ഷങ്ങളെ നേരിടാൻ പിണറായി സർക്കാർ തയ്യാറാവുകയും ചെയ്തു. ശബരിമലയിലെത്തിയ യുവതികളെ തടയാൻ ഭക്തർ തയ്യാറായപ്പോൾ  ആചാരാനുഷ്ടാന ലംഘനത്തിനെത്തിയവർക്ക് വഴിവിട്ട്  സംരക്ഷണം കൊടുക്കാനാണ് കേരളാ പോലീസ് തയ്യാറായത്. അവസാനം ദുരഭിമാനം തലയിലേറ്റിയ ഭരണകൂടം ആരെയൊക്കെയോ ഇരുട്ടിന്റെ മറവിൽ ശബരിമല തിരുമുറ്റത്ത് എത്തിച്ചുകൊണ്ട് പ്രതികാരം ചെയ്തു. അക്ഷരാർഥത്തിൽ അത് ഹിന്ദു സമൂഹത്തോടുള്ള സിപിഎമ്മിന്റെ പ്രതികാരമായിരുന്നു; കോടാനുകോടി അയ്യപ്പ ഭക്തരെ വെല്ലുവിളിക്കലായിരുന്നു.

അടുത്ത ശനിയാഴ്ച മണ്ഡല -മകരവിളക്ക് തീർത്ഥാടനത്തിനായി  ശബരിമല നട തുറക്കുകയാണ്; ഇനി ദിവസങ്ങൾ മാത്രം ബാക്കി.  അടുത്ത  രണ്ട്‌ മാസക്കാലം കേരളത്തിൽ ശരണ മന്ത്രങ്ങൾ മാത്രമാണ് കേൾക്കാനാവുക ………. അതാണ് മുൻ കാലങ്ങളിൽ അനുഭവേദ്യമായിരുന്നത്. എന്നാൽ കഴിഞ്ഞ വര്ഷം സന്നിധാനത്ത് ശരണം വിളിച്ചവരെപ്പോലും കള്ളക്കേസുകളിൽ കുടുക്കിയത് നാം കണ്ടതാണ്.  ഇനിയും അങ്ങിനെത്തന്നെയാവുമോ എന്ന ആശങ്കകൾ അയ്യപ്പ ഭക്തരുടെ മനസുകളിലുണ്ട്.  അതാണ് ഇന്നത്തെ പ്രധാന പ്രശ്നവും. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി ഉണ്ടാക്കിയ സംഘർഷങ്ങൾ ആവർത്തിക്കേണ്ടതില്ല എന്ന് സിപിഎം തീരുമാനിച്ചിട്ടുണ്ട് എന്ന് പറയുന്നുണ്ട്. പക്ഷെ അവരിപ്പോഴും പറയുന്നത് കോടതിവിധി നടപ്പിലാക്കും എന്നാണ്. അതായത് ഈ റിവ്യൂ ഹർജിയിലെ വിധി കൂടി യുവതി പ്രവേശനത്തിനും ആചാരലംഘനത്തിനും അനുകൂലമാണ് എങ്കിൽ എന്തും ഇത്തവണ ശബരിമലയിൽ നടക്കാനിടയുണ്ട് എന്നതാണ് ഒരു ചിന്ത. ആ ആശങ്ക മലയാളികളുടെ മനസ്സിൽ ഉയർന്നുനിൽക്കുന്നുണ്ട്.

നാളത്തെ സുപ്രീം  കോടതി വിധിയെ ആ സാഹചര്യത്തിലാണ് നിരീക്ഷിക്കേണ്ടത്,  കാണേണ്ടത്. സർക്കാരിന്റെയോ സിപിഎമ്മിന്റെയോ നിലപാടുകളിൽ വലിയ മാറ്റമുണ്ടായി എന്ന് പറഞ്ഞുകൂടാ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർക്കുണ്ടായ കനത്ത  പരാജയം അവരെ ഇരുത്തിച്ചിന്തിപ്പിച്ചിട്ടുണ്ട്. എന്നാൽ അപ്പോഴും അവരുടെ നിലപാട് ആചാരങ്ങൾക്ക് അനുസൃതമോ അല്ലെങ്കിൽ അയ്യപ്പ ഭക്തരുടെ വികാരങ്ങൾക്കൊപ്പമോ അല്ല. അതുകൊണ്ട് അവരെ എത്രത്തോളം വിശ്വസിക്കാം എന്നത് ചോദ്യചിഹ്നമാണ്.

ഒരു കോടതി ഒരു കേസിൽ വിധി പറയാനിരിക്കെ അത് എന്താവും എങ്ങനെയാവും എന്നൊക്കെ ചിന്തിച്ചുകൂടാത്തതാണ്. അതാണ് ധാർമികമായ സമീപനം. കോടതിയെ സംശയിക്കാനോ അല്ലെങ്കിൽ കോടതി ഇന്നതാവും മനസ്സിൽ കരുതിയിരിക്കുന്നുണ്ടാവുക എന്ന് പറയുകയോ ചെയ്യുന്നത് ശരിയുമല്ല. അതുകൊണ്ട് അതിനെക്കുറിച്ചൊന്നും വിലയിരുത്താൻ  ഞാനില്ല. എന്നാൽ പുതിയ  വിധി പഴയതിന് സമാനമാണ് എങ്കിൽ എന്താവും കേരളത്തിൽ സംഭവിക്കുക എന്ന ആശങ്ക ഒരു അയ്യപ്പ ഭക്തൻ എന്ന നിലക്ക്, ഒരു ഹിന്ദു വിശ്വാസി എന്ന നിലക്ക്, ഒരു കേരളീയൻ എന്ന നിലക്ക് മറച്ചുവെക്കാനുമാവില്ലല്ലോ. അതാണിന്ന് ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ അലട്ടുന്നത്.  ഇനിയും വിധി പ്രതികൂലമായാൽ നിരീശ്വര വാദികളും ആക്ടിവിസ്റ്റുകളുമൊക്കെ ആചാരലംഘനത്തിനായി സന്നിധാനത്തെക്ക് എത്തുമെന്ന് തീർച്ചയാണ്. അവരൊക്കെ അതിനായി  ഒരുങ്ങിക്കഴിഞ്ഞു എന്നും മറ്റുമുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ കാണുന്നുമുണ്ട്. അത് ശരിയോ തെറ്റോ എന്നത് വേറെ കാര്യം; എന്നാൽ കേരളാ സർക്കാർ അനുകൂല നിലപാടെടുക്കുമെന്നും മറ്റും പ്രതീക്ഷിച്ച്  അത്തരക്കാർ വീണ്ടും കൂട്ടത്തോടെ എത്താനുള്ള സാധ്യത കൂടുതലാണ്.  അത് എങ്ങനെയാവും മലയാളി മനസിനെ അലട്ടുക, മലയാളി  എങ്ങിനെയാണ് അതിനെ കാണാൻ പോകുന്നത്  എന്നതൊക്കെ ഈ വേളയിൽ,  ഒരർഥത്തിൽ, വേണ്ടാത്ത ചിന്തകളാണ്.

കഴിഞ്ഞ സീസണിൽ ശബരിമലയിൽ അക്ഷരാർഥത്തിൽ പോലീസ് രാജ് തന്നെയാണ് നടന്നത്. കേരളത്തെക്കുറിച്ചോ മലയാളി മനസോ അറിയാതെ കുറെ  ഉദ്യോഗസ്‌ഥർ പലതും അവിടെ ചെയ്തു. സന്നിധാനത്ത് ഉറക്കെ നാമം ജപിക്കാൻ പോലും ഭക്തർ ഭയപ്പെടുന്ന സ്ഥിതി ഉണ്ടായി എന്ന് പറഞ്ഞാൽ പിന്നെ എല്ലാമായല്ലോ. ഏതാണ്ടൊക്കെ അതിനനുസൃതമായ പോലീസ് സന്നാഹങ്ങളാണ് ഇത്തവണയും സർക്കാർ അവിടെ ഒരുക്കുന്നത് എന്നതാണ് വാർത്തകൾ.  അതായത്   സർക്കാർ നിലപാടിന് അനുസൃതമായി കോടതി വിധിയെഴുതിയാൽ പിന്നെ അങ്ങോട്ട് പോലീസ് രാജ് തന്നെയാവും എന്നുവേണം പ്രതീക്ഷിക്കാൻ അല്ലെങ്കിൽ അങ്ങിനെ കരുതുന്നവരെ കുറ്റപ്പെടുത്താൻ കഴിയില്ല.  കഴിഞ്ഞ സീസണിൽ ആയിരകണക്കിന് പേര് കേസുകളിൽ പ്രതികളായി; എത്രയോ പേര് ജയിലിലായി. അതൊക്കെ ഒരു ധർമ്മ സമരമായിരുന്നു; ഏതെങ്കിലും രാഷ്ട്രീയ കക്ഷി നടത്തിയ സമരമായിരുന്നില്ല, മറിച്ച്‌ ഹൈന്ദവ പ്രസ്ഥാനങ്ങൾ സ്വീകരിച്ച ശക്തമായ നിലപാടും പ്രതിരോധവുമായിരുന്നു. അതിനൊക്കെ കെൽപ്പുള്ള പ്രസ്ഥാനങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. അതുകൊണ്ട് എന്തും ചെയ്യുമെന്ന പ്രതീക്ഷ ആരും വെച്ച് പുലർത്തുന്നുണ്ട് എന്ന് തോന്നുന്നില്ല.

ഒന്നുകൂടി; ശബരിമല തീർത്ഥാടന സീസൺ കേരളത്തിന് ഒരു ഉത്സവ കാലമാണ്. ലക്ഷങ്ങൾ ഇവിടെ എത്തുന്നു.അവർ ഇവിടെ ചെലവിടുന്നത് കോടികളാണ്. അതായത് ഇക്കാലത്ത് ചുരുങ്ങിയത് 200 കോടി രൂപയെങ്കിലും സർക്കാർ ഖജനാവിലെത്തുന്നു  എന്നാണ് കരുതപ്പെടുന്നത്. അതിൽ വലിയ കുറവ്  കഴിഞ്ഞ വര്ഷം കാണാനായി. അത് സംസ്ഥാനത്തിനുണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല. ദേവസ്വം ബോർഡിന്റെ വരവിലും ഗണ്യമായ കുറവുണ്ടായി. അത് ശബരിമലയിൽ മാത്രമല്ല, കേരളത്തിലങ്ങോളമിങ്ങോളമുള്ള എല്ലാ ക്ഷേത്രങ്ങളുടെയും വരുമാനങ്ങളെയും അത് ബാധിച്ചു. സർക്കാർ വക ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളിൽ ഇനി പണം നിക്ഷേപിക്കില്ല എന്ന് പ്രതിജ്ഞ എടുത്തവരെപ്പോലും അക്കാലത്തു കാണുകയുണ്ടായി. അതിലേക്കൊക്കെ ഭക്തരെ എത്തിച്ചത് എന്താണ് എന്നത് ദേവസ്വം ബോർഡും ഭരണകൂടവും മറ്റും ഇനിയെങ്കിലും ചിന്തിച്ചുവെങ്കിൽ എന്നാശിക്കുന്നു.

മറ്റൊന്ന്, ഹിന്ദു സമൂഹത്തോടാണ്; വിധി അനുകൂലമാവാം പ്രതികൂലമാവാം. എന്തായാലും അത് കോടതി വിധിയാണ്. മറ്റൊന്ന് ഇത് അവസാനത്തെ കോടതി വിധിയാണ് എന്നും വേണമെങ്കിൽ ചിലർക്ക് പറയാനാവും.  എതിരാണ് കോടതി  വിധി എങ്കിൽ എന്താണ് വേണ്ടത് എന്നൊക്കെ പലരും ചോദിക്കുന്നത് കേട്ടു; അക്കാര്യം    തീരുമാനിക്കേണ്ടത് നമ്മുടെ ഹൈന്ദവ നേതാക്കളാണ്. ശബരിമല കർമ്മ സമിതിയാണല്ലോ ഇവിടെ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്.   വിധി പ്രസ്താവമുണ്ടായാൽ ഉടനെ അവർ നിലപാട് ആലോചിച്ചു തീരുമാനിക്കും എന്ന് വേണം കരുതാൻ;   നമ്മളെയൊക്കെ അവർ നിലപാട് അറിയിക്കുകയും ചെയ്യും  എന്നാണ് വിചാരിക്കേണ്ടതും. അതിനനുസൃതമായിട്ടേ  അയ്യപ്പ ഭക്തർ, ഈശ്വര വിശ്വാസികൾ  പ്രതികരിക്കേണ്ടതുള്ളൂ എന്നതും ഈ വേളയിൽ ഓർക്കുന്നത് നല്ലതാണ്. അല്ലാതെ എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ അത് കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കാനും പ്രശ്നങ്ങൾ സൃഷ്ടിക്കാനുമേ സഹായിക്കൂ. വേറൊന്ന് സ്വാമി അയ്യപ്പൻ ശക്തിയുള്ളതാണ്; കോടാനുകോടി ഭക്തർ ശബരിമലയിലേക്ക് നയിക്കപ്പെടുന്നതും അതുകൊണ്ടാണല്ലോ. അതുതന്നെയാണ് ഓരോരുത്തരുടെയും മനസ്സിൽ ഉണ്ടാവേണ്ട   കരുതൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button