ന്യൂഡല്‍ഹി: ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരം നിയമ ലംഘനം നടത്തിയ 1800 സംഘടനകള്‍ക്കെതിരെ നടപടിയെടുത്ത് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളും വിദ്യാഭ്യാസ രംഗത്തുള്ള സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവക്ക് എതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രാജസ്ഥാന്‍ സര്‍വകലാശാല, അലഹബാദ് അഗ്രികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, യംഗ് മെന്‍സ് ക്രിസ്ത്യന്‍ അസോസിയേഷന്‍ ഗുജറാത്ത്, കര്‍ണാടകയിലെ സ്വാമി വിവേകാനന്ദ എജ്യൂക്കേഷണല്‍ സൊസൈറ്റി എന്നിവയുടെ രജിസ്‌ട്രേഷനാണ് നിരോധിച്ചിരിക്കുന്നത്.
ഇതോടെ നടപടി നേരിട്ട കമ്പനികള്‍ക്ക് ഇനി വിദേശ സഹായം സ്വീകരിക്കാന്‍ കഴിയില്ല.പശ്ചിമ ബംഗാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പള്‍മോകെയര്‍ ആന്‍ഡ് റിസര്‍ച്ച്, തെലങ്കാനയിലെ നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, മഹാരാഷ്ട്രയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, പശ്ചിമ ബംഗാളിലെ രബീന്ദ്രനാഥ ടാഗോര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച്, മഹാരാഷ്ട്രയിലെ ബാപ്റ്റിസ്റ്റ് ക്രിസ്ത്യന്‍ അസോസിയേഷന്‍ എന്നിവയുടെ രജിസ്‌ട്രേഷനും കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.
6 വര്‍ഷം വരെയുള്ള വിദേശ ധന സഹായത്തിന്റെ രേഖകള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും വിദേശ ധനസഹായവുമായി ബന്ധപ്പെട്ട് വാര്‍ഷിക വരുമാനവും ചെലവും വ്യക്തമാക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ വൈകിയതാണ് ഈ സംഘടനകള്‍ക്ക് തിരിച്ചടിയായത്. വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം എല്ലാ സംഘടനകളും ഒരു സാമ്പത്തിക വര്‍ഷം കഴിഞ്ഞുള്ള 9 മാസങ്ങള്‍ക്കുള്ളില്‍ ആ സാമ്പത്തിക വര്‍ഷം ലഭിച്ച വിദേശ ധന സഹായം സംബന്ധിച്ച റിപ്പോര്‍ട്ട് ഓണ്‍ലൈനായി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കണം.
2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരം 14,800 സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ക്ക് വിദേശ ധന സഹായം സ്വീകരിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments