കോടികള്‍ വിലമതിയ്ക്കുന്ന പട്ടൗഡി പാലസിനെ കുറിച്ചും ഉടമസ്ഥാവകാശത്തെ കുറിച്ചും പുതിയ വെളിപ്പെടുത്തലുകളുമായി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്
മുംബൈ :കോടികള്‍ വിലമതിയ്ക്കുന്ന പട്ടൗഡി പാലസിനെ കുറിച്ചും ഉടമസ്ഥാവകാശത്തെ കുറിച്ചും പുതിയ വെളിപ്പെടുത്തലുകളുമായി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്. ദീര്‍ഘവര്‍ഷം സിനിമകളില്‍ അധ്വാനിച്ച് സ്വരുക്കൂട്ടിയ സമ്പാദ്യം ഉപയോഗിച്ചാണ് പട്ടൗഡി പാലസ് കരാറുകാരില്‍ നിന്നും മടക്കി വാങ്ങിയത് എന്നാണ് സൈഫ് വെളിപ്പെടുത്തിയത്.ഹരിയാനയിലെ ‘ഇബ്രാഹിം കോതി’ എസ്റ്റേറ്റിലാണ് പട്ടൗഡി പാലസ് സ്ഥിതി ചെയ്യുന്നത്. പത്തേക്കറിലായി 150 മുറികളുടെ വിശാലതയില്‍ അത്യാഡംബരവും എന്നാല്‍ പഴമയുടെ എല്ലാ പ്രൗഢിയും ചേര്‍ന്നതാണ് പട്ടൗഡി പാലസ്. ഏഴ് വലിയ കിടപ്പുമുറികള്‍, ബില്യാര്‍ഡ് മുറികള്‍, അതിവിശാലമായ ഹാള്‍, ഡ്രസിങ് മുറികള്‍, ഡൈനിങ് മുറികള്‍ എന്നിവയൊക്കെ ചേര്‍ന്നതാണ് പട്ടൗഡി പാലസ്.
നവാബായിരുന്ന ഇഫ്ത്തിക്കര്‍ അലി ഖാനില്‍ നിന്നാണ് സെയ്ഫിന്റെ പിതാവ് മന്‍സൂര്‍ അലി ഖാന് കൊട്ടാരം പൈതൃകസ്വത്തായി ലഭിച്ചത്. ഇവര്‍ രണ്ടുപേരും ക്രിക്കറ്റ് താരങ്ങളായിരുന്നു. എന്നാല്‍ മൂന്നാം തലമുറയിലെ അവകാശിയായ സെയ്ഫ് സിനിമാനടനായി. 1990 കളില്‍ പഴയ പട്ടൗഡി പാലസ് പുതുക്കി കൊളോണിയല്‍ ശൈലിയില്‍ പുനര്‍നിര്‍മ്മിച്ചിരുന്നു. 2005 – 2014 കാലഘട്ടത്തില്‍ ഇവിടെ ‘പട്ടൗഡി പാലസ് ഹോട്ടല്‍ ‘ പ്രവര്‍ത്തിച്ചിരുന്നു. സെയ്ഫിന്റെ പിതാവ് മന്‍സൂര്‍ അലിഖാന് ഒരു വന്‍കിട ഹോട്ടല്‍ ശൃംഖലയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമായിരുന്നു ഇത്. പിന്നീട് പലരും കരുതിയത് അടുത്ത അവകാശിയായ സെയ്ഫിലേക്ക് കൊട്ടാരം പൈതൃക സ്വത്തായി വന്നെത്തുകയായിരുന്നു എന്നാണ്. ഇതിനാണ് താരം തന്നെ വിശദീകരണം നല്‍കിയിരിക്കുന്നത്. 800 കോടി രൂപയാണ് നിലവിലെ വസ്തുവകകളുടെ ഏകദേശ മൂല്യം.
സെയ്ഫിന്റെയും കരീനയുടെയും വിവാഹവേദിയും പട്ടൗഡി കൊട്ടാരമായിരുന്നു. മകന് തൈമൂറിനും ഭാര്യ കരീനയ്ക്കുമൊപ്പം ശിശിരകാലം ആഘോഷിക്കാന്‍ സൈഫ് ഇപ്പോള്‍ എത്തുക ഇവിടെയാണ്. പല വമ്പന്‍ സിനിമകളുടെ വേദി കൂടിയായിട്ടുണ്ട് പട്ടൗഡി പാലസ്. ജൂലിയ റോബര്‍ട്ട്സിന്റെ ഈറ്റ് പ്രേ ലവ്, ബോളിവുഡ് ചിത്രങ്ങളായ മംഗല്‍ പാണ്ടേ ,വീര്‍ സാര, ഗാന്ധി, മൈ ഫാതര്‍ ആന്‍ഡ് മൈ ബ്രദര്‍ കി ദുല്‍ഹാന്‍ എന്നിവയും പട്ടൗഡി പാലസില്‍ ചിത്രീകരിച്ച സിനിമകളാണ്.
Post Your Comments