മുംബൈ : മഹാരാഷ്ട്രയിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി. ഗവർണ്ണറുടെ ശുപാർശ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് അംഗീകരിച്ചു. സംസ്ഥാനത്ത് ഒരു കക്ഷിയും മുന്നണിയും സർക്കാർ രൂപീകരിക്കാൻ കഴിയുന്ന നിലയിലല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ ഭഗത് സിംഗ് കൊഷിയാരി രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്തത്. ശുപാർശ കേന്ദ്രസർക്കാർ രാഷ്ട്രപതിഭവന് ഔദ്യോഗികമായി കൈമാറിയത് രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു.
സർക്കാർ രൂപീകരിക്കാൻ ആർക്കും കഴിഞ്ഞില്ലെന്ന് കാണിച്ച് ഗവർണർ നേരത്തേ കേന്ദ്രസർക്കാരിന് റിപ്പോർട്ടയച്ചത് ബിജെപിയുമായുള്ള ഒത്തുകളിയാണെന്ന് പ്രതിപക്ഷം ആരോപണമുയർത്തി.ഇതിനെ തുടർന്ന് ശിവ സേന ഗവർണറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ഇന്ന് തന്നെ ഹർജി പരിഗണിക്കണമെന്നാണ് ശിവസേന നേരിട്ട് സുപ്രീംകോടതി റജിസ്ട്രിയോട് ആവശ്യപ്പെടുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നവംബർ 17-ന് വിരമിക്കാനിരിക്കെയാണ് മറ്റൊരു സുപ്രധാന തെരഞ്ഞെടുപ്പ് കേസ് കൂടി സുപ്രീംകോടതിയ്ക്ക് മുന്നിലെത്തുന്നത്.
President's Rule imposed in the state of #Maharashtra, after the approval of President Ram Nath Kovind. pic.twitter.com/tR3qW4xYbR
— ANI (@ANI) November 12, 2019
ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി, രണ്ടാമത്തെ വലിയ കക്ഷി ശിവസേന, മൂന്നാമത്തെ വലിയ കക്ഷി എൻസിപി എന്നിവരെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചെന്നും എന്നാൽ ആർക്കും ഭരണത്തിലേറാനുള്ള അംഗബലമില്ലെന്നുമാണ് ഗവർണർ കേന്ദ്രസർക്കാരിന് നൽകിയ റിപ്പോർട്ട്. ഇന്ന് വൈകിട്ട് എട്ടര വരെ സർക്കാർ രൂപീകരണത്തിന് എൻസിപിക്ക് ഗവർണർ സമയം നൽകിയിരുന്നു. രാവിലെ 11 മണിയോടെ എൻസിപി പ്രതിനിധികൾ ഗവർണറുമായി സംസാരിക്കുകയും സർക്കാർ രൂപീകരണത്തിന് സമയം നീട്ടി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇന്ന് രാവിലെ ചേര്‍ന്ന കേന്ദ്ര മന്ത്രി സഭാ യോഗത്തിലാണ് രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ധാരണയായത്. ഇതിന് ശേഷമാണ് മൂന്ന് പാർട്ടികളും സർക്കാർ രൂപീകരിക്കാൻ കഴിയാത്ത നിലയിലാണെന്ന് ഗവർണർ റിപ്പോർട്ട് നൽകിയത്.
Also read : മഹാരാഷ്ട്ര ഭരണത്തിന്റെ കാര്യത്തില്‍ തീരുമാനമായി
Post Your Comments