Latest NewsNewsIndia

ശിവസേനയ്ക്ക് പിന്തുണ നല്‍കാനുള്ള എന്‍സിപി-കോണ്‍ഗ്രസ് തീരുമാനം ഭാവിയില്‍ വലിയ രാഷ്ട്രീയ തിരിച്ചടിയാകും ; ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ മതേതര മുഖം അഴിഞ്ഞു വീഴുന്നതാവും ശിവസേന സഖ്യം

മുംബൈ : മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ശിവസേനയ്ക്ക്, എന്‍സിപി-കോണ്‍ഗ്രസ് പിന്തുണ നൽകുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. അതിനുള്ള ചർച്ചകൾ വേഗത്തിൽ നടക്കുന്നു. എന്നാൽ പിന്തുണ നല്‍കാനുള്ള എന്‍സിപി-കോണ്‍ഗ്രസ് തീരുമാനം ഇരു പാർട്ടികൾക്കും ഭാവിയില്‍ വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ശിവസേന സഖ്യം ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിന്റെ മതേതര മുഖം അഴിഞ്ഞു വീഴുന്നതാകുമെന്നാണ്, കോണ്‍ഗ്രസ് അനുകൂല രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. സര്‍ക്കാരുണ്ടാക്കാനുള്ള ഗവര്‍ണറുടെ ക്ഷണം ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി നിരസിച്ചതു കോൺഗ്രസിന്റെ കണക്ക്കൂട്ടലുകൾ തെറ്റിച്ചു. ബിജെപി ആ ക്ഷണം സ്വീകരിക്കുകയും, വിശ്വാസവോട്ട് നേടുന്നതില്‍ പരാജയപ്പെടുകയും ചെയ്യുമെന്നായിരുന്നു കരുതിയിരുന്നത്. ഇതോടെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്കും, ഉടനെയുള്ള ഒരു തെരഞ്ഞെടുപ്പിലേക്കും പോകാതിരിക്കാന്‍ വിട്ടുവീഴ്ച ചെയ്യുന്നു എന്ന പൊതു ധാരണ പരത്താനാകുമെന്നു കോൺഗ്രസ്സ് കരുതിയിരുന്നു.

ബിജെപി സര്‍ക്കാരുണ്ടാക്കാനില്ല എന്ന് വ്യക്തമാക്കിയതോടെ കനത്ത തിരിച്ചടിയാണ് കോൺഗ്രസിനുണ്ടായത്. തന്ത്രം പൊളിഞ്ഞതോടെ ശിവസേനയെ സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണക്കാതെ വഴിയില്ല എന്ന അവസ്ഥയിലായി. ജനങ്ങള്‍ തെരഞ്ഞെടുത്ത ബിജെപി സഖ്യത്തെ അധികാരത്തില്‍ നിന്ന് മാറ്റി ശിവസേനയെ പിന്തുണക്കുന്നതിനെ കുറിച്ചുള്ള കോൺഗ്രസിന്റെ വിശദീകരണം എളുപ്പമാകില്ല. വര്‍ഗ്ഗീയ പാര്‍ട്ടിയെന്ന് എക്കാലത്തും കോണ്‍ഗ്രസും എന്‍സിപിയും വിശേഷിപ്പിച്ചിരുന്ന ശിവസേനയെ പിന്തുണക്കുന്നത് ന്യൂനപക്ഷത്തെ പിണക്കുന്നതിന് ഇടയാക്കുമെന്ന പ്രതിഷേധം കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ ഉയരുന്നുവെന്നാണ് റിപ്പോർട്ട്. ഈ സഖ്യം ഉണ്ടായാല്‍ തന്നെ അത് അധികകാലം നിലനില്‍ക്കില്ല എന്ന് ഉറപ്പാണെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ശിവസേനയുമായി സഖ്യം ചേര്‍ന്ന് അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാനാവുമോ എന്ന് നേതൃത്വം ചിന്തിക്കണമെന്നും, ശിവസേനാ സഖ്യം കോണ്‍ഗ്രസിന്റെ സര്‍വ്വ നാശത്തിന് ഇടയാക്കുമെന്നും മുതിര്‍ന്ന നേതാവ് സഞ്ജയ് നിരൂപം ചൂണ്ടിക്കാട്ടുന്നു. പിന്തുണ നല്‍കരുത് എന്നാണ് മല്ലികാര്‍ജ്ജുന ഖാര്‍യുടെയും നിലപാട് എന്നാണ് വിവരം.

Also read : ശിവസേനയ്ക്ക് അനുവദിച്ച സമയം കഴിഞ്ഞു, ഗവർണ്ണർ എൻസിപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു

എന്‍സിപിയും സമാനമായ അവസ്ഥയിലാണ്. ശിവസേനാ സഖ്യത്തെ കുറിച്ച്‌ അണികളെ ബോധ്യപ്പെടുത്തുക എളുപ്പമല്ല. എന്‍സിപിയുടെ അടിവേര് ഇളക്കുന്ന സഖ്യമായിരിക്കുമിത്. താല്‍ക്കാലിക അധികാരത്തിന് വേണ്ടി സ്ഥിരം വോട്ടു ബാങ്കുകളെ കൈവിടുന്നത് ഭാവിയില്‍ വലിയ തിരിച്ചടിയാകും. ഇതിലും ഭേദം എന്‍സിപി ബിജെപിയെ പിന്തുണക്കുന്നതാണെന്നാണ്  പല അണികള്‍ക്കുമുള്ള അഭിപ്രായം.
ശിവസേനയായിരുന്നു എന്‍സിപി ജയിച്ചു കയറിയ മിക്ക മണ്ഡലങ്ങളിലും എതിര്‍ സ്ഥാനാര്‍ത്ഥി. സഖ്യമുണ്ടായാൽ ഇവിടങ്ങളില്‍ ബിജെപി ശക്തിപ്പെട്ടേക്കുമെന്നും വിലയിരുത്തലുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ശിവസേന ഇല്ലാതെ തന്നെ മഹാരാഷ്ട്രയില്‍ നേട്ടം കൊയ്യാനാകും എന്ന വിശ്വാസത്തിലാണ് ബിജെപി.

shortlink

Related Articles

Post Your Comments

Related Articles


Back to top button