മഹാരാഷ്ട്രയിൽ ശിവസേന ചരിത്രത്തിലെ ഏറ്റവും കൊടിയ രാഷ്ട്രീയ വഞ്ചനക്ക് തയ്യാറായിരിക്കുന്നു. ബിജെപിയെ കൈവിട്ടുകൊണ്ട് കോൺഗ്രസുമായും എന്സിപിയുമായും ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള പുറപ്പാടിലാണ് അവർ. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷി എന്നനിലക്ക് ഗവർണർ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചുവെങ്കിലും തങ്ങൾക്ക് ഭൂരിപക്ഷമില്ല എന്നാണ് അവർ അറിയിച്ചത്. 288 അംഗ സഭയിൽ അവർക്ക് 105 എംഎൽഎമാരേയുള്ളു; ഏതാനും സ്വാതന്ത്രരടക്കം 122 പേര് ഇപ്പോൾ ബിജെപിക്കൊപ്പമുണ്ട്. എന്നാൽ സർക്കാർ രൂപീകരിക്കാൻ 145 പേരുടെ പിന്തുണ ആവശ്യമാണല്ലോ. അധികാരത്തിൽ നിന്ന് മാറിനിൽക്കുക എന്നതാണ് ഇപ്പോൾ ബിജെപി സ്വീകരിച്ചിട്ടുള്ള തന്ത്രം. 288 അംഗ നിയമസഭയിൽ എൻഡിഎ 161 സീറ്റുകൾ നേടിയിരുന്നു . ബിജെപി-105; ശിവസേന- 56 എന്നിങ്ങനെയാണ് എംഎൽഎമാരുടെ കണക്ക്. എൻസിപിക്ക് 54 പേരെ ജയിപ്പിക്കാൻ സാധിച്ചപ്പോൾ കോൺഗ്രസിന് ലഭിച്ചത് 44 സീറ്റാണ്. മറ്റുള്ളവർ -23.
മഹാരാഷ്ട്രയെ ഒന്ന് വിശകലനം ചെയ്യേണ്ടതുണ്ട്. ബിജെപിയുടെ ഒരു കോട്ടയായി മഹാരാഷ്ട്ര മാറിയിരിക്കുന്നു എന്നതാണ് ലോകസഭാ തിരഞ്ഞെടുപ്പ് കാട്ടിത്തന്നത്. അവിടെ അൻപത് ശതമാനത്തോളം വോട്ട് അന്ന് എൻഡിഎക്ക് കരസ്ഥമാക്കാനായിരുന്നു. 2014- ൽ മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും പരസ്പരം മത്സരിക്കുകയായിരുന്നു എന്നതോർക്കുക; അതുപോലെതന്നെയായിരുന്നു കോൺഗ്രസും എൻസിപിയും, ഒരർഥത്തിൽ ഈ നാല് പ്രമുഖ പാർട്ടികൾ തമ്മിൽ തമ്മിൽ മത്സരിച്ചപ്പോൾ 288 അംഗ നിയമസഭയിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാതെപോയി. ബിജെപി- 122, ശിവസേന- 63 , കോൺഗ്രസ് -42 , എൻസിപി -41, മറ്റുള്ളവർ -20 എന്നിങ്ങനെയായിരുന്നു അന്നത്തെ കക്ഷി നില. ബിജെപിക്ക് സ്വന്തം നിലക്ക് ഭരിക്കാൻ 23 സീറ്റുകൾ കൂടി വേണമായിരുന്നു. അങ്ങിനെയാണ് പരസ്പരം മത്സരിച്ച ശിവസേനയുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ ധാരണയിലെത്തുന്നത്. എൻഡിഎ -യുടെ ഭാഗമായിരുന്നു അപ്പോഴും ശിവസേന; കേന്ദ്രത്തിൽ അവർ അന്നും എൻഡിഎ – നരേന്ദ്ര മോഡി മന്ത്രിസഭയിലുണ്ടായിരുന്നു. അന്ന് ബിജെപിക്ക് 27. 81 ശതമാനം വോട്ടാണ് കിട്ടിയത്; ശിവസേന-19.35 %, കോൺഗ്രസ്- 17.95 %, എൻസിപി- 17. 24 % വോട്ടും കരസ്ഥമാക്കി. ഒരർഥത്തിൽ ആ പോരാട്ടം ശിവസേനയ്ക്ക് ഒരു പാഠമാവുകയായിരുന്നു; സ്വന്തം ശക്തി അവർക്ക് തിരിച്ചറിയാൻ സാധിച്ചു. അതുവരെ സംസ്ഥാനത്തെ ഏറ്റവും ശക്തമായ കക്ഷി തങ്ങളാണ് എന്നതായിരുന്നു ശിവസേനയുടെ അവകാശവാദം; അത് അംഗീകരിച്ചുകൊണ്ടാണ് ബിജെപി രണ്ടാം കക്ഷിയായി കൂടെ നിന്നിരുന്നത്.
2014- ലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ബിജെപിക്കൊപ്പം വരാൻ എൻസിപി ഒരുക്കമായിരുന്നു. അന്ന് ആദ്യ ഘട്ടത്തിൽ സർക്കാർ വിശ്വാസവോട്ട് തേടിയത് എൻസിപി സഭാവിട്ടിറങ്ങിപ്പോയത് കൊണ്ടുമാണ്. എന്നാൽ അപ്പോൾ ആർഎസ്എസ് നേതാക്കളെ കണ്ട് ഹിന്ദുത്വ അജണ്ട ഒക്കെ പറഞ്ഞു അവർ ബിജെപിക്കൊപ്പം ചേരാൻ സന്നദ്ധത അറിയിരിക്കുകയായിരുന്നു എന്നതാണ് അന്ന് കേട്ടിരുന്ന വാർത്തകൾ. എന്തായാലും ശിവസേനയെ ചേർത്തുകൊണ്ട് മുന്നോട്ട് പോകാൻ ബിജെപി തീരുമാനിച്ചു. എന്നാൽ ബാൽ താക്കറെക്ക് ശേഷം അവർ കളിച്ചിരുന്നത് തരം താണ രാഷ്ട്രീയമാണ്. വേണ്ടിടത്തും വേണ്ടാത്തിടത്തും ബിജെപിയെ വിമർശിക്കാനും മറ്റും അവർ കാണിച്ച ആവേശം ഇന്ത്യ കണ്ടതാണ്. കേന്ദ്രത്തിൽ സർക്കാരിന്റെ ഭാഗമായിരിക്കെ അത്തരം പ്രവർത്തികൾ അവർ ചെയ്യാമായിരുന്നില്ലല്ലോ. എന്നാൽ ആ ധാർമ്മികതയൊന്നും അവർക്കുണ്ടായിരുന്നില്ല.
തിരഞ്ഞെടുപ്പ് സമയത്ത് ദേവേന്ദ്ര ഫട് നാവിസിന്റെ നേതൃത്തിലെ സർക്കാരിന് മറ്റൊരു വട്ടം കൂടി അവസരം നൽകണമേ എന്നതായിരുന്നു ബിജെപിയും ശിവസേനയും ജനങ്ങൾക്ക് മുന്നിൽ വെച്ചത്. അതിനുള്ള വോട്ടാണ് ഇത്തവണ രണ്ടു പാർട്ടികൾക്കും ലഭിച്ചത്. അതുകൊണ്ടുതന്നെയാണ് അവരെ ജനങ്ങൾ വോട്ടുചെയ്‌ത് ജയിപ്പിച്ചത്. വോട്ടെണ്ണും വരെ പറയാതിരുന്ന കാര്യങ്ങളാണ് ശിവസേന നേതാക്കൾ പിന്നീട് ഉന്നയിച്ചത്. മുഖ്യമന്ത്രി പദം പങ്കിടണം എന്നതാണത്. അങ്ങിനെ ഒരു ധാരണ ഉണ്ടായിരുന്നു എന്നും അവർ വിളിച്ചുകൂവുന്നു. എന്നാൽ അങ്ങിനെ ഒരു ധാരണ ഇല്ലെന്ന് ബിജെപി വ്യക്തമാക്കുന്നു. ദേവേന്ദ്ര ഫട് നാവിസ് അക്കാര്യം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് അമിത് ഷാ ‘ഇന്ത്യ ടുഡേ’ ക്ക് നൽകിയ അഭിമുഖത്തിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അന്നൊന്നും പറയാതിരുന്ന കാര്യം സർക്കാർ രൂപീകരണ സമയത്ത് ഉന്നയിച്ചത് യഥാർഥത്തിൽ ബിജെപിയെ പിന്നിൽ നിന്ന് കുത്തുന്നതിന് സമാനമാണ് എന്നതിൽ ആർക്കെങ്കിലും സംശയമുണ്ടാവും എന്ന് തോന്നുന്നില്ല. ബിജെപിയുമായി ചർച്ച ചെയ്യുന്നതിന് പകരം അവർ എൻസിപി , കോൺഗ്രസ് നേതാക്കളുടെ പിന്നാലെ നടക്കുന്നതും അക്കാലത്ത് കണ്ടു.
ഇനി എന്ത് എന്നതാണ് മഹാരാഷ്ട്രയിലെ ജനങ്ങൾ കരുതുന്നത്. കേന്ദ്രത്തിൽ ഇപ്പോഴും നരേന്ദ്ര മോഡി സർക്കാരിൽ പങ്കാളിയായ ശിവസേനയാണ് കോൺഗ്രസുമായും എൻസിപിയുമായും ചർച്ചകൾ നടത്തുന്നത്. അതാണ് അവർക്ക് താല്പര്യമെങ്കിൽ അതായിക്കോട്ടെ എന്നതാണ് ബിജെപി ചിന്തിച്ചത്. എന്നാൽ പ്രശ്നം അതല്ല. കോൺഗ്രസ് ഇന്നലെവരെ പറഞ്ഞു നടന്നതൊക്കെ മറന്നുകൊണ്ട് ശിവസേനയുമായി കൂട്ടുകെട്ട് ഉണ്ടാക്കുമോ?. എന്സിപിയുടെ കാര്യവും അത് തന്നെ. ഇവിടെ ഒന്നുകൂടി ഓർക്കേണ്ടതുണ്ട്; എൻസിപി കേരളത്തിലാണ് ആകെ ഇപ്പോൾ ഭരണത്തിലുള്ളത്; അതാവട്ടെ സിപിഎമ്മിനൊപ്പം ഇടതുമുന്നണിയിലും . സിപിഐയും അതിന്റെ ഭാഗമാണ്. സിപിഐ, സിപിഎം എന്നിവർക്ക് ശിവസേനയുടെ സഖ്യകക്ഷിയായ എൻസിപിയെ ഒരു മുന്നണിയിലും സർക്കാരിലും കൂടെ നിർത്താൻ കഴിയുമോ? അതൊക്കെ വരും നാളുകളിൽ കാണാൻ ഇരിക്കുന്നതേയുള്ളു. എന്തായാലും ബിജെപിയുടെ നീക്കം തീർച്ചയായും ശ്രദ്ധേയമാണ്; സർക്കാറുണ്ടാക്കാനില്ല എന്ന് പറഞ്ഞതിലൂടെ അവർ യഥാർഥത്തിൽ പ്രതിസന്ധിയിലാക്കിയത് മറ്റു മൂന്ന് പാർട്ടികളെയുമാണ്.
Post Your Comments