ബംഗളുരു: കര്‍ണാടകയിലെ 15 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 5 ന് നടക്കും. കര്‍ണാടകയില്‍ സ്പീക്കര്‍ അയോഗ്യരാക്കിയ എം എല്‍ എമാര്‍ പ്രതിനിധീകരിച്ചിരുന്ന മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പാണ് ഡിസംബര്‍ 5 ന് നടക്കുക. നവംബര്‍ 11 മുതല്‍ 18 വരെയാണ് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സജ്ഞീവ് കുമാര്‍ അറിയിച്ചു. ഡിസംബര്‍ 9 നാണ് ഫലപ്രഖ്യാപനം.
കര്‍ണാകയില്‍ നാളെ മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു.ഉപതെരഞ്ഞൈടുപ്പിനായി 4,185 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുമെന്നും പോളിംഗിന് ഇവിഎം, വിവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 21 ന് നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പ് പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റി വെയ്ക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കുകയോ ഇടക്കാല ഉത്തരവ് നല്‍കുകയോ വേണമെന്നാവശ്യപ്പെട്ട് അയോഗ്യരാക്കിയ എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ഈ ഹര്‍ജിയിലാണ് സുപ്രീംകോടതി അന്തിമ വിധി പ്രസ്താവിക്കുന്നത് വരെ ഉപതെരഞ്ഞെടുപ്പ് നീട്ടി വെയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. നിയമസഭയില്‍ നിന്നും രാജിവെച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ രമേഷ് കുമാറാണ് മുഴുവന്‍ വിമത എംഎല്‍എമാരെയും അയോഗ്യരാക്കിയത്. എം എല്‍ എമാരുടെ രാജി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്പീക്കറുടെ നടപടി.അതെ സമയം ഈ ഉപതെരഞ്ഞെടുപ്പ് യെദിയൂരപ്പ സർക്കാരിന് നിർണ്ണായകമാണ്. ഭൂരിപക്ഷം തെളിയിക്കാൻ 6 എംഎൽഎമാരുടെ പിന്തുണ കൂടി യെദിയൂരപ്പക്ക് വേണ്ടിവരും.
Post Your Comments