രമ്യ ബിനോയ്
*വീണ്ടെടുപ്പുകള്‍*
വീട്ടുജോലികളില്‍ എന്നെ സഹായിക്കാനായി വരുന്ന ഒരു സ്ത്രീയുണ്ട്, ഏതാണ്ട് 55 – 58 വയസ്സു വരും. എന്‍റെ വീട്ടില്‍നിന്നുള്ള വരുമാനമാണ് ഏക ആശ്രയം. പക്ഷേ ചേച്ചി ആ പണത്തില്‍നിന്ന് ചെറിയൊരോഹരി മാറ്റിവച്ച് എല്ലാ വര്‍ഷവും കുറച്ചു സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയും 6 മാസത്തിലൊരിക്കലെങ്കിലും ഗ്രാമത്തിലെ കൂട്ടായ്മ നടത്തുന്ന ക്ഷേത്രസന്ദര്‍ശന യാത്രയില്‍ പങ്കാളിയാകുകയും ചെയ്യും. അതായത് ഇവിടെനിന്നു കിട്ടുന്നതിന്‍റെ പത്തിലൊന്ന് ചേച്ചി സ്വന്തം ആവശ്യത്തിനു മാത്രമായാണ് ചെലവഴിക്കുന്നത്. അതുകൊണ്ടു തന്നെ സാധാരണ സ്ത്രീകള്‍ തളര്‍ന്നുപോകുന്ന ജീവിതസാഹചര്യങ്ങളിലും അവര്‍ സന്തോഷവതിയാണ്.
പാശ്ചാത്യലോകത്തെ ഒരു ട്രെന്‍ഡിനെ കുറിച്ച് വായിച്ചപ്പോഴാണ് ചേച്ചിയുടെ കാര്യം പറയാന്‍ തോന്നിയത്. അവിടെ ഇപ്പോള്‍ വിപണി ലക്ഷ്യം വയ്ക്കുന്നത് 40നു മുകളിലുള്ള സ്ത്രീകളെയാണത്രെ. പതിവായി ഒബ്സര്‍വര്‍, ടൈംസ് മാഗസിനുകള്‍ വായിക്കാറുള്ള ഞാനും അത് ശ്രദ്ധിച്ചിരുന്നു. മിക്കവാറും പരസ്യങ്ങളിലെ മോഡലുകള്‍ 40 – 60 പ്രായക്കാര്‍. ഏറ്റവുമധികം വാങ്ങല്‍ ശേഷി (ബയിങ് പവര്‍) ഉള്ളവരാണ് ഈ വിഭാഗക്കാരായ സ്ത്രീകള്‍ എന്ന വിപണി നിരീക്ഷണമാണ് അവരെ ഇതിലേക്ക് എത്തിച്ചത്. ലോകമെങ്ങും സ്ത്രീകളുടെ വരുമാനം വര്‍ധിക്കുകയാണ്. സര്‍ക്കാര്‍ സര്‍വീസുകളിലും ബാങ്കിങ്ങിലും പ്രഫഷനല്‍ സ്ഥാപനങ്ങളിലും മാത്രമല്ല സ്വകാര്യ സംരംഭങ്ങളിലും സ്ത്രീകള്‍ മുന്നേറുകയാണ്. പക്ഷേ ഇതെല്ലാം ചെയ്യുമ്പോളും അവനവനു വേണ്ടി എന്തൊക്കെ ചെയ്യുന്നുണ്ട് എന്ന് ആലോചിച്ചിട്ടുണ്ടോ…
ഒരു സ്ത്രീ നാല്‍പ്പതുകളിലേക്ക് എത്തുന്നുവെന്ന് പറയുന്നതോടെ ” വയസ്സായി അല്ലേ” എന്ന പരിഹാസമാണ് പലപ്പോഴും ആദ്യം തേടിയെത്തുക. ഞാനുമത് കേട്ടിരുന്നു. എത്ര വലിയ തെറ്റിദ്ധാരണയില്‍നിന്ന് ഉയിരെടുത്ത കമന്‍റാണത്. കവികളും കാമുകരും പറയുമ്പോലെ ജീവിതത്തിന്‍റെ വസന്തം തന്നെയാണ് നാല്‍പ്പതുകളും അന്‍പതുകളും. കുട്ടികള്‍ അല്‍പ്പമൊന്ന് മുതിര്‍ന്ന്, കരിയറില്‍ നില മെച്ചപ്പെടുത്തി, നല്ല സൗഹൃദങ്ങളെ ചേര്‍ത്തുനിര്‍ത്തി, പ്രതിലോമ വ്യക്തിത്വങ്ങളെ അകറ്റിനിര്‍ത്തി, അല്‍പ്പമൊരു സമ്പാദ്യമൊക്കെയായി, രൂപഭംഗിയില്‍ കുറച്ചു പ്രൗഢി കൂടി കലര്‍ന്ന്… ആകെക്കൂടി നിറയെ പൂത്ത ഒരു പൂവാക പോലെ ആവുകയാണ് ആ പ്രായത്തിലുള്ളവര്‍. അതോടെ വാക്കുകള്‍ക്ക് കുറച്ചൊരു ശക്തിയും ആധികാരികതയും വരും. അവനവനെ തന്നെയും ചുറ്റുമുള്ളവരെയും കൂടുതല്‍ സ്നേഹിക്കാന്‍ തുടങ്ങും. അവളുടെ ആത്മവിശ്വാസം തല്ലിക്കൊഴിക്കാന്‍ മാത്രമായി സ്നേഹത്തിന്‍റെ ആട്ടിന്‍തോലിട്ടു വന്നുചേരുന്നവരെ ദേഹത്തുപുരണ്ട ചെളി തുടച്ചുമാറ്റുന്ന ലാഘവത്തോടെ അവള്‍ തുടച്ചെറിയും. ചുറ്റുമുള്ളവര്‍ ഇതൊക്കെക്കണ്ട് അമ്പരന്നു നില്‍ക്കുന്നുണ്ടാകും. നിന്നോട്ടെ… അവര്‍ കണ്ടു ശീലിച്ച ഒരു വിഗ്രഹം തകര്‍ന്നുവീഴുകയാണ്. പക്ഷേ പകരമൊരാള്‍ അവിടെ ഉയിര്‍ക്കുമല്ലോ. കൂടുതല്‍ കരുത്തും ശക്തിയും അനുഗ്രഹ – സംഹാര ശേഷിയും ഉള്ളത്. അവളെ സ്നേഹിച്ചു തുടങ്ങൂ. നിങ്ങള്‍ക്ക് കൂടുതല്‍ തെളിച്ചമുള്ള നിലാവും കൂടുതല്‍ തണുപ്പുള്ള മഞ്ഞുകാലവും കൂടുതല്‍ കുളിരുള്ള മഴയും അനുഭവവേദ്യമായിത്തുടങ്ങും. പക്ഷേ, അവളെ ഇനിയും ചുണ്ടുവിരല്‍ത്തുമ്പില്‍ നിര്‍ത്താന്‍ ശ്രമിക്കരുത്. തീവ്രമായി സ്നേഹിക്കുന്ന അതേ ആയത്തില്‍ തിരിച്ചടിക്കാനും അവള്‍ പഠിച്ചുകഴിഞ്ഞു.
നമ്മുടെ സ്ത്രീകളിലും ഈ മാറ്റം ദൃശ്യമായിത്തുടങ്ങി. നാല്‍പ്പതുകളിലും അന്‍പതുകളിലും നൃത്തം പഠിക്കാന്‍ തുടങ്ങിയവര്‍, എഴുത്ത് തിരിച്ചുപിടിച്ചവര്‍, തനിച്ചും കൂട്ടായും യാത്ര ചെയ്യുന്നവര്‍, വീണ്ടും പഠിക്കാന്‍ തുടങ്ങിയവര്‍ അങ്ങനെയങ്ങനെ പെണ്‍ജീവിതങ്ങള്‍ എന്നോ കൊടിയിറങ്ങിയ ഒരു ഉത്സവത്തിന് വീണ്ടും ധ്വജപ്രതിഷ്ഠ നടത്തുകയാണ്. നാളെയവര്‍ അവിടെ വീണ്ടും കൊടിപാറിക്കുക തന്നെ ചെയ്യും.
ഇനിയും അത്തരം വീണ്ടെടുപ്പുകള്‍ തുടങ്ങിയിട്ടില്ലെങ്കില്‍ ഇന്നു മുതലാകാം. അതിനായി നിങ്ങളുടെ ജീവിതത്തില്‍ ചെറിയ ചില അഴിച്ചുപണികള്‍ വേണ്ടിവന്നേക്കും. നിങ്ങള്‍ കമ്പനി സിഇഒയോ കൂലിപ്പണി ചെയ്യുന്നവളോ ആകട്ടെ. ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരോഹരി (5 മുതല്‍ 10 ശതമാനം വരെ) നിങ്ങളുടെ മാത്രമായ ഒരു സേവിങ് ആയി മാറ്റുക. ആ പണം നിങ്ങളുടെ മാത്രം സന്തോഷങ്ങള്‍ക്കായി കുറ്റബോധമില്ലാതെ ചെലവഴിക്കൂ. നല്ലൊരു സാരിയോ, ബ്യൂട്ടി പാര്‍ലര്‍ സന്ദര്‍ശനമോ, യാത്രകളോ എന്തും നിങ്ങള്‍ക്കു സ്വയം സമ്മാനിക്കാം.
ഇരുപതുകളുടെ അന്ത്യത്തിലെയും മുപ്പതുകളുടെ തുടക്കത്തിലെയും എന്‍റെ ജീവിതം എനിക്ക് ഓര്‍ക്കാന്‍ പോലും വയ്യ. മറ്റുള്ളവരെയെല്ലാം സന്തോഷിപ്പിക്കുന്നതിനായി ഇഷ്ടമില്ലാത്ത പലതും ചെയ്ത്, കോംപ്രമൈസ് മാത്രമാണ് ജീവിതവിജയത്തിന്‍റെ അടിത്തറ എന്ന അര്‍ധസത്യത്തില്‍ വിശ്വസിച്ച് എല്ലായിടത്തും ചവിട്ടുമെത്തയായി, വായനയും എഴുത്തും അടക്കമുള്ള സ്വകാര്യ സന്തോഷങ്ങളെല്ലാം ഉപേക്ഷിച്ച്, സൗഹൃദമെന്ന വാക്ക് തന്നെ മറന്ന്, ആരുടെയൊക്കെയോ ഗുഡ് ബുക്കില്‍ കയറാന്‍ നല്ല കുട്ടിയായി അഭിനയിച്ച്… എന്‍റെ ദൈവമേ… ഞാനെന്തൊക്കെയാണ് കാട്ടിക്കൂട്ടിയത്. കാണാനത്ര ഭംഗി പോരെന്ന് ഇടയ്ക്കിടെ ഓര്‍മിപ്പിച്ചവരോട് “നണ്‍ ഓഫ് യുവര്‍ ബിസിനസ്” എന്നു പറയാന്‍ ശക്തിയില്ലാതെ പോയ ഞാന്‍. അന്തസ്സുള്ള ഒരു ജോലി ഉണ്ടായിട്ടും മറ്റാരുടെയൊക്കെയോ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തേണ്ടി വന്നവള്‍. ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ ആ എന്നോടു സഹതാപം മാത്രം. ഇപ്പോള്‍ എനിക്ക് എന്നെ ഇഷ്ടമാണ്. ഞാനെന്താണോ അതിനെ അംഗീകരിക്കുക എന്നതാണ് സന്തോഷത്തിന്‍റെ ആദ്യ പാഠം. എനിക്ക് മുടമ്പല്ലുണ്ടെന്നതോ, തൊലിയുടെ നിറം കറുത്തതാണെന്നോ, വയറും മാറിടവും അല്‍പ്പം ഇടിഞ്ഞുവെന്നതോ ഒന്നും എന്നെ അലോസരപ്പെടുത്തുന്നില്ല. അത്തരം തരംതാണ കമന്‍റുകളുമായി വരുന്നവരോട് എനിക്കിപ്പോള്‍ സഹതാപം മാത്രം. പകരം എനിക്ക് തെറ്റില്ലാത്ത മുടിയും കണ്ണുകളും നുണക്കുഴിയുമുണ്ടെന്ന് ഞാന്‍ കണ്ടെത്തി. നമ്മള്‍ ഓരോരുത്തര്‍ക്കുമുണ്ട് സ്വയം ഇഷ്ടപ്പെടാന്‍ കഴിയുന്ന കാര്യങ്ങള്‍. ആരുമത് ചൂണ്ടിക്കാണിക്കണമെന്നില്ല. സ്വയം കണ്ടെത്തിയാല്‍ മതി. അഹങ്കരിക്കാനല്ല, ആത്മവിശ്വാസത്തോടെ ജീവിക്കാന്‍.
എഴുതാതെ, വായിക്കാതെ എനിക്ക് ഇപ്പോള്‍ ജീവിക്കാന്‍ കഴിയില്ല. എല്ലാ ദിവസവും അര മണിക്കൂറെങ്കിലും ഞാന്‍ ഇതിനൊന്നിനായി കണ്ടെത്തും. എല്ലാവര്‍ക്കുമുണ്ടാകും ഇത്തരം ചില ഇഷ്ടങ്ങള്‍. ഗാര്‍ഡനിങ് ആകാം, വര്‍ക്കൗട്ട് ആകാം, പാട്ടോ നൃത്തമോ ആകാം. ഒരു ദിവസത്തിലെ 1440 മിനിറ്റില്‍ 30 മിനിറ്റേ നമുക്ക് അതിന് ആവശ്യമുള്ളു. പിന്നെ പാട്ട് ഇഷ്ടമുള്ളവര്‍ക്കാണെങ്കില്‍ ഒരു റേഡിയോ സെറ്റ് വാങ്ങി എഫ്എം റേഡിയോ ട്യൂണ്‍ ചെയ്തു വച്ചാല്‍ വീട് എപ്പോഴും സംഗീതസാന്ദ്രം. എനിക്കാണെങ്കില്‍ കംപ്യൂട്ടറില്‍ യു ട്യൂബ് എപ്പോഴും തുറന്നുകിടക്കും. ഇപ്പോഴുമിതാ ജോണ്‍സണ്‍ മാസ്റ്ററുടെ ‘ആവണിപ്പൂവിന്‍ വെണ്‍മണിത്താലത്തില്‍ ആയിരം മോഹം നേദിക്കു’ന്നുണ്ട്…
എന്‍റെ ഇഷ്ടങ്ങളിലേക്ക്, സ്വപ്നങ്ങളിലേക്ക് നടക്കാന്‍ എനിക്ക് സഹായമായത് കുടുംബത്തോടൊപ്പം തന്നെ ഒരു പെണ്‍കൂട്ടായ്മയാണ്. ബാല്യകാലസഖിയായ സുമ, പിന്നീട് വന്ന ഉഷസ്, സ്മിത മുതല്‍ എന്‍റെ സ്ക്വാഡ്എന്നു ഞാന്‍ വിശേഷിപ്പിക്കുന്ന എന്‍റെ ഡിഗ്രിക്കാല കൂട്ടുകാരിപ്പട വരെയുള്ളവര്‍. പിന്നെ എഫ്ബി തന്ന ചില അപൂര്‍വ സൗന്ദര്യമുള്ള സൗഹൃദങ്ങള്‍. വാളയാറിലെ അമ്മയെ കാണാനുള്ള യാത്രയില്‍ ഒന്നും നോക്കാതെ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ മനോരമ തന്ന എല്ലാ സൗകര്യങ്ങള്‍ക്കുമൊപ്പം വലിയൊരു ബലം എനിക്കവിടെ ഉണ്ടായിരുന്നു, പാലക്കാട് എന്‍റെ പ്രിയ കൂട്ടുകാരി സിയയുണ്ട്. പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ തന്നെ ഹോട്ടല്‍ മുറിയിലേക്ക് ചിരിയുടെ പ്രസരിപ്പോടെ എനിക്കായുള്ള ബ്രേക്ഫാസ്റ്റുമായാണ് അവള്‍ കടന്നുവന്നത്. പാലക്കാട് വിടും വരെ അവളുടെ സ്നേഹകവചം എന്നെ വലയം ചെയ്തിരുന്നു.
ഇഴഞ്ഞും വലിഞ്ഞും നമ്മള്‍ ജീവിച്ചു പോകാന്‍ ശ്രമിച്ച ആ കാലങ്ങളില്‍ ഒരു ചുവടു മുന്നോട്ടു നടക്കുന്ന നമ്മളെ നാലു ചുവടു പിന്നോട്ടു വലിച്ചിരുന്ന ചിലരെ ഓര്‍മയില്ലേ… എനിക്കുമുണ്ട് എന്‍റെ ജീവിതത്തില്‍ അത്തരം ചില ‘വിശിഷ്ടവ്യക്തിത്വ’ങ്ങളുടെ സാന്നിധ്യം. നമ്മുടെ പ്രിയപ്പെട്ടവരെ നമ്മളില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ശ്രമിക്കുന്ന കംസന്മാര്‍, മുലക്കണ്ണില്‍ പകയുടെ വിഷം പുരട്ടി നമ്മളെ സ്നേഹിക്കാനെത്തുന്ന ചില പൂതനമാര്‍. ബന്ധുതയുടെ ബാധ്യത കൊണ്ടോ, നാളെ ഒരിക്കല്‍ അവര്‍ നമ്മെ സ്നേഹിക്കുമെന്നു കരുതിയോ, നമ്മുടെ ശരികള്‍ തിരിച്ചറിയപ്പെടുമെന്നു കരുതിയോ ഇത്ര നാള്‍ നാമവരെ സഹിച്ചു. പക്ഷേ അവര്‍ മാറിയോ… ഇല്ല എന്നാണ് ഉത്തരമെങ്കില്‍ ഇനി അവര്‍ മാറുമെന്നു കരുതി കാത്തിരിക്കേണ്ട. അവരുടെ നിഷ്ഠുരതകള്‍ നിശബ്ദം സഹിക്കേണ്ടതുമില്ല. ഒന്നുകില്‍ അറുത്തുമുറിച്ചു കളഞ്ഞേക്കുക. അതിനാവില്ലെങ്കില്‍ ശാന്തവും ശക്തവുമായ ഭാഷയില്‍ നമ്മുടെ മറുപടി കൊടുക്കാന്‍ അറയ്ക്കേണ്ട. നിങ്ങളുടെ നാവ് ഉയരില്ലെന്ന ധൈര്യമാണ് അവരുടെ ഉള്ളിലെ പകയുടെ പടുവൃക്ഷത്തിനു വളം. ആ വൃക്ഷം കെട്ടുപോകട്ടെ. അവര്‍ പൊടുന്നനെ നിസ്സഹായതയിലേക്കു ചുക്കിച്ചുളിയുന്നതു കാണാം.
പിന്നെ,
ചില സ്നേഹങ്ങളുണ്ട്.
നാമറിയാതെ നമ്മെ തൊട്ടുപോകുന്നവ. നാമവയുടെ സാന്നിധ്യം അറിയുന്നതു കൂടിയുണ്ടാവില്ല. വായു പോലെയാണത്. ഇല്ലാതാകുമ്പോള്‍ മാത്രമേ നാമതിന്‍റെ സാന്നിധ്യം അറിയൂ, മരണത്തോളം പോന്ന വെപ്രാളം അനുഭവിക്കൂ. അതിനാല്‍ ഇന്നേ ആ സ്നേഹം കണ്ടെടുക്കൂ. കാലങ്ങളുടെ അവഗണനയില്‍ അതില്‍ അല്‍പ്പം ക്ലാവ് പടര്‍ന്നിട്ടുണ്ടാകും. പൂപ്പും പായലുമുണ്ടാകാം. പക്ഷേ, തൂത്തു തുടച്ചെടുത്താല്‍ അത് പുഷ്യരാഗക്കല്ല് പോലെ ശോഭയേറും. ജീവിതം അങ്ങനെയാണ്, ചില നിമിഷങ്ങളാണ്, മാത്രകളാണ് അതിന് സൗന്ദര്യമേറ്റുന്നത്. ആ നിമിഷങ്ങള്‍ കണ്ടെത്തി പൊലിപ്പിച്ചെടുക്കുക മാത്രമേ നാം ചെയ്യേണ്ടതുള്ളു.
കടമ്മനിട്ടക്കവിത പോലെ
“വിസ്മയംപോലെ ലഭിക്കും നിമിഷത്തി-
നര്‍ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം”
[ എഴുത്തുകാരി തന്റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചത്]
https://www.facebook.com/626524021184472/posts/731652740671599?d=n&sfns=mo
Post Your Comments