റിയാദ്: കൊലപാതക കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഹോദരങ്ങള്‍ ജയിലില്‍ കഴിഞ്ഞത് 22 വര്‍ഷം. വധശിക്ഷ നടപ്പിലാക്കാന്‍ മണിക്കൂറുകള്‍ ശേഷിയ്ക്കെ ഇരുവര്‍ക്കും ജയില്‍ മോചനം .
സൗദി പൗരന്മാരായ സഹോദരങ്ങളാണ് വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട് ജയിലിന് പുറത്തെത്തിയത്. മുഹമ്മദ് അല്‍ ഗുബൈശി, സഹോദരന് സഈദ് അല്‍ ഗുബൈശി എന്നിവരാണ് വധശിക്ഷ കാത്ത് 22 വര്‍ഷവും ഏഴ് മാസവും ജയിലില്‍ കഴിഞ്ഞത്. ഒടുവില്‍ വധശിക്ഷ നടപ്പാക്കപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മാപ്പ് ലഭിച്ച് ഇരുവരും ജയില്‍ മോചിതരാവുകയായിരുന്നു.
സൗദി പൗരനായ മുഈദ് ബിന്‍ അതിയ്യ എന്നയാളുമായുള്ള തര്‍ക്കത്തിനിടെയാണ് ഇരുവരും ചേര്‍ന്ന് അയാളെ വധിച്ചത്. കേസിന്റെ വിചരണ കഴിഞ്ഞശേഷം കീഴ്കോടതി വധശിക്ഷ വിധിച്ചു. പിന്നീട് അപ്പീല്‍ കോടതിയും സൗദി സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചു. ശിക്ഷ നടപ്പാക്കാന്‍ രാജാവിന്റെ അനുമതിയും ലഭിച്ചു. എന്നാല്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായി സംസാരിക്കാനും മധ്യസ്ഥ ശ്രമങ്ങള്‍ക്കായും ശിക്ഷ നടപ്പാക്കുന്നത് പിന്നീട് നീട്ടിവെയ്ക്കുകയുമായിരുന്നു.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി സംസാരിക്കാന്‍ അല്‍ ബാഹ ഗവര്‍ണര്‍ ഡോ. ഹുസാം ബിന്‍ സൗദി രാജകുമാരന് തന്നെ നേരിട്ട് രംഗത്തിറങ്ങി. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ കൊല്ലപ്പെട്ടയാളുടെ മാതാവിനെയും മക്കളെയും വീട്ടിലെത്തി കണ്ട് സംസാരിച്ചു. ഇതോടെയാണ് ബന്ധുക്കള്‍ മാപ്പ് നല്കാന് തയ്യാറായത്.
Post Your Comments